
മീററ്റ്: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് പറഞ്ഞ കമലഹാസനെ വെടിവച്ച് കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭാ നേതാവ്. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും ഹിന്ദുമഹാസഭാ നേതാവ് പണ്ഡിറ്റ് അശോക് ശര്‍മ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കമല്‍ഹാസന്‍ തമിഴ് വാര്‍ത്താ വാരികയിലെ പംക്തിയിലൂടെ വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാവില്ല. വലത് സംഘടനകളില്‍ തീവ്രവാദത്തിന്റെ സ്വാധീനമുണ്ട് തുടങ്ങിയ പരാമര്‍ശങ്ങളാണ് കമല്‍ഹാസന്‍ നടത്തിയത്.
‘കമലിനെയും അദ്ദേഹത്തെപ്പോലുള്ളവരെയും ഒന്നുകില്‍ വെടിവെച്ചു കൊല്ലണം അല്ലെങ്കില്‍ തൂക്കിക്കൊല്ലണം. എന്നിരുന്നാല്‍ മാത്രമേ ഇക്കൂട്ടര്‍ പഠിക്കുകയുള്ളൂ. ഞങ്ങളുടെ സംഘടനയിലെ അംഗങ്ങളാരും ഇനി മേലില്‍ കമലിന്റെ സിനിമകള്‍ കാണില്ല. എല്ലാ ഇന്ത്യക്കാരും അദ്ദേഹത്തെ ബഹിഷ്‌കരിക്കണം’- ശര്‍മ പറഞ്ഞു.
വര്‍ഗീയ ശക്തികളുടെ വളര്‍ച്ച ദ്രാവിഡ പരമ്പര്യത്തെ ഇല്ലാതാക്കിയില്ലേ എന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കമല്‍ഹാസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ താരം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണന്നാവശ്യപ്പെട്ട് ബിജെപി, ആര്‍സ്എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.