പിരിച്ചു വിട്ടിട്ടും പ്രതികാരം തീരുന്നില്ല: ജോലി നഷ്ടമായ ജീവനക്കാരെ കല്യാൺ സിൽക്ക്‌സ് പിൻതുടർന്ന് ആക്രമിക്കുന്നു; ജോലിയിൽ തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ കുടിൽകെട്ടി സമരം

സ്വന്തം ലേഖകൻ

തൃശൂർ: ജീവനക്കാരോടുള്ള കല്യാൺ സിൽ്ക്ക്‌സിന്റെ പെരുമാറ്റം നാൾക്കൂനാൾ മോശമാകുന്നതിനിടെ വീണ്ടും തൃശൂർ കല്യാൺ സിൽക്ക്‌സിനു മുന്നിൽ ജീവനക്കാരുടെ നിൽപ്പു സമരം. കല്ല്യാൺ സാരീസിന്റെ തൃശ്ശൂർ ഷോറൂമിൽ നിന്ന് പിരിച്ചുവിട്ട വനിത തൊഴിലാളികളാണ് കഴിഞ്ഞ ദിവസം ഷോറൂമിന് മുന്നിൽ പന്തൽ കെട്ടി സമരം ആരംഭിച്ചു. 2014 ഡിസംബറിലെ പിരിച്ചുവിടൽ ശ്രമം സമരം ചെയ്ത് തോൽപ്പിച്ച അതേ തൊഴിലാളികളാണ് ഇപ്പോൾ കല്ല്യാണിന്റെ പ്രതികാര നടപടിക്ക് പാത്രമായിരിക്കുന്നത്. ജോലിയിൽ തിരിച്ചെടുക്കുന്നതിനായി സമരം ഏതറ്റം വരേയും കൊണ്ടുപോകാനും തങ്ങൾക്ക് മടിയില്ലെന്ന സമര നേതാവ് മായ പറഞ്ഞു.
കല്ല്യാൺ സാരീസ് തൊഴിലാളികളുമായി ഉണ്ടാക്കിയ കാരാർ ലംഘിച്ചുകൊണ്ടാണ് ഇപ്പോൾ ഞങ്ങളെ പിരിച്ചുവിട്ടിരിക്കുന്നത്. മായ പറയുന്നു. ഇനി ജോലിയിൽ തിരിച്ചെടുക്കുന്നതിന് ഏതറ്റം വരെയും സമരം ചെയ്യാൻ തയ്യാറായിട്ടാണ് ഞങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ആറു പേരും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. സ്വാമിയുടെ കച്ചവടം പൂട്ടിക്കാനല്ല ഈ സമരം, ഞങ്ങൾക്ക് ജീവിക്കാൻ വേണ്ടിയാണ്. 7200 സർക്കാർ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരുന്ന സമയത്ത് കല്ല്യാൺ തന്നിരുന്നത് 4500 രൂപയാണ്. സമരം ചെയ്താണ് അത് 7200 ആക്കിയത്. സർക്കാർ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളം ഞങ്ങളുടെ അവകാശം ആണ്. അത് ലഭിക്കാനായി നോട്ടീസ് കൊടുത്തു. അതുകൊണ്ടാണ് മുമ്പ് ഉണ്ടാക്കിയ കരാർ ലംഘിച്ചുകൊണ്ട ഞങ്ങളെ പിരിച്ചുവിട്ടത്- മായ കൂട്ടിച്ചേർത്തു.
കല്ല്യാൺ അടക്കമുള്ള മാനേജ്മെന്റ് തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. വാർത്ത മാധ്യമങ്ങളും കല്ല്യാണിന്റെ പണക്കൊടുപ്പിന്റെ മുന്നിൽ മുട്ടുകുത്തിയിരിക്കുകയാണ്. നിരാഹാരം കിടക്കേണ്ടിവന്നാലും സമരത്തിൽ നിന്ന് പിന്നോട്ട് പോവില്ല. സമരത്തിൽ ഏർപ്പെട്ട തൊഴിലാളി അൽഫോൻസ പറയുന്നു. 2014 ഡിസംബറിലാണ് 4500 രൂപ മാസവേതനത്തിൽ ജോലിചെയ്ത് വരുന്ന 6 തൊഴിലാളികളെ വിവിധ സ്ഥലങ്ങളിലേക്ക് കല്ല്യാൺ് സിൽക്സ് മാനേജ്മെന്റ് സ്ഥലം മാറ്റിയത്. ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ ആറു തൊഴിലാളികൾ സമരം ആരംഭിച്ചു. നാല് മാസം നീണ്ട സമരത്തിന് ശേഷം ആറ് തൊഴിലാളികളും മാനേജ്മെന്റും തമ്മിൽ കാരാർ ഉണ്ടാക്കി. ചെറൂർ ആരംഭിച്ച ഡിപ്പോയിലേക്ക് ഇവർക്ക് ജോലി നൽകി. ഏതെങ്കിലും കാരണവശാൽ ഡിപ്പോ പ്രവർത്തന രഹിതമായാൽ ആറ് തൊഴിലാളികളേയും തൃശ്ശൂർ ഉള്ള യൂണിറ്റിലേക്ക് നിയമിക്കുമെന്നും കരാറിൽ വ്യവസ്ഥ ഉണ്ടായിരുന്നു.
2017 മാർച്ച് മാസം പുതുക്കിയ അടിസ്ഥാന ശമ്പളം തരണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് കൊടുത്തു. ഏപ്രിൽ മാസം 10 മുതൽ ജോലിക്ക് വരെണ്ടന്ന് പറഞ്ഞാണ് മാനേജ്മെന്റ് കത്ത് നൽകിയത്. ഇതോടെയാണ് ചൊവ്വാഴ്ച മുതൽ തൊഴിലാളികൾ എ.ഐ.ടി.യു.സി ഷോപ്പ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്ത്വത്തിൽ സമരം ആരംഭിച്ചത്. തൊഴിലാളികളെ തിരിച്ചെടുക്കും വരെ സംഘടന സമര രംഗത്ത് ഉണ്ടാവുമെന്നും, വിഷയത്തിൽ സമാന ചിന്താഗതിക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും സമരത്തിനു പിൻതുണ അർപ്പിച്ച് സിഐടി.യു.സി സംസ്ഥാന സെക്രട്ടറി അറിയിച്ചു.
എഐടിയുസിയും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. കല്ല്യാൺ സാരീസിലെ സ്ത്രീ പീഡനം അവസാനിപ്പിച്ച് പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുന്നതിന് സർക്കാർ അടിയന്തിര നടപടിയെടുക്കണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു. സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചിരിക്കുന്ന സംഭവം സംസ്ഥാന വനിതാ കമ്മീഷൻ അന്വേഷിച്ച് തൊഴിലാളികളെ തൊഴിലിൽ തിരിച്ചെടുക്കാൻ നടപടി സ്വീകരിക്കണം. സംസ്ഥാന തൊഴിൽ വകുപ്പും അന്വേഷമം നടത്തി സ്ത്രീകളോടുള്ള വഞ്ചനയും ചതിയും പീഡനവും പുറത്തുകൊണ്ടുവരണം. തൊഴിലാളികളുമായി ഒപ്പുവെച്ച കരാർ മാറ്റിയെഴുതി തൊഴിലാളികളെ പിരിച്ചുവിടാൻ കോടതിയിൽ കള്ളക്കരാർ സമർപ്പിച്ച തൊഴിലുടമക്കെതിരേ സർക്കാർ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റേയും തൊഴിൽ വകുപ്പിന്റെയും ശ്രദ്ധയിൽ വിഷയം ഉന്നയിച്ചതായും നേതാക്കൾ പറഞ്ഞു. കടുത്ത സാമ്പത്തിക പരാധീനകളാൽ ഡിപ്പോ നഷ്ടത്തിലാണെന്നും അതുകൊണ്ട് ഡിപ്പോ പൂട്ടുകയാണെന്നുമാണ് കല്ല്യാൺ മാനേജുമെന്റിന്റെ വാദം. എന്നാൽ കല്ല്യാൺ സാരീസിന്റെ മറ്റ് ഷോറൂമുകളിലേക്ക് ജീവനക്കാരെ ഷിഫ്റ്റ് ചെയ്യാമെന്നിരിക്കേ അതും ചെയ്തിട്ടില്ല. ഡിപ്പോ അടച്ചുപൂട്ടുകയാണെങ്കിൽ നിയമപ്രകാരം സർക്കാരിനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിൽ അതും സ്ഥാപനമുടമ പാലിച്ചിട്ടില്ല. ലേബർ വകുപ്പിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലേബർ ഓഫിസർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും കല്ല്യാൺ സാരീസിന്റെ പ്രതിനിധികളാരും പങ്കെടുക്കാത്തതിനാൽ ചർച്ച നടന്നില്ലെന്നും എഐടിയുസി നേതാക്കൾ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top