മെറിന്‍ ജോയിയുടെ മരണത്തിൽ അവളുടെ ആത്മാവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുന്ന പോലെയാണ് ഓരോ വാക്കുകളും..മെറിനെതിരെ മോശം പരാമര്‍ശങ്ങളും പ്രചരണങ്ങളും നടക്കുന്നുണ്ട്. സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍.
കുറിപ്പിന്റെ പൂര്‍ണരൂപം
മെറിന്റെ കൊലപാതകത്തെക്കാള്‍ വലിയ ഞെട്ടല്‍ ആണ്, അവളുടെ മരണത്തോട് പോലും കാണിക്കുന്ന ചവിട്ടി തേയ്പ്പു. അവളുടെ ആത്മാവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുന്ന പോലെയാണ് ഓരോ വാക്കുകളും.. ഒന്ന് ചോദിച്ചോട്ടെ സഹോദരന്മാരെ. ഇതേ സാഹചര്യം നമ്മുക്ക് തിരിച്ചു ആലോചിക്കാം. നമ്മുടെ കേരളത്തിലെ സഹോദരന്മാര്‍ക്ക് ആണല്ലോ ഇത്രയും പ്രതിഷേധം. അപ്പൊ ചുമ്മാ ഒരു ചോദ്യം. ജോലീം വേലേം ഒന്നുമില്ലാതെ നടന്ന ഒരുത്തന്‍, വിവാഹം കഴിഞ്ഞു ഭാര്യയുടെ സ്വര്‍ണ്ണവും പണവും കൊണ്ട് ജീവിതം കെട്ടി പൊക്കി എന്ന് ചുമ്മാ സങ്കല്‍പ്പിക്കുക.
വിവാഹ ദിവസം കഴിഞ്ഞു ഏതാനും നാള്‍ കൊണ്ട് അവളുടെ സാമ്പത്തിക നില പൂജ്യം ആക്കി മാറ്റുന്നു എന്ന് ചുമ്മാ പിന്നേം സങ്കല്‍പ്പിക്ക്. അവന്‍ വളരുംതോറും അവളെ ഒഴിവാക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുകയും, ഒടുവില്‍ അവളെയും മൂന്ന്, അല്ലേല്‍ നാല് കുഞ്ഞുങ്ങളെയും പെരുവഴിയില്‍ ആക്കുന്നു എന്ന് പിന്നേം സങ്കല്‍പ്പിക്ക്. അവള്‍ക്കും നിയമപോരാട്ടം വയ്യ.
ശാരീരികമായും മാനസികമായും തകര്‍ത്ത് തരിപ്പണം ആക്കി.. ഒന്നിനും ഇനി ആവതില്ല. അവള്‍ വിവാഹമോചനം നേടി ഇറങ്ങി. കോടതി കടലാസ്സില്‍ എഴുതിയതൊന്നും അല്ല അവള്‍ക്ക് കിട്ടിയത്. അയാള്‍ കൊണ്ട് വന്ന എല്ലാ പേപ്പറിലും അവള്‍ ഒപ്പിട്ടു കൊടുത്തു.. അപ്പുറത്ത്, ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങള്‍ക്കു ഒപ്പം ജീവിതം , അയാള്‍ കൂത്താടി ആഘോഷിക്കുന്നു.. ഈ സ്ത്രീ മുന്‍ഭാര്തതാവിനെ എന്ത് ചെയ്യണം, കൊന്ന് കളയാതിരുന്നത് അപ്പൊ വലിയ തെറ്റാകും അല്ലേ.
കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്