ഡിസംബര്‍ 9ന് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം 

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9ന്. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡിജിസിഎ അനുവദിച്ചിരുന്നു. അതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. 3,050 മീറ്റര്‍ റണ്‍വെയാണ് ഇപ്പോഴുളളത്. അത് 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്.

യാത്രക്കാര്‍ക്കുളള ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. വിമാനത്താവളത്തിനകത്ത് തന്നെ നല്ല സൗകര്യമുളള ഹോട്ടലും ഒരുക്കിയിട്ടുണ്ട്. 24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിംഗ് മെഷീനുകളും സജ്ജമായി കഴിഞ്ഞു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും. ഇതിന്റെ പുറമെ 4 ഇ-വിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമാണ്. 6 ഏറോ ബ്രിഡ്ജുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുളളത്. ബോയിംഗ് 777 പോലുളള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്. 20 വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാം. വാഹനപാര്‍ക്കിംഗിന് വിശാലമായ സൗകര്യമുണ്ട്. 700 കാറുകളും 200 ടാക്‌സികളും 25 ബസ്സുകളും ഒരേ സമയം പാര്‍ക്ക് ചെയ്യാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top