കണ്ണൂർ : സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം. 1963ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറക്കടുത്തുള്ള കൈതപ്രം എന്ന ഗ്രാമത്തില്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടേയും (കണ്ണാടി ഭാഗവതര്‍), അദിതി അന്തര്‍ജ്ജനത്തിന്റെയും ഇളയ മകനായി ജനിച്ചു.
തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം നേടി. കരിനീലക്കണ്ണഴകീ, കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം, നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട്, സാറേ സാറേ സാമ്പാറേ, ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയമായവയാണ്. കണ്ണകി, തിളക്കം, ദൈവനാമത്തില്‍, ഉള്ളം, ഏകാന്തം, മധ്യവേനല്‍, നീലാംബരി, ഓര്‍മ്മ മാത്രം എന്നീ ചിത്രങ്ങളിലാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.
ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ള വിശ്വനാഥൻ സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള 2001 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായി 1963 ൽ കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ് ജനനം. മാതമംഗലം ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽനിന്നു ഗാനഭൂഷണം പാസായി. മാതമംഗലം സ്‌കൂളിലും നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും സംഗീതാധ്യാപകനായിരുന്നു. പിന്നീട് പയ്യന്നൂരിൽ ശ്രുതിലയ എന്ന സംഗീത വിദ്യാലയം തുടങ്ങി.
കൈതപ്രം ദാമോദരൻ നമ്പൂതിരി ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ച ജയരാജ് ചിത്രം ‘ദേശാടന’ത്തിൽ കൈതപ്രത്തിന്റെ സഹായിയായാണ് സിനിമാ പ്രവേശം. ജയരാജിന്റെ തന്നെ ചിത്രമായ ‘കണ്ണകി’യിലാണ് ആദ്യമായി സ്വതന്ത്ര സംഗീതസംവിധായകനായത്. കണ്ണകി, തിളക്കം, എകാന്തം, ദൈവനാമത്തിൽ, മധ്യവേനൽ, കൗസ്തുഭം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
കരിനീലക്കണ്ണഴകീ, ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ… (കണ്ണകി), കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം (ഏകാന്തം), നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട് (തിളക്കം,) ആടെടീ ആടാടെടീ ആലിലക്കിളിയേ (ഉള്ളം) തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങൾ. കൗസ്തുഭം എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ഗൗരി അന്തർജനം (കാഞ്ഞങ്ങാട് ആലമ്പാടി). മക്കൾ: അദിതി, നർമദ, കേശവ് (ഇരുവരും സോഫ്റ്റ് വെയർ എൻജിനീയർ).
കൈതപ്രം വിശ്വനാഥന്റെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള ചലച്ചിത്ര ഗാനങ്ങളിൽ ശാസ്ത്രീയ സംഗീതത്തിന്റെ ഭാവം പകരുന്നതിന് വിജയകരമാം വിധം ശ്രമിച്ച സംഗീത സംവിധായകനാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈതപ്രം വിശ്വനാഥന്റെ വിയോഗത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും അനുശോചിച്ചു. പരിമിതമായ സിനിമകൾ മാത്രമാണ് ചെയ്തതെങ്കിലും ചെയ്‌ത ഗാനങ്ങളിലൂടെ ആസ്വാദക പ്രീതി പിടിച്ചുപറ്റാൻ അദ്ദേഹത്തിന്റെ സംഗീതത്തിന് സാധിച്ചു. കണ്ണകിയിലെ ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്ന ഗാനമൊക്കെ മലയാളികളുടെ മനസിൽ എക്കാലവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു