കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം

കലാഭവന്‍ മണി മരിച്ചിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം. മലയാള സിനിമയില്‍ കലാഭവന്‍ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന്‍ മലയാളവും കടന്ന് അന്യ ഭാഷകള്‍ക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേര്‍ത്തുവച്ചിരുന്നു. അതേസമയം മണിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. നാടന്‍പാട്ടിനെ ജനകീയമാക്കിയതില്‍ മണിക്കുള്ള പങ്ക് വലുതാണ്. കേരളത്തിലെ നാടന്‍ പാട്ടുകളും രസമുള്ള ഈണങ്ങളും കണ്ടെടുത്ത് പുനരാവിഷ്‌കരിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ മണിനടത്തിയിട്ടുണ്ട്.ഓരോ സിനിമയുടെ സെറ്റില്‍ പോകുമ്പോഴും അവിടുത്തെ നാടന്‍ പാട്ടുകാരെ, വൈകുന്നേരം മുറിയിലെത്തിക്കും. നേരം പുലരുന്നതുവരെ പാടി രസിക്കും,അതില്‍ നിന്ന് പുതിയൊരീണം പിറക്കും. അങ്ങനെയാണ് പല പാട്ടുകളും പിറന്നത്. പാവങ്ങളായ രോഗികള്‍ക്ക് മരുന്ന്,ചികിത്സ,ചാലക്കുടിയില്‍ വായനശാല, സ്‌കൂള്‍ ബസ്,ഓണത്തിനും ക്രിസ്മസിനും 150 കുടുംബങ്ങള്‍ക്ക് 5 കിലോ സൗജന്യ അരി,പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള സഹായം എന്നിവയെല്ലാം മണിയെന്ന മനുഷ്യന്റെ നന്മകളായിരുന്നു. അടിമാലിയിലെ ഒരു യുവാവിന്റെ കിഡ്‌നി മാറ്റിവെക്കാന്‍ സഹായിക്കാന്‍ മണി അവിടെ ഒരു പ്രോഗ്രാം പെട്ടെന്ന് നടത്തി 10 ലക്ഷം സ്വരൂപിച്ചു. കൈനീട്ടി മുന്നിലെത്തുന്നവനെ ഒരിക്കലും മടക്കി അയച്ചില്ല. അതുകൊണ്ട് തന്നെ എന്നും ചാലക്കുടിയിലെ മണികൂടാരം എന്ന വീടിനുമുന്നില്‍ പാവങ്ങളുടെ നീണ്ടനിരയുണ്ടാകും. 2016 മാര്‍ച്ച് ആറിനാണ് മണി മരിച്ചത്. പാഡിയില്‍ കുഴഞ്ഞു വീണ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്ന് മുതല്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. മദ്യവും വിഷാംശവും കണ്ടെത്തിയതില്‍ ഉയര്‍ന്ന സംശയത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തില്‍ സിബിഐ കേസ് ഏറ്റെടുത്തു. മണിയുടെ സിനിമ ബന്ധങ്ങളും സൗഹൃദങ്ങളും സംശയ നിഴലിലായ കേസില്‍ നുണപരിശോധന ഉള്‍പ്പെടെ നടന്നെങ്കിലും കാര്യമായ തെളിവൊന്നും പൊലീസിന് ലഭിച്ചില്ല.

Top