കെ.എസ്.ആര്‍.ടി.സി.യുടെ കല്യാണവണ്ടി വീണ്ടും ഓടിത്തുടങ്ങും; 7 കണ്ടക്ടര്‍മാര്‍ ജീവിത സഖികളെ കണ്ടെത്തിയത് ഇതേ ബസില്‍

കെ.എസ്.ആര്‍.ടി.സി.യുടെ ‘കല്യാണവണ്ടി’ എന്നറിയപ്പെടുന്ന ബസ് വീണ്ടും ഓടിത്തുടങ്ങി. എം.പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച മൂന്നാര്‍ ഡിപ്പോയില്‍നിന്ന് അടിമാലി മുരിക്കാശ്ശേരി വഴി കുയിലിമലയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസാണ് വിണ്ടും ഓടി തുടങ്ങിയത്.

ഈ ബസില്‍ പലപ്പോഴായി കണ്ടക്ടര്‍മാരായി വന്ന ഏഴുപേര്‍ തങ്ങളുടെ ജീവിത സഖികളെ കണ്ടെത്തിയത് ഇതേ ബസിലെ യാത്രക്കാരികളില്‍ നിന്നാണ്. അതോടെ നാട്ടുകാരിട്ട പേരാണ് കല്യാണവണ്ടി. 2002ലാണ് മൂന്നാര്‍ ഡിപ്പോയില്‍നിന്ന് ഇടുക്കി കളക്ടറേറ്റ് സ്ഥിതിചെയ്യുന്ന കുയിലിമലയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിക്കുന്നത്. 16 വര്‍ഷം മുമ്പാണ് ബസിനകത്തെ ആദ്യത്തെ പ്രണയവും കല്യാണവും നടക്കുന്നത്. ബസിലെ കണ്ടക്ടറായി വന്ന മൂവാറ്റുപുഴ സ്വദേശി രാജു ബസില്‍ സ്ഥിരമായി യാത്രചെയ്തിരുന്ന മുരിക്കാശ്ശേരി പാവനാത്മാ കോളേജിലെ വിദ്യാര്‍ത്ഥിനി സിജിയുമായി പ്രണയത്തിലായി. ചിന്നാറുകാരിയാണ് സിജി. ഇപ്പോള്‍ രണ്ടുകുട്ടികളുമായി സന്തുഷ്ട കുടുംബജീവിതം നയിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ബസില്‍നിന്ന് രണ്ടാമത്തെ ജീവിതസഖിയെ കണ്ടെത്തുന്നത് നോര്‍ത്ത് പറവൂരുകാരന്‍ ഉമേഷാണ്. ചിന്നാറില്‍നിന്ന് അടിമാലിയില്‍ പഠിക്കാന്‍ പോയിരുന്ന ചിത്ര ഈ ബസിലെ യാത്രക്കാരിയായിരുന്നു. ആ കണ്ടുമുട്ടല്‍ പ്രണയത്തിലായി, ഒടുവില്‍ വിവാഹവും. തടിയംപാട് കര്‍ഷക ക്ഷേമനിധി ഓഫീസിലെ ജീവനക്കാരിയായിരുന്നു പതിനാറാംകണ്ടംകാരി ഷെമീറ. ബസിലെ കണ്ടക്ടറായിരുന്ന രാജേഷുമായി പ്രണയത്തിലായി. പിന്നീട് രജിസ്റ്റര്‍ വിവാഹം. ഷെമീറ ഇപ്പോള്‍ അടിമാലി ലോട്ടറി ഓഫീസിലെ ജീവനക്കാരിയാണ്.

മൂന്നാര്‍ ഡിപ്പോയില്‍നിന്ന് എംപാനല്‍ പട്ടികയില്‍പെട്ട 41 കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. കല്ലാര്‍കുട്ടിക്ക് സമീപം അഞ്ചാംമൈലില്‍ നിന്ന് 11 പെണ്‍കുട്ടികള്‍ മുരിക്കാശ്ശേരി പാവനാത്മാ കോളേജിലേക്ക് ബസില്‍ കയറും. എല്ലാവരുടെയും ടിക്കറ്റുകള്‍ രേഷ്മ എന്ന കുട്ടിയെടുക്കും. ഒടുവില്‍ കണ്ടക്ടറായിരുന്ന സിജോമോനും രേഷ്മയും തമ്മില്‍ പ്രണയത്തിലായി. മൊബൈല്‍ വഴിയായിരുന്നു പ്രണയം. നാലു വര്‍ഷത്തിന് ശേഷം ഇവര്‍ വിവാഹിതരായി. മുരിക്കാശ്ശേരി സ്വദേശി ശ്രീജിത്ത് വിവാഹം കഴിച്ചതും ഈ ബസിലെ സ്ഥിരം യാത്രക്കാരിയെയായിരുന്നു.

തോക്കുപാറയില്‍ നിന്ന് ബസില്‍ കയറി അടിമാലിയില്‍ ഇറങ്ങുന്ന ആതിര ടീച്ചറുമായി ശ്രീജിത്ത് പ്രണയത്തിലായി. 2015ലായിരുന്നു ഇവരുടെ വിവാഹം. ഇതേരീതിയില്‍ രണ്ടു കണ്ടക്ടര്‍മാര്‍ കൂടി വിവാഹിതരായവരുടെ പട്ടികയിലുണ്ട്. പക്ഷേ, അവര്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഇതില്‍ ശ്രീജിത്തും രാജേഷും സിജോമോനും എംപാനല്‍ കണ്ടക്ടര്‍മാരായിരുന്നു. ഇപ്പോള്‍ 7പേര്‍ മാത്രമാണ് പി.എസ്.സി വഴി പുതിയതായി ചാര്‍ജെടുത്തത്.

Top