ഉമ്മന്‍ചാണ്ടിക്ക് രക്ഷയില്ല; ഉമ്മന്‍ചാണ്ടിയുടെ അറിവോടെ മദ്രസകള്‍ ക്രമരഹിതമായി ശതകോടികള്‍ കൈപ്പറ്റിയെന്ന് സിഎജി

madrassa

തിരുവനന്തപുരം: അഴിമതികളുടെയും ക്രമേക്കേടുകളുടെയും ഭരണചരിത്രമേ ഉമ്മന്‍ചാണ്ടിക്ക് പറയാനുണ്ടാകുകയുള്ളൂ. ഒന്നിനു പിറകെ ഓരോന്നായി ഉമ്മന്‍ചാണ്ടിയെ ചവിട്ടി താഴ്ത്തി കൊണ്ടിരിക്കുകയാണ്. പരിശോധനകളൊന്നുമില്ലാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ പല കാര്യങ്ങളും ചെയ്തു കൂട്ടിയെതെന്നാണ് റിപ്പോര്‍ട്ട്.

നാലു വര്‍ഷം കൊണ്ട് മദ്രസകള്‍ ക്രമരഹിതമായി ശതകോടികള്‍ കൈപ്പറ്റിയെന്ന് സിഎജി റിപ്പോര്‍ട്ട്. മദ്രസകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഉദ്ദേശിച്ച് 2009ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ‘സ്‌കീം ഫോര്‍ പ്രൊവൈഡിങ് ക്വാളിറ്റി എജൂക്കേഷന്‍ ഇന്‍ മദ്രസ’ പദ്ധതി പ്രകാരമാണ് അര്‍ഹതയില്ലാതിരുന്നിട്ടും സംസ്ഥാനത്തെ മദ്രസകള്‍ പണം വാങ്ങിയത്. മാര്‍ഗ്ഗരേഖകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ക്കു ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി കത്തയച്ച കാര്യവും സിഎജി റിപ്പോര്‍ട്ടിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍, ഉദ്യോഗസ്ഥ തലത്തിലുള്ള അനാസ്ഥ പ്രകടമായിരുന്നെങ്കില്‍ മദ്രസകള്‍ക്ക് ആനുകൂല്യം വാങ്ങിച്ച് കൊടുക്കുന്ന കാര്യത്തില്‍ അവിഹിതമായ താത്പര്യമാണ് മുസ്ലീം ലീഗ് ഉള്‍പ്പെട്ട കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റ് കാട്ടിയത്. പദ്ധതിപ്പണത്തില്‍ നിന്നുള്ള അദ്ധ്യാപകരുടെ പ്രതിഫലവിഹിതം നേരിട്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമെന്ന ചട്ടം മറികടന്ന് ശമ്പളം മദ്രസാ അധികൃതര്‍ക്കു കൈമാറാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവിനെ സിഎജി എടുത്തുപറഞ്ഞ് വിമര്‍ശിക്കുന്നു. ഈ പണം അദ്ധ്യാപകര്‍ക്കു തന്നെ ലഭിച്ചോ എന്ന് ഉറപ്പുവരുത്തുക സാധ്യമല്ലാത്ത സ്ഥിതിക്ക് ഉത്തരവിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും സംശയാസ്പദമാണ്. മുസ്ലീം സംഘടനകളെ പ്രീണിപ്പിക്കുന്ന കാര്യത്തില്‍ എല്ലാ വ്യവസ്ഥകളെയും കാറ്റില്‍പ്പറത്തിയാണ് ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കിയ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടു പോയത് എന്നാണ് ഈ വിമര്‍ശനങ്ങള്‍ വ്യക്തമാക്കുന്നത്.
സാധാരണ സ്‌കൂളുകളില്‍ പോകാതെ മതപഠനം മാത്രം ലക്ഷ്യമാക്കിയുള്ള മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി തലത്തില്‍ ശാസ്ത്രം, ഗണിതം, സാമൂഹ്യപാഠം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ദേശീയ വിദ്യാഭ്യാസ സംവിധാനത്തിന് അനുഗുണമായ പരിശീലനം നല്‍കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയിലായിരുന്നു, ക്രമക്കേട്. വരുമാനം ആര്‍ജ്ജിക്കുന്നതിനു സഹായിക്കുന്ന തൊഴില്‍ പരിശീലനം നല്‍കാനും പദ്ധതിയില്‍ പണം നീക്കിവച്ചിരുന്നു.

സംസ്ഥാന തലത്തിലുള്ള ഗ്രാന്‍ഡ് ഇന്‍ എയ്ഡ് കമ്മിറ്റികള്‍ മദ്രസകള്‍ സമര്‍പ്പിക്കുന്ന അപേക്ഷ പരിശോധിച്ചു ശുപാര്‍ശ നല്‍കുന്ന മുറയ്ക്കായിരുന്നു കേന്ദ്രം പണം അനുവദിച്ചിരുന്നത്. പൊതുവിദ്യാഭ്യാസം ലഭിക്കാന്‍ അല്ലാത്തപക്ഷം സാധ്യതയില്ലാത്ത വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്ന പൂര്‍ണ്ണസമയ മദ്രസകള്‍ക്കു മാത്രമായിരുന്നു ധനസഹായത്തിന് അര്‍ഹത.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്‍ഡ്-ഇന്‍-എയ്ഡ് കമ്മിറ്റി വേണ്ടത്ര പരിശോധനകള്‍ നടത്താതെ നല്‍കിയ ശുപാര്‍ശകളിലൂടെ 2010-14 വര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് 93.85 കോടി രൂപ സംസ്ഥാനത്തെ മദ്രസകള്‍ അനധികൃതമായി കൈവശപ്പെടുത്തിയതായാണ് സിഎജി കുറ്റപ്പെടുത്തുന്നത്. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നും ഇക്കാര്യത്തില്‍ എസ്ജിഐഎസി അംഗങ്ങളായ കേരളസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഉത്തരവാദികളാണെന്നും സിഎജി റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാനം ഗൗരവകരമായ നടപടി കൈക്കൊള്ളണമെന്നും ശിപാശയുണ്ട്. കൂടാതെ വീഴ്ച കണ്ടെത്തുന്നതില്‍ അലംഭാവം കാട്ടിയ എസ്ജിഐഎസിയിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയുടെ പരാജയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും നിര്‍ദ്ദേശിക്കുന്നു.

പദ്ധതിയുടെ മാര്‍ഗരേഖയ്ക്കു വിധേയമായല്ല, സംസ്ഥാനത്തെ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ കേന്ദ്ര ഗ്രാന്‍ഡ്-ഇന്‍-എയ്ഡ് കമ്മിറ്റി (ഇഏകഅഇ) 2015 സെപ്റ്റംബറില്‍ അവയ്ക്കുള്ള സഹായധനം നിഷേധിച്ചിരുന്നു. എന്നിട്ടും ഒക്ടോബറില്‍ കേന്ദ്ര സഹായം തുടരാന്‍ ആവശ്യപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കേന്ദ്രത്തിനു കത്തെഴുതി. കേരളത്തിലെ മദ്രസകള്‍ അവധി ദിവസങ്ങളിലും ഔദ്യോഗിക പ്രവര്‍ത്തിസമയത്തിനു പുറത്തും മാത്രമാണു പ്രവര്‍ത്തിക്കുന്നത് എന്ന് ആ കത്തില്‍ തുറന്നുസമ്മതിക്കുന്നു. ഹ്രസ്വവേളയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന മദ്രസകളിലെ പഠനത്തിനു പുറമേ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മുഖ്യധാരാ വിദ്യാഭ്യാസം പ്രാപ്തമാണെന്നും കത്തില്‍ പറയുന്നു.

