ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ വെളിപ്പെടുത്തലുകളായി പാകിസ്താന്‍ പുറത്തുവിട്ട വീഡിയോ വിശ്വാസ യോഗ്യമല്ലെന്ന് ഇന്ത്യ. പാകിസ്താന്റെ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇത്തരം പ്രചാരണങ്ങളില്‍ ആശ്ചര്യപ്പെടാനില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. ഒരാളെ തടവിലിട്ടിട്ട് അയാളെക്കൊണ്ട് സ്വന്തം ക്ഷേമം സാക്ഷ്യപ്പെടുത്തുന്ന പാക് നടപടിയെക്കുറിച്ച് ഇന്ത്യക്കൊന്നും പറയാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാകിസ്താന്‍ നിര്‍ബന്ധിച്ച് പറയിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് വീഡിയോയിലുള്ളത്. ഇത്തരം പ്രാചരണ തന്ത്രങ്ങള്‍ക്ക് യാതൊരു വിശ്വാസ്യതയുമില്ല. തടവില്‍ കഴിയുന്നയാളെക്കൊണ്ട് താന്‍ സന്തുഷ്ടനാണെന്ന് നിര്‍ബന്ധിച്ച് പറയിക്കുന്നതിനെപ്പറ്റി ഒന്നും പ്രതികരിക്കാനില്ല. രാജ്യാന്തര സമൂഹത്തോടുള്ള ബാധ്യത നിറവേറ്റാന്‍ പാകിസ്താന്‍ തയ്യാറാകണം. ഇന്ത്യന്‍ പൗരന്റെ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കാന്‍ പാടില്ല. കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുയാണ് വേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
പാക് അധികൃതര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് കുല്‍ഭൂഷണ്‍ വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോയാണ് പാക് വിദേശകാര്യമന്ത്രാലയം ഇന്ന് പുറത്തുവിട്ടത്. വീഡിയോയില്‍ ജാദവ് പാകിസ്താന് നന്ദി പറയുന്നുണ്ട്. ഭാര്യയോടും മാതാവിനോടും പാകിസ്താന്‍ അധികൃതര്‍ മാന്യമായി പെരുമാറിയെന്നും എന്നാല്‍ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അവരെ തന്റെ മുന്നില്‍ വച്ച് ശകാരിച്ചതായും ജാദവ് പറയുന്നു. ഭാര്യയും മാതാവും ഭയപ്പെട്ടതുപോെല തനിക്ക് തോന്നി. ഇരുവരെയും കാണാനായതില്‍ താന്‍ സന്തോഷവാനാണ്. താന്‍ ഇപ്പോഴും ഇന്ത്യന്‍ നാവികോദ്യോഗസ്ഥനാണെന്നും വീഡിയോയില്‍ ജാദവ് അവകാശപ്പെടുന്നുണ്ട്.ഡിസംബര്‍ 25നാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യയും അമ്മയും പാകിസ്താനിലെത്തിയത്.