കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭികതയുള്ളതായി സൂചന. കഴിഞ്ഞ ദിവസം വൈകിട്ടാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണി കഴിച്ച മദ്യത്തില്‍ മെഥനോള്‍ കലര്‍ന്നിരുന്നതായാണ് സൂചന. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകുന്നേരം 7.15 നായിരുന്നു 45 കാരനായ മണിയുടെ അന്ത്യം. ആദ്യഘട്ടത്തില്‍ കരള്‍ രോഗം മൂലമാണ് മരണമെന്നാണ് ആശുപത്രി അധികൃതരും ഡോക്ടര്‍മാരും വിശദീകരിച്ചത്.
എന്നാല്‍ നേരത്തെ മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി ആശുപത്രിയില്‍ നിന്ന് എന്ന പേരില്‍ ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു ഫോണ്‍ കോള്‍ ചെന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മണിയുടെ മൊഴിയെടുക്കാന്‍ പോലീസ് ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും അവര്‍ എത്തും മുന്‍പേ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന മണി മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണകാരണം വ്യക്തമാകാന്‍ മണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ അനുശോചിച്ചു.കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. കലാരംഗത്തെ വാഗ്ദാനം ഇല്ലാതായി.കലാഭവന്‍ മണി ബഹുമുഖ പ്രതിഭയായിരുന്നു. ജനകീയനായിരുന്നു. വേര്‍പാടില്‍ ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ഫാന്‍സിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു, പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കലാഭവന്‍ മണി അവതരിപ്പിച്ച നാടന്‍ പാട്ടുകളിലൂടെയും മികച്ച വേഷങ്ങളിലൂടെയും ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തികഞ്ഞ പ്രതിബദ്ധതയുള്ള കലാകാരനായിരുന്നു കലാഭവന്‍ മണി എന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടമാണ് കലാഭവന്‍ മണിയുടെ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ താഴെ തട്ടില്‍ നിന്നുയര്‍ന്ന് വന്ന് സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മണിക്ക് കഴിഞ്ഞുവെന്ന് മാത്രമല്ല നാടന്‍ പാട്ടുകള്‍ ഉള്‍പ്പെടെയുള്ള തനത് കലാരൂപങ്ങളെ ജനകീയമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്ന് മന്ത്രി രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എളിയ നിലയില്‍ കലാപ്രവര്‍ത്തനം ആരംഭിച്ച് പിന്നീട് ചലച്ചിത്രരംഗത്തെത്തി അവിടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച കലാകാരനായിരുന്നു കലാഭവന്‍ മണിയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മണ്ണിന്റെ മണം മനസ്സില്‍ സൂക്ഷിക്കുകയും മാനവികതയോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്ത പ്രതിഭാധനനാണ് കലാഭവന്‍ മണിയെന്ന് സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ ഇബ്രാഹിം കുഞ്ഞ്, എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. ബാബു, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
മലയാളത്തിന് നഷ്ടമായിരിക്കുന്നത് ശക്തനായ നടനെയാണെന്ന് മമ്മുട്ടി പറഞ്ഞു. മോഹന്‍ലാലും മണിയുടെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. വിശ്വസിക്കാനാവാത്ത വിയോഗമാണിതെന്ന് നടന്‍ ജയറാം പറഞ്ഞു. ഉറ്റ സുഹൃത്തിനെ നഷ്ടമായ വേദന പറഞ്ഞറിയിക്കാനാവില്ലെന്ന് നടന്‍ ദിലീപ് പറഞ്ഞു.
ഒരു നടനെക്കാളധികം വലിയൊരു കലാകാരന്റെ സവിശേഷതകളായിരുന്ന കലാഭവന്‍ മണിക്ക്. പാട്ടും കളിയും കൂട്ടുമായി നാടന്‍ കലാകാരനു വേണ്ടതെല്ലാം.നിത്യ ദാരിദ്ര്യത്തിന്റെ സമ്പന്നതയില്‍ പാടത്തും പറമ്പിലും പണിയെടുത്തുനേടിയത്. കലാഭവന്‍ മണിയായപ്പോഴും സിനിമാക്കാരനായപ്പോഴും ആ വലിയ ചെറുത് മണിയോടൊപ്പമുണ്ടായിരുന്നുവെന്നതാണ് അദ്ദേഹത്തെ മലയാളി നെഞ്ചില്‍ ചേര്‍ക്കാന്‍ കാരണം. വെള്ളിവെളിച്ചത്തിലും പാടവരമ്പും പുഴയും കുളവും പൂരവും മേളവും മറക്കാത്ത പച്ചമനുഷ്യന്‍. ഒരു പക്ഷേ മലയാളത്തില്‍ ഒരു സിനിമാക്കാരനും ഇല്ലാത്തത്ര നാട്ടു പച്ചയുടെ ആയിരക്കണക്കിനു കഥകളാകും മണിയെക്കുറിച്ചു പറയാനുണ്ടാകുക.
ആദ്യം ജീവിതത്തിന്റെ തുടിതാളം.പിന്നെ നാടന്‍ പാട്ടിന്റെ ആത്മതാളം.അനുകരണകല അനുഗ്രഹിച്ചപ്പോള്‍ ദാരിദ്ര്യത്തിന്റെ നൊമ്പരപ്പാടത്തിനു പതുക്കെ ശമനമുണ്ടാകുകയായിരുന്നു.മിമിക്രി വഴി കലാഭവനിലേക്ക്. അതു സിനിമയെന്ന വലിയ ഭവനിലേക്കുള്ള വഴിയായി. അപ്പോഴും വന്നവഴി മറന്നില്ല മണി. പേരിനൊപ്പം കലാഭവനും കൂടെപ്പോന്നു. അനുകരണകലയുടെ ആശാന്‍മാരിലൊരാളായി മണി. നാടന്‍പാട്ട് പഴമയിലും ഓര്‍മയിലും പുസ്തകത്താളിലുമായി പതുങ്ങി നിന്നപ്പോള്‍ അതിനെ കാസറ്റിലൂടെയും സിനിമയിലൂടെയും പുതിയ കാലത്തിലേക്കുകൊണ്ടുവന്ന് പ്രചരിപ്പിക്കാന്‍ മണിക്കു കഴിഞ്ഞു.
മിന്നല്‍ വേഗതയായിരുന്നു മണിയുടെ സിനിമാ വളര്‍ച്ചയ്ക്ക്്. ജനകീയ താരമായിരുന്നു മണി.
വേഷങ്ങളും ജനകീയമായിരുന്നു. മലയാളത്തില്‍ അടുത്തകാലത്തൊന്നും അങ്ങനെയൊരു ജനകീയതയുണ്ടായിട്ടില്ല. ചിരിപ്പിച്ചും കരയിപ്പിച്ചും പേടിപ്പിച്ചുമൊക്ക മണിചെയ്ത വേഷങ്ങളെല്ലാം സ്വാഭാവികമായിരുന്നു. ജീവിതത്തില്‍ കരഞ്ഞുകരഞ്ഞു ചിരിച്ചതാണു മണി. ശക്തിയുടെ പ്രതീകമായിരുന്ന നടന്‍.അദ്ദേഹത്തിന്റെ ചില ഉശിരന്‍ കഥാപാത്രങ്ങള്‍ ഇതില്‍ നിന്നുള്ള പകര്‍ന്നാട്ടമാണ്. സിബി മലയിലിന്റെ അക്ഷരങ്ങളില്‍ തുടങ്ങിയ ആ നീണ്ട വളര്‍ച്ചയും ഉയര്‍ച്ചയും തമിഴ്,തെലുങ്ക് സിനിമകളിലേക്കുമായപ്പോള്‍ ദക്ഷിണേന്ത്യന്‍ നടനായി മണി.
അന്ധന്‍,മൂകബധിര വേഷങ്ങള്‍ മണിയുടെ കൈയില്‍ ഭദ്രമായിരുന്നു. മണിക്കു മുന്‍പു പിന്‍പും ഇത്തരം വേഷങ്ങളില്‍ മറ്റാരും അത്രത്തോളം തിളങ്ങിയിട്ടില്ല. അദ്ദേഹത്ത കൂടുതല്‍ ജനകീയനാക്കിയതും ഇത്തരം വേഷങ്ങളായിരുന്നു. നാടന്‍ വേഷങ്ങളുടെ ശരീരഭാഷയുള്ള നടന്‍. എല്ലാവരു താരമാകാന്‍ തിരക്കിടുമ്പോള്‍ നടനായിമാത്രം നിന്നൊരാള്‍. വേഷം അഴിച്ചു വെക്കുമ്പോഴും നമ്മുടെചില താരങ്ങള്‍ അങ്ങനെ തന്നെ നിലകൊള്ളുന്നവരാണ്. പക്ഷേ വേഷം കഴിഞ്ഞ് തൊട്ടടുത്ത നിമിഷം മണി തനി ചാലക്കുടിക്കാരനാകും. നമമ്ുടെ കൂടെയുള്ള നമ്മളിലൊരാളാകും.
സിനിമാതാരങ്ങളാകാന്‍ ഏതോ പ്രത്യേക ജനുസില്‍ ജനിക്കണമെന്നു തെറ്റിദ്ധരിച്ച മലയാളിയെ അതാരിലും വന്നുചേരാമെന്ന സര്‍സാധാരണ തത്വം ബോധ്യപ്പെടുത്തിയ നടനാണ് കലാഭവന്‍ മണി. കലയിലെ സര്‍വസാധാരണക്കാരന്‍. അതാണ് മണിയുടെ മരണത്തില്‍ നമ്മള്‍ തേങ്ങുന്നതും നടുങ്ങുന്നതും.ഭൂമിയില്‍ സ്ത്രീ പ്രസവിച്ച മനുഷ്യന്‍ അല്‍പ്പായുസുള്ളവനാകുന്നു.അവന്‍ പൂപോലെ കൊഴിഞ്ഞു പോകുന്നു. നിലനില്‍ക്കാതെ നിഴല്‍പോലെ ഓടിപ്പോകുന്നു.എന്നിട്ടും നാം ചോദിച്ചുപോകുന്നു,മണിക്കത്ര പ്രായമായോ പോകാന്‍.സിനിമാക്കാരെന്തേ ഈയിടെയായി പെട്ടെന്ന്…നമ്മളറിയാത്ത ഏതോ വെള്ളിത്തിര അവര്‍ക്കായി കാത്തിരിക്കുന്നുണ്ടാവുമോ.