കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കടുത്ത ഹൃദ്രോഗം കാനത്തിന്‍റെ ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.
കോട്ടയം ജില്ലയിലെ കാനം സ്വദേശി വി കെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10ന് ജനിച്ച രാജേന്ദ്രൻ എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവേശിക്കുന്നത്. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
1982ലും 1987ലുമായിരുന്നു അത്. ആദ്യം എം കെ ജോസഫിനെയും പിന്നീട് പി സി തോമസിനെയുമാണ് തോൽപിച്ചത്. 1991ൽ രാജീവ്ഗാന്ധി വധത്തിനു ശേഷമുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. പിന്നീടു രണ്ടു തവണ കൂടി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1996ൽ കെ നാരായണക്കുറുപ്പിനോടും 2006ൽ അദ്ദേഹത്തിന്റെ മകൻ എൻ ജയരാജിനോടും പരാജയപ്പെട്ടു. 2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറി ആയി. എഐടിയുസി സംസ്ഥാന സെക്രട്ടറി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ കൈകാര്യം ചെയ്തിട്ടുണ്ട്.ഭാര്യ – വനജ. മക്കൾ – സ്മിത, സന്ദീപ്.