പദ്ധതിപ്രകാരം 2010-11 കാലഘട്ടത്തില്‍ മാത്രം മാനദണ്ഡങ്ങള്‍ ലംഘിച്ച് 547 മദ്രസകള്‍ക്ക് 22.67 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. 2011-12 വര്‍ഷത്തില്‍ പദ്ധതിയിലേക്ക് സംസ്ഥാനത്ത് ആകെയുള്ള 2551 മദ്രസകളില്‍ 1462 മദ്രസകളും അപേക്ഷ നല്‍കി. അപേക്ഷിച്ച എല്ലാ മദ്രസകള്‍ക്കും സര്‍ക്കാര്‍ ധനസഹായം ലഭിച്ചിട്ടുണ്ട്. 2013-14 വര്‍ഷത്തില്‍ 71.18 കോടി രൂപയാണ് മദ്രസകള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ അനര്‍ഹമായി നേടിക്കൊടുത്തത്. കേന്ദ്രം അനുവദിക്കുന്ന പല പദ്ധതികളുടെയും പണം ലാപ്സാക്കി കളയുന്ന സമയത്താണ് ഈ ഉത്സാഹം എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. മുസ്ലീം സംഘടനകളെ കൂടെ നിര്‍ത്താനുള്ള രാഷ്ട്രീയ അടവായി കേന്ദ്ര പദ്ധതിയെ മാറ്റിയെടുക്കുകയായിരുന്നു, സംസ്ഥാനം. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖയ്ക്ക് അനുസൃതമായാണോ 2010-15 കാലയളവില്‍ പദ്ധതി നടപ്പാക്കിയത് എന്ന പരിശോധനയാണ് 2015 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി സിഎജിയുടെ നേതൃത്വത്തില്‍ നടത്തിയത്.

പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്റ്റര്‍ ഓഫ് പബ്ലിക് ഇന്‍സ്റ്റ്രക്ഷന്‍ (ഡിപിഐ) എന്നിവര്‍ക്കായിരുന്നു പദ്ധതി നടത്തിപ്പിന്റെ ചുമതല. ഓഡിറ്റില്‍ ഡിപിഐ ഓഫീസിലെ രേഖകള്‍ കൂടാതെ കൊല്ലം, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍മാരുടെ (ഡിഡിഇ) കാര്യാലയം, നാലു ഡയറ്റ് കേന്ദ്രങ്ങള്‍, ഈ ജില്ലകളില്‍ നിന്നു പ്രാതിനിധ്യപ്രകാരം തിരഞ്ഞെടുത്ത നാല്പതു മദ്രസകള്‍ എന്നിവിടങ്ങളിലും പരിശോധനകള്‍ നടത്തി.

പരിശോധനയ്ക്കു വിധേയമായ 40 മദ്രസകളില്‍ 39 മദ്രസകളിലെയും വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാഭ്യാസം നല്‍കുന്ന വിദ്യാലയങ്ങളില്‍ പഠിക്കുന്നവരാണെന്നും അവര്‍ക്ക് ആധുനിക വിഷയങ്ങളില്‍ അധ്യയനം ലഭിക്കുന്നുണ്ടെന്നും വെളിവായി. പദ്ധതിപ്രകാരം ധനസഹായം ലഭിച്ച വിദ്യാര്‍ത്ഥികള്‍ സാധാരണ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ തന്നെയാണെന്ന് ഈ മദ്രസകളിലെ സെക്രട്ടറിമാരും സമ്മതിച്ചു. അതുവഴി തന്നെ മദ്രസകള്‍ പദ്ധതിസഹായത്തിന് അനര്‍ഹമാണെന്ന് റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു.

ഈ വിവരം 2012 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ തന്നെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ, കേരള സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുന്നതില്‍ സംസ്ഥാനം വീഴ്ചവരുത്തി. തന്നെയുമല്ല, മദ്രസകള്‍ പദ്ധതിപ്രകാരമുള്ള ധനസഹായത്തിനുള്ള അര്‍ഹതാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താതെ 2014-15 വര്‍ഷത്തില്‍ വീണ്ടും കേന്ദ്രഫണ്ട് തേടി കത്തെഴുതുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്.

കേരളസര്‍ക്കാരിനു കീഴിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സെക്രട്ടറി ആയിരുന്നു എസ്ജിഐഎസിയുടെ തലപ്പത്ത്. കൂടാതെ ഒരു കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി, ഡിപിഐ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്ങിന്റെ റീജണല്‍ ഡയറക്റ്റര്‍, മറ്റു രണ്ട് സംസ്ഥാന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ കമ്മിറ്റിയായിരുന്നു, അത്. മദ്രസകളില്‍ നിന്നു ലഭിച്ച അപേക്ഷകളില്‍ വിശദ പരിശോധനയ്ക്കു മുതിരാതെ എല്ലാ അപേക്ഷകരും അര്‍ഹരാണെന്ന മട്ടില്‍ സഹായത്തിനു ശുപാര്‍ശ ചെയ്ത് കേന്ദ്രത്തിലേക്കു വിടുകയാണ് കമ്മിറ്റി ചെയ്തത്. പരിശോധന നടത്തിയ 40 മദ്രസകള്‍ക്കുമായി 176.18 കോടി രൂപയുടെ സഹായമാണ് പദ്ധതി കാലയളവില്‍ ലഭിച്ചത്. ഇവയില്‍ 39 മദ്രസകള്‍ കൈപ്പറ്റിയ 170.93 കോടി രൂപയും അനര്‍ഹമായാണ് കൈവശപ്പെടുത്തിയത് എന്നാണു സിഎജിയുടെ കണ്ടെത്തല്‍.

പരിശോധനയ്ക്കു വിധേയമായ 40 മദ്രസകളില്‍ വയനാട്ടിലെ പുഴമുടിയില്‍ പ്രവര്‍ത്തിക്കുന്ന ഷംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി മാത്രമാണ് ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത സീനിയര്‍ സെക്കണ്ടറി തലത്തിലുള്ള വിദ്യാര്‍ത്ഥികളെ പൂര്‍ണ്ണ സമയം പഠിപ്പിക്കുന്ന സ്ഥാപനമായി ഓഡിറ്റില്‍ കണ്ടെത്തിയത്. ഈ 40 മദ്രസകളില്‍ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് സഹായധനം കൈപ്പറ്റാന്‍ അര്‍ഹതയുള്ള ഏക സ്ഥാപനമായിരുന്നു, ഇത്. 2010-15 കാലയളവില്‍ ഈ മദ്രസ 49 കുട്ടികളുടെ ഓപ്പണ്‍ സ്‌കൂള്‍ പ്രവേശനത്തിനായും പരീക്ഷാഫീസ് ഇനത്തിലും ഒരുലക്ഷം രൂപയോളം ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ ഒരു രൂപപോലും ഈയിനത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നു റീ-ഇമ്പേഴ്‌സ്‌മെന്റായി ഇവര്‍ക്കു ലഭിച്ചില്ല. ഡിഡിഇയോ ഇതര ഓഫീസുകളോ റീ ഇമ്പേഴ്‌സ്‌മെന്റിന് ആവശ്യമായ നടപടിക്രമങ്ങളെ കുറിച്ച് തങ്ങളോടു പറഞ്ഞിരുന്നില്ലെന്നു മദ്രസയുടെ സെക്രട്ടറി 2015 ഒക്ടോബറില്‍ ഓഡിറ്റര്‍മാരെ അറിയിച്ചു. എന്നാല്‍ ഈ മദ്രസ റീ ഇമ്പേഴ്‌സ്‌മെന്റിന് അപേക്ഷിച്ചിരുന്നില്ലെന്നും അപേക്ഷ കിട്ടുന്ന മുറയ്ക്ക് അത് കേന്ദ്രത്തിലേക്ക് അയയ്ക്കാമെന്നുമാണ് ഡിസംബറില്‍ കേരള സര്‍ക്കാര്‍ നല്‍കിയ മറുപടി. സംസ്ഥാന മദ്രസാ ബോര്‍ഡ് രൂപീകരിക്കാതെ ഇരുന്നതിനാലും ഡിപിഐയുടെ അലംഭാവം മൂലവുമാണ് അര്‍ഹതയുണ്ടായിട്ടും ഈ മദ്രസയ്ക്ക് സഹായം ലഭിക്കാതെ പോയത് എന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇഷ്ടക്കാരുടെ മദ്രസകള്‍ക്ക് അനര്‍ഹമായ സഹായം ലഭ്യമാക്കുകയും അര്‍ഹതയുള്ള മദ്രസകളെ ഒഴിവാക്കുകയുമായിരുന്നു, സര്‍ക്കാര്‍ എന്നാണ് സിഎജിയുടെ ഈ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത്.

അദ്ധ്യാപകര്‍ക്ക് പണം നല്‍കുന്ന കാര്യത്തിലും മാര്‍ഗ്ഗരേഖള്‍ പാലിച്ചിട്ടില്ല. SPQEM പദ്ധതി പ്രകാരമുള്ള ഗ്രാന്‍ഡ് ആവശ്യപ്പെട്ടതും തുടര്‍ന്ന് അനുവദിച്ചതും ആരംഭംമുതലേ തെറ്റായിട്ടായിരുന്നു എന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മദ്രസകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് അനുസൃതമായി ആധുനിക വിഷയങ്ങളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് അല്ലെങ്കില്‍ ബിഎഡ