സ്ത്രീ പുരുഷന്റെ കീഴില്‍ നില്‍ക്കണമെന്ന് പഠിപ്പിച്ചിരുന്ന ഒരിടത്തുനിന്ന് യൂ ടേണ്‍ എടുത്തുപോന്നു, മറന്നു പോയൊരു കാലത്തെ വാക്കുകളോടാണ് നിങ്ങൾ കലഹിക്കുന്നത്”: സരയു

വർഷങ്ങൾക്ക് മുൻപ് നടി ആനി അവതാരികയായ ഒരു ചാനല്‍ പരിപാടിയില്‍ സരയു പറഞ്ഞ വാക്കുകള്‍ അടുത്തിടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. അന്നത്തെ അഭിമുഖത്തിൽ സ്ത്രീകള്‍ എപ്പോഴും പുരുഷന്റെ കീഴില്‍ നില്‍ക്കുന്നതാണ് നല്ലത് എന്നും അങ്ങനെയുള്ളിടത്ത് പ്രശ്നങ്ങൾ കുറവാണെന്നുമാണ് സരയു പറയുന്നുണ്ട്. ആ വിഡിയോ വർഷങ്ങൾക്ക് ശേഷം വൈറലായതോടെ താരത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ രം​ഗത്തെത്തി.

എന്നാല്‍ താന്‍ അന്നത്തെ കാഴ്ചപ്പാടുകള്‍ ഇപ്പോഴും കൊണ്ടുനടക്കുന്നില്ലെന്നും ഒരുപാടു മുന്നോട്ടു സഞ്ചരിച്ചുവെന്നും വ്യക്തമാക്കിക്കൊണ്ട് സരയു കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എന്നിട്ട് ഇപ്പോഴും തുടരുന്ന വിമര്‍ശനങ്ങള്‍ എന്തിനാണെന്നും താന്‍ തന്നെ മറന്നു പോയൊരു കാലത്തെ വാക്കുകളോടാണ് വിമർശകരുടെ കലഹമെന്നും സരയു പറയുന്നു.

സ്ത്രീ പുരുഷന്റെ കീഴില്‍ നില്‍ക്കണം എന്ന് തേന്‍പുരട്ടിയ വാക്കുക്കളാല്‍ ആവര്‍ത്തിച്ചു പഠിപ്പിച്ചിരുന്ന അത്തരം ഒരിടത്തു നിന്ന് യൂ ടേണ്‍ എടുത്ത് താന്‍ പോരുകയായിരുന്നു എന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പില്‍ പറ‌യുന്നത്. അതാണ് എന്നിലെ സ്ത്രീയോട് ഞാന്‍ ചെയ്ത ഏറ്റവും സുന്ദരമായ കാര്യം എന്നും സരയു കുറിച്ചു.

സരയുവിന്റെ ഫേസ്ബുക്ക്കുറിപ്പ്

നമസ്‌കാരം,

2 ദിവസം മുന്നേ കൃത്യമായി നിലപാട് അറിയിച്ച്‌ എഴുതിയിട്ടും വര്‍ഷങ്ങള്‍ക്ക് മുന്നേ ഉള്ള ഒരു വീഡിയോ ഇപ്പോഴും ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി ഒരുക്കുന്നു എന്നറിയുന്നു… ഞാന്‍ ചിന്തകള്‍ കൊണ്ടും കാഴ്ചപ്പാടുകള്‍ കൊണ്ടും ഈ വര്‍ഷങ്ങള്‍ കൊണ്ട് കുറച്ച്‌ മുന്നിലേക്ക് പോന്നിരിക്കുന്നു…അനുഭവങ്ങളും യാത്രകളും സൗഹൃദങ്ങളും ജീവിതവും പഠിപ്പിച്ച പാഠങ്ങള്‍ കൊണ്ട്, തിരുത്തിയും, ഇടറിയും, പിടഞ്ഞെണീറ്റും, ഓടിപാഞ്ഞും സ്വന്തം ജീവിതം രൂപപ്പെടുത്തി എടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്…വീടിനുള്ളിലെ സുരക്ഷിത്വത്തില്‍ നിന്ന് കിട്ടിയ ഇടുങ്ങിയ ചിന്ത അല്ലായിരുന്നു വിഡിയോയിലേത്… ചെന്ന് പെട്ട ശ്വാസം മുട്ടിക്കുന്ന മറ്റിടങ്ങള്‍ ഉണ്ടായിരുന്നു….

സ്ത്രീ പുരുഷന്റെ കീഴില്‍ നില്‍ക്കണം എന്ന് തേന്‍പുരട്ടിയ വാക്കുക്കളാല്‍ ആവര്‍ത്തിച്ചു പഠിപ്പിച്ചിരുന്ന അത്തരം ഒരിടത്തു നിന്ന് യൂ ടേണ്‍ എടുത്ത് പോരുകയായിരുന്നു… അതാണ് എന്നിലെ സ്ത്രീയോട് ഞാന്‍ ചെയ്ത ഏറ്റവും സുന്ദരമായ കാര്യം…പറഞ്ഞുവന്നത് ഇത്രേ ഉള്ളു…ഞാന്‍ തന്നെ മറന്നു പോയൊരു കാലത്തെ വാക്കുകളോടാണ് നിങ്ങള്‍ കലഹിച്ചോണ്ടിരിക്കുന്നത്….എനിക്ക് ഇനിയും ഇതിന് മുകളില്‍ സമയം ചിലവഴിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല..എന്നിലെ മാറ്റങ്ങളുടെ നേര്‍ത്ത സാദ്ധ്യതകള്‍ എങ്കിലും തിരിച്ചറിഞ്ഞു നേരിട്ട് ചോദിക്കുകയും എളുപ്പത്തില്‍ ചെയ്യാവുന്ന വീഡിയോ ഷെയര്‍ ഒഴിവാക്കി 2 വരികള്‍ കൃത്യമായി, ഊര്‍ജം പകരുന്ന തരത്തില്‍ എഴുതുകയും, പലരോടും തിരുത്തി സംസാരിക്കുകയും ചെയ്ത സുഹൃത്തുക്കള്‍ക്ക് സ്‌നേഹം…

തിരിച്ചറിയുന്നു നല്ല സൗഹൃദങ്ങളെ..

Top