ആലപ്പുഴ :കൊല്ലപ്പെട്ടെന്ന് കരുതുന്ന കലയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് അറിഞ്ഞപ്പോൾ, വിദേശത്തായിരുന്ന അനിലിനെ വിവരം അറിയിച്ചുവെന്നും അനിലിന്റെ പിതാവിന്റെ മൊഴി .നടന്ന സംഭവങ്ങൾ ഒന്നും അറിയില്ലെന്നാണ് അനിലിന്റെ പിതാവ് തങ്കച്ചൻ പ്രതികരിച്ചത് .
വീട്ടിൽനിന്നു പോയ ശേഷം കല തിരിച്ചു വന്നില്ല. ഒന്നര വർഷം കഴിഞ്ഞാണ് അനിൽ നാട്ടിലെത്തിയത്. കല വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. അനിൽ കൊലപാതകം നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും തങ്കച്ചൻ പറഞ്ഞു
അതേസമയം ശ്രീകലയുടെ കൊലപാതക കേസിൽ പൊലീസിനു നിര്‍ണായക വിവരങ്ങൾ നൽകിയത് അനിലിന്റെ ബന്ധു സുരേഷ് ആണ് . 2009ൽ അനിൽ വിളിച്ചതനുസരിച്ച് താനും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടുവെന്നുമാണു സുരേഷിന്റെ മൊഴി. നേരത്തേ പ്രതിപ്പട്ടികയിലായിരുന്നെങ്കിലും സുരേഷിന് കൃത്യത്തിൽ പങ്കില്ലെന്ന് പൊലീസ് പറയുന്നു.
കല കൊല്ലപ്പെട്ടതായും അബദ്ധം പറ്റിയതാണെന്നും സുരേഷിനോട് അനിൽ പറഞ്ഞു. മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാൻ സഹായിക്കണമെന്നായിരുന്നു അനിലിന്റെ ആവശ്യം. എന്നാൽ കൊലപാതകത്തിനു കൂട്ടു നിൽക്കാനാവില്ലെന്ന് അറിയിച്ച് സുരേഷ് മടങ്ങി. മറ്റുള്ളവര്‍ ചേര്‍ന്ന് മൃതദേഹം മറവു ചെയ്തു. കൊലപാതക വിവരം പുറത്തു പറയാതിരുന്നത് അനിലിന്റെ ഭീഷണി ഭയന്നായിരുന്നുവെന്നും സുരേഷ് പറഞ്ഞു. കേസിലെ പരാതിക്കാരനും സുരേഷാണ്.
അതേസമയം മാന്നാറിൽ 15 വർഷം മുൻപ് കാണാതായ കല കൊല്ലപ്പെട്ടെന്ന് പൊലീസ് പറയുമ്പോഴും അമ്മ ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് മകൻ. അമ്മ ജീവനോടെയുണ്ടെന്ന് ഉറപ്പുണ്ടെന്നും അമ്മയെ തിരിച്ചു കൊണ്ട് വരുമെന്നും മകൻ പ്രതികരിച്ചു. വൈകാരികമായിരുന്നു മകന്റെ പ്രതികരണം. താൻ പ്ലസ് വൺ വിദ്യാർത്ഥിയാണെന്നും ഇന്നലെ സംഭവമറിഞ്ഞതിന് ശേഷം സ്‌കൂളിൽ പോയില്ലെന്നും സഹ വിദ്യാർത്ഥികൾക്കിടയിൽ മാനം നഷ്ടമായെന്നും മകൻ സങ്കടത്തോടെ പറഞ്ഞു. അമ്മയെ ഈ അടുത്ത് കണ്ടിരുന്നോ എന്ന ചോദ്യത്തിന് കാണാതായ ശേഷം കണ്ടില്ല എന്നും എന്നാൽ എവിടെയോ അമ്മ ജീവിച്ചിരിക്കുന്നുണ്ട് എന്നും മകൻ പറഞ്ഞു.
അതേ സമയം വാർത്ത കേട്ടതിലുള്ള മാനസിക ബുദ്ധിമുട്ട് മൂലമുള്ള വൈകാരിക പ്രതികാരമാണ് മകന്റേതെന്ന നിഗമനത്തിലാണ് പൊലീസ്. കലയുടെ കൊലപാതകം സ്ഥിരീകരിച്ച പൊലീസ് ഭർത്താവ് അനിലിനെ ഒന്നാം പ്രതിയാക്കി എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇസ്രയേലിൽ ജോലിയിലുള്ള അനിലിനെ നാട്ടിലേക്ക് തിരിച്ചുകൊണ്ട് വരാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കലയുടെ മൃതദേഹം കാറിൽ കൊണ്ട് പോയി മറവ് ചെയ്തതെന്ന് സംശയിക്കുന്ന ജിനു, പ്രമോദ്, സോമൻ എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികൾ.