പ്രശാന്ത് കിഷോറിന്റെ നീക്കം വിജയത്തിൽ ! കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഈമാസം കോണ്‍ഗ്രസില്‍ ചേരും.സിപിഐ അങ്കലാപ്പിൽ !

ന്യുഡൽഹി: സിപിഐയുടെ കരുത്തനായ യുവ നേതാവ് കോൺഗ്രസിൽ ചേരും .ഹെറാൾഡ് ന്യുസിനു കിട്ടുന്ന സൂചനകൾ പ്രകാരം കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഈ മാസം അവസാനം കോണ്‍ഗ്രസില്‍ ചേരും.തെരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറിന്റെ തന്ത്രപരമായ നീക്കമാണ് ഇവരെ കോൺഗ്രസിൽ എത്തിക്കുന്നത് . രണ്ടു ദിവസം മുമ്പ് ഇരുവരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ് കനയ്യ കുമാര്‍. ജിഗ്നേഷ് മേവാനി ഗുജറാത്തില്‍ എം.എല്‍.എയാണ്. രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ കനയ്യയെ കണ്ടിരുന്നു. കനയ്യ പാര്‍ട്ടി വിടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ കനയ്യയെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ശക്തമാക്കിയതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

തെരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസ് യുവ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കമാരംഭിച്ചത്. ദേശീയ തലത്തില്‍ ജനപ്രിയനേതാക്കളുടെ അഭാവം കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് മറികടക്കാനാണ് യുവനേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നീക്കമാരംഭിച്ചത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍ ശക്തമായ സംഘപരിവാര്‍ വിരുദ്ധ നിലപാടുകളിലൂടെയാണ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെഗുസറായി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഗുജറാത്തിലെ ദളിത് നേതാവായ ജിഗ്നേഷ് മേവാനി മികച്ച ജനപിന്തുണയുള്ള യുവമുഖമാണ്. രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എന്ന സംഘടനയുടെ കീഴില്‍ ദലിത് പ്രശ്‌നങ്ങളില്‍ ഇടപെട്ടാണ് മേവാനി ശ്രദ്ധേയനായത്. നിലവില്‍ വഡ്ഗാം മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top