കണ്ണൂര്‍: ഹോട്ടലില്‍ പരിചയമില്ലാത്ത ആള്‍ ചായ കുടിക്കുന്നതും ഊണ് പാര്‍സല്‍ വാങ്ങുന്നതും ഹോട്ടലുടമകള്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ കണ്ണൂര്‍ ഭാഗത്ത് ഇനിയങ്ങനെയല്ല. കാരണം ഒരു കള്ളനെ പേടിച്ചിട്ടാണ്..നിരവധി ഹോട്ടലുടമകളില്‍ നിന്ന് പണം തട്ടി പോലീസിന് പിടി കൊടുക്കാതെ വിലസി നടക്കുകയാണ് ‘ഹോട്ടല്‍ കള്ളന്‍’.
കുടുക്കിമൊട്ടയിലും പരിസരത്തുമുള്ള ഹോട്ടലുടമകളാണ് ഒരാഴ്ച്ചക്കിടയില്‍ കബളിപ്പിക്കപ്പെട്ടത്. രൂപത്തില്‍ മധ്യവയസ്‌കനെന്ന് തോന്നുന്ന ഒരാളാണ് ഹോട്ടലുകളില്‍ നിന്നു പണം വാങ്ങി മുങ്ങിയത്. ഇയാള്‍ തട്ടിപ്പ് നടത്തുന്ന രീതിയും വ്യത്യസ്തമാണ്. ഹോട്ടലുടമകള്‍ക്ക് പെട്ടെന്ന് മനസിലാക്കാന്‍ കഴിയത്തുമില്ല.
രാവിലെ തന്നെ ഹോട്ടലിലെത്തും. ഒരു ചായ പറയും. ചായ കുടിക്കുന്നതിനിടെ ചൂടു കുറവാണെന്നോ മധുരം പോരെന്നോ മറ്റോ പറഞ്ഞു ഹോട്ടലുടമയുടെ ശ്രദ്ധയാകര്‍ഷിക്കും. ഇവിടെ അടുത്താണ് ജോലി ചെയ്യുന്നതെന്നും ഉച്ചയ്ക്ക് 5 ഊണും 5 പൊരിച്ച മത്തിയും പാര്‍സല്‍ വേണമെന്നും പറഞ്ഞു ഹോട്ടലുടമയുമായി അയാള്‍ വിശ്വാസം ഉറപ്പിക്കും. പിന്നീട് ചായയുടെ പൈസ കൊടുത്തു പുറത്തിറങ്ങുന്നതിനിടെ ഇരുന്നൂറോ മുന്നൂറോ രൂപ ആവശ്യപ്പെടും. ഉച്ചയ്ക്കു പാര്‍സല്‍ വാങ്ങാന്‍ എത്തുമ്പോള്‍ തിരിച്ചുതരുമല്ലോ എന്ന ധാരണയില്‍ ഹോട്ടലുടമകള്‍ പണം നല്‍കും. പിന്നെ ഇയാളെ ആ പരിസരത്തേ കാണില്ല. ജോലി സ്ഥലവുമില്ല.
കുടുക്കിമൊട്ടയിലെ പ്രവാസി ഹോട്ടലില്‍ നിന്നു കഴിഞ്ഞ ദിവസം 300 രൂപയും കേരള ഹോട്ടലില്‍ നിന്ന് 200 രൂപയും ഇയാള്‍ വാങ്ങിയിരുന്നു. നമിത ഹോട്ടലില്‍ ചെന്നിരുന്നെങ്കിലും ചില്ലറയില്ലാത്തതിനാല്‍ തട്ടിപ്പു നടന്നില്ല. പലയിടത്തായി തട്ടിപ്പു നടന്ന സാഹചര്യത്തില്‍ പ്രദേശത്തെ ഹോട്ടലുടമകളോടു ജാഗ്രത പാലിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നു പ്രവാസി ഹോട്ടല്‍ ഉടമ പി.സി.വിജയന്‍ പറഞ്ഞു.