ആമിയില്‍ വിദ്യാബാലനായിരുന്നെങ്കില്‍ ലൈംഗീകത കടന്ന് വരുമായിരുന്നെന്ന് കമല്‍; പിന്‍മാറിയത് അനുഗ്രഹമായി നഷ്ടബോധമില്ല

വിവാദങ്ങളുടെ പരമ്പര തീര്‍ത്ത ചിത്രമായിരുന്നു കമല്‍ സംവിധാനം ചെയ്ത ആമി. ചിത്രത്തില്‍ കമല സുരയ്യയുടെ റോളില്‍ എത്തേണ്ടിയിരുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിദ്യാബാലനായിരുന്നു. എന്നാല്‍ വിദ്യാ പിന്‍മാറുകയും മഞ്ജു വാര്യര്‍ ആമിയാകുകയുമാണ് ഉണ്ടായത്. ആമിയില്‍ വിദ്യാബാലന് വേണ്ടി കരുതിവെച്ചിരുന്ന മാധവിക്കുട്ടിയെയല്ല മഞ്ജു ചെയ്തതെന്നും വിദ്യ ചെയ്തിരുന്നെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നുവരാന്‍ സാധ്യതുണ്ടായിരുന്നെന്നും കമല്‍ പറയുന്നു.

‘വിദ്യാബാലന് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു പാര്‍ട്ട് ആയിരുന്നു അത്. പക്ഷെ മഞ്ജുവിലേക്ക് എത്തുമ്പോള്‍ സാധാരണ തൃശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട സാഹിത്യക്കാരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു. ആ പരിചിത കഥാകാരിയാവാന്‍ വിദ്യാ ബാലനെക്കാള്‍ കഴിയുന്നത് മഞ്ജുവിന് തന്നെയാണ്’- അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെയ്ക്ക് ഓവര്‍ ശരിയാകുമോ എന്ന ആശയക്കുഴപ്പം ഉള്ളതുകൊണ്ടാണ് മഞ്ജുവിനെ ആദ്യമേ കാസ്റ്റ് ചെയ്യാതിരുന്നതെന്നും പക്ഷെ മഞ്ജു ശരിക്കും വിസ്മയിപ്പിച്ചു കളഞ്ഞെന്നും കമല്‍ പറയുന്നു.

രണ്ട് ദിവസത്തിനുള്ളില്‍ മഞ്ജു, മാധവിക്കുട്ടിയായി മാറി. വലിയ തിരുത്തലുകളൊന്നും വേണ്ടി വന്നില്ല. ആ തീഷ്ണതയും സങ്കീര്‍ണതയുമൊക്കെ മഞ്ജു അനായാസം ചെയ്തു. ശരിക്കും അവര്‍ അത്ഭുതപ്പെടുത്തുകയായിരുന്നു.

ഇപ്പോള്‍ തിരിഞ്ഞ് ചിന്തിക്കുമ്പോള്‍ വിദ്യ പിന്‍മാറിയത് ദൈവാനുഗ്രഹമായി കാണുന്നു. ഞാന്‍ ആഗ്രഹിച്ച മാധവിക്കുട്ടിയെ കുറച്ചുകൂടി നല്ല രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ സന്തോഷവും സമാധാനവും ഉണ്ട്. അതുകൊണ്ട് തന്നെ വിദ്യ പിന്‍മാറിയതില്‍ നഷ്ടബോധമില്ല.- കമല്‍ പറയുന്നു.

ഈ സിനിമ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇപ്പോഴല്ലെങ്കില്‍ പിന്നീട് ആ സിനിമ ചെയ്യാനോ ചെയ്തിട്ടോ കാര്യമില്ല. ഇനി റിലീസാകുന്ന സമയത്ത് വിവാദങ്ങള്‍ക്ക് സാധ്യതയുണ്ട്.

വര്‍ഗീയ ഫാസിസ്റ്റികള്‍ക്ക് മാധവിക്കുട്ടിയുടെ അവസാന കാലഘട്ടങ്ങള്‍, പ്രത്യേകിച്ച് കമല സുരയ്യയിലേക്കുള്ള മാറ്റം അംഗീകരിക്കാന്‍ പറ്റില്ല. അതാണ് ഈ വിവാദങ്ങളുടെ ഒക്കെ പ്രധാന കാരണം എന്ന് തോന്നുന്നു. പക്ഷെ മാധവിക്കുട്ടിയുടെ ജീവിതം പറയുമ്പോള്‍ ഇതൊന്നും മാറ്റി നിര്‍ത്താനാവില്ലെന്നും കമല്‍ പറയുന്നു.

Top