മണിയുടെ മരണം സ്വാഭാവികമല്ല? വിഷ മദ്യം കഴിച്ചതായി റിപ്പോര്‍ട്ടുകള്‍; മണിയ്ക്ക് വേണ്ടി മദ്യമെത്തിച്ചവര്‍ ആരെല്ലാം? കേസില്‍ നിര്‍ണ്ണായക തെളിവ് പുറത്ത്

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സ്വാഭാവീകമല്ലെന്ന കണ്ടെത്തിയ പുതിയ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. കേസന്വേഷണം സിബി ഐയ്ക്ക് കൈമാറാനിരിക്കെയായിരുന്നു കേന്ദ്രലാബില്‍ നിന്ന് പുതിയ പരിശോധനാ ഫലം ലഭിച്ചിരിക്കുന്നത്.

കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം ക്രമാതീതമായ അളവിനേക്കാള്‍ കൂടുതലാണെന്നാണ് ഹൈദരാബാദിലെ കേന്ദ്ര ലാബിലെ കണ്ടെത്തല്‍. 45 മില്ലിഗ്രാം മെഥനോള്‍ ശരീരത്തിലുണ്ടായിരുന്നു. അതായത് വ്യാജ മദ്യം ഉള്ളില്‍ ചെന്നാണ് കലാഭവന്‍ മണിയുടെ മരണമെന്നാണ് കേന്ദ്ര ലാബിലെ പരിശോധനാ ഫലം. കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയതിനേക്കാള്‍ അളവില്‍ മെഥനോള്‍ ഉണ്ടായിരുന്നുവെന്നാണ് കേന്ദ്ര ലാബിലെ അന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ കലാഭവന്‍ മണിയുടെ മരണം സ്വാഭാവികമെന്ന വാദവും അപ്രസക്തമാകും.

കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. കരള്‍ രോഗമുള്ള മണിക്ക് സ്വാഭാവിക രോഗമെത്തിയതാണ് മരണ കാരണമെന്നാണ് വിലയിരുത്തിയത്. കേസ് എഴുതി തള്ളാനും ശ്രമം നടന്നു. എന്നാല്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും മണിയുടെ കുടുംബം ഉറച്ചു നിന്നു. സിബിഐ അന്വേഷണത്തിനുള്ള വാദവും ശക്തമായി. സര്‍ക്കാര്‍ മാറി ഇടതുപക്ഷം എത്തിയതോടെ ഇടത് അനുഭാവി കൂടിയായ മണിയുടെ മരണത്തില്‍ സംശയം ദൂരീകരിക്കാന്‍ തീരുമാനിച്ചു. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് സിബിഐയ്ക്ക് അന്വേഷണം വിടാനും തീരുമാനിച്ചു. അപ്പോഴും മരണം സ്വാഭാവികമാണെന്നായിരുന്നു പൊലീസിന്റെ നിലപാട്. അതിനിടെയാണ് കേന്ദ്ര ലാബിലെ വിശദ പരിശോധനാ ഫലം പുറത്തുവരുന്നത്.

Top