
ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ തുറന്നേക്കും. സെപ്തംബറില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതിനായുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് പ്രഭു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡല്‍ഹിയില്‍ പ്രതിനിധിയെ നിയോഗിക്കണമെന്നും സുരേഷ് പ്രഭു പറഞ്ഞു.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കുന്നതിന് സംസ്ഥാനത്തിന്റെ ഒരു പ്രതിനിധിയെ ഡല്‍ഹിയില്‍ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുരേഷ് പ്രഭു മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കേരളത്തിന്റെ എല്ലാ മേഖലയ്ക്കും കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി വാണിജ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകള്‍ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.