ദില്ലി: സ്മൃതി ഇറാനിയെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയില്‍ നിന്ന് ടെക്സ്റ്റെല്‍ മന്ത്രിയാക്കി നിയമിച്ചതിനെ വിമര്‍ശിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറെത്തി. ഏതു വകുപ്പിലേക്ക് സ്മൃതി ഇറാനി മാറിയാലും തെറ്റ് ഇല്ലാതാവില്ലെന്നാണ് കനയ്യ പറഞ്ഞത്.
ഈ സ്ഥലം മാറ്റം കേവലം രാഷ്ട്രീയ കളികള്‍ മാത്രമാണ്. സ്മൃതി ഇറാനിയെ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റി മന്ത്രി ആക്കിയത് കൊണ്ട അവര്‍ ചെയ്ത തെറ്റുകള്‍ ഇല്ലാതാവുന്നില്ല. പ്രത്യേകിച്ച് രോഹിത് വെമുല വിഷയത്തോട് ചെയ്തത് ഒട്ടും ചെറുതായി കാണാന്‍ സാധിക്കുകയില്ല. പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ട്, ഹൈദരാബാദ് യൂണിവേഴ്സിറ്റി, ജെ.എന്‍.യു ഇവിടെയൊക്കെ നടന്ന സമരങ്ങളില്‍ അവരുയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ കാരണം ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് ഇപ്പോഴും നീതി കിട്ടിയിട്ടില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു.
പുതുതായി മാനവ വിഭവ ശേഷി മന്ത്രിയായി ചുമതലയേറ്റ പ്രകാശ് ജാവദേക്കറിനെയും കനയ്യ പരാമര്‍ശിച്ചു. സ്മൃതി ഇറാനിയുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് പുതിയ മന്ത്രി പറഞ്ഞിരിക്കുന്നത്. എന്താണവര്‍ ചര്‍ച്ച ചെയ്യുക. ദളിത് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയെ കുറിച്ചാണോ അതോ യോഗ്യതയില്ലാത്ത മേധാനികളെ നിയമിക്കുന്നതിനെ കുറിച്ചോ അതോ വിദ്യാര്‍ത്ഥികളെ അക്രമിക്കുന്നതിനെ കുറിച്ചോയെന്നും കനയ്യ ചോദിച്ചു. ഈ ചോദ്യങ്ങളുടെ മറുപടി പുതിയ മന്ത്രി വ്യക്തമാക്കിയിട്ടില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു.