വസ്ത്ര വില്‍പ്പന ഭീമനായ കല്യാണ്‍ സില്‍ക്‌സില്‍ ക്രിസ്മസ് ന്യൂഇയര്‍ വില്‍പ്പനയുടെ ഭാഗമായി വന്‍ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. ക്രിസ്തുമസ് ന്യൂഇയര്‍ ഓഫറുകളിലാണ് തട്ടിപ്പ് നടത്തുന്നത്. കല്യാണിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നതായി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യത്തിലെ കേംബോ ഓഫറിലാണ് തട്ടിപ്പ്. ഒരു സാരിക്ക് മൂന്നെണ്ണം കിട്ടുന്ന ത്രീ ഇന്‍ വണ്‍ കോംബോ ഓഫര്‍ ‘ഇതിലും വലിയ കോമ്പോ ഓഫര്‍ സ്വപ്നങ്ങളില്‍ മാത്രം’ എന്ന പരസ്യ വാചകവുമായാണ് ഇത് പ്രത്യക്ഷപ്പെടുന്നത്.
നടന്‍ പൃഥ്വിരാജിനെ മുന്‍നിര്‍ത്തി ചെയ്യുന്ന പരസ്യ പ്രകാരം കോമ്പോ ഓഫറില്‍ 299 രൂപയ്ക്ക് മൂന്നു സാരികളാണ് നല്‍കുന്നത്. എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ ദീപാവലി-പൊങ്കല്‍ വിശേഷ ദിനങ്ങളോടനുബന്ധിച്ച് ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത സാരികളാണ് ഇങ്ങനെ വിറ്റഴിക്കുന്നതെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇവ തമിഴ്നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി കൊടുത്ത സാരികളും. തമിഴ്നാട് സര്‍ക്കാര്‍ പാവങ്ങള്‍ക്ക് നല്‍കിയ മുദ്രപതിച്ച സാരികള്‍ തന്നെയാണ് കല്യാണില്‍ വിറ്റഴിക്കുന്നതെന്ന് മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുന്നു.
പാലക്കാടുള്ള കല്യാണ്‍ സില്‍ക്സിന്റെ ഷോറൂമില്‍ നിന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ മാസം ആറിന് ബില്‍ നമ്പര്‍. 35635 പ്രകാരം കോഡ് നമ്പര്‍ 181319594, 181320478, 181318857 പ്രകാരം എം.ആര്‍.പി. 127 രൂപ വിലയിട്ട സാരികള്‍ ഒന്നിന് 99.67 രൂപ പ്രകാരം മൂന്നെണ്ണം 299.01 രൂപക്ക് വിറ്റതിന്റെ രേഖകള്‍ പുറത്ത വന്നു. GST NO:32AABCK5929J1ZH ഇന്ത്യന്‍ സമയം 1:36 PMനാണ് ഈ ബില്‍ അടിച്ചിരിക്കുന്നത്. ഈ ബില്ലിന്മേലുള്ള അന്നേ ദിവസത്തെ ക്യാഷ് കളക്ഷന്‍ സ്ലിപ്പും ഉണ്ട്.
പാലക്കാടുള്ള ഉപഭോക്താവിന് ലഭിച്ച ബില്ലിലെ കോഡ് നമ്പര്‍ 181319594, 181320478, 181318857 കോട്ടന്‍ സാരികളുടെ ചിത്രങ്ങളാണ് ഞങ്ങള്‍ ഈ വാര്‍ത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്നത്. ചിത്രത്തില്‍ തമിഴ് എഴുത്തും മുദ്രയുമൊക്കെ പതിപ്പിച്ച സാരികള്‍ കാണാം. തമിഴ്നാട് സര്‍ക്കാര്‍ ദീപാവലി-പൊങ്കല്‍ വിശേഷ ദിനങ്ങളോട് അനുബന്ധിച്ച് ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത ഈ സാരികളിന്മേല്‍ തമിഴില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ‘സൗജന്യ മുണ്ട്-സാരി വിതരണ പദ്ധതി’ സംഘത്തിന്റെ റജി.നമ്പര്‍: ടൈപ്പ്; ബാച്ച് നമ്പര്‍: കോപ്ട്ടെക്സ്.
ഇതോടെയാണ് എങ്ങനെ തമിഴ്നാട സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന വസ്ത്രം കല്യാണ്‍ പോലൊരു സ്ഥാപനത്തില്‍ കോമ്പോ ഓഫറില്‍ വില്‍ക്കുന്നത് എന്ന ചോദ്യം ഉയര്‍ന്നത്. കല്യാണ്‍ സില്‍ക്സ് വസ്ത്രങ്ങള്‍ സാധാരണക്കാര്‍ക്ക് എത്തിക്കാന്‍ ചുമതലപ്പെടുത്തിയ സംഘങ്ങള്‍ വഴി സ്വന്തമാക്കി എന്നു കരുതേണ്ടി വരും. ‘സൗജന്യ മുണ്ട്-സാരി വിതരണ പദ്ധതി’ പ്രകാരമുള്ള സാരികള്‍ എങ്ങനെ കല്യാണ്‍ സില്‍ക്സ് ഉടമ സ്വന്തമാക്കി എന്നതിന് വിശദമായ അന്വേഷണം വേണ്ടിവരും.
ഒരു പക്ഷെ തമിഴ്നാട് സര്‍ക്കാര്‍ മുഖാന്തിരമാവാം അതുമല്ലെങ്കില്‍ തമിഴ്നാട് സര്‍ക്കാരിനുവേണ്ടി ഈ മുണ്ടുകളും സാരികളും നിര്‍മ്മിച്ചു നല്‍കിയ തുണി മില്ലുകള്‍ വഴിയാവാം ഇവ കല്യാണ്‍ സില്‍ക്സിന്റെ ഷോറൂമുകളില്‍ എത്തിയതെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്. രണ്ട് വഴിക്കായാലും ഇവിടെ അഴിമതിയുടെ നിഴല്‍ ഉണ്ടുതാനും. അതേസമയം വില്‍പ്പന നടത്തിയിരിക്കുന്നത് നിയമവിധേയമായി തന്നെയാണ്. എംആര്‍പി രേഖപ്പെടുത്തിയും നിയമപ്രകാരമുള്ള നികുതികളും ചമുത്തിയാണ് വസ്ത്രവില്‍പ്പന. ഇങ്ങനെ വില്‍ക്കുന്ന വസ്ത്രങ്ങളില്‍ എങ്ങനെ സര്‍ക്കാര്‍ മുദ്രവന്നുവെന്ന് പറയേണ്ടി വരും.
തമിഴ്ഭാഷാ സ്വാധീനമുള്ള പാലക്കാട് ജില്ലയില്‍ തന്നെ സൗജന്യ മുണ്ട് – സാരി വിതരണ പദ്ധതിയുടെ വസ്ത്രങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ച കല്യാണിന്റെ തൊലിക്കട്ടി സമ്മതിച്ചേ മതിയാകൂ എന്നാണ് ഉയരുന്ന ആക്ഷേപം. പാവങ്ങള്‍ക്ക് നല്‍കുന്ന വസ്ത്രങ്ങള് അവരിലേക്ക് എത്തുന്നുണ്ടോ എന്ന ആശങ്കയും ഇതോടെ ഉയരുന്നുണ്ട്. തൃശൂര്‍ അടക്കം കല്യാണ്‍ സില്‍ക്സിന്റെ മറ്റു ഷോറൂമുകളിലും കോമ്പോ ഓഫര്‍ പ്രകാരം വില്‍പ്പന നടക്കുന്നുണ്ട്. ഇങ്ങനെ വിറ്റതും തമിഴ്നാട് ലേബല്‍ ഒട്ടിച്ച വസ്ത്രങ്ങളാണോ എന്നാണ് ഇനി അറിയേണ്ടത്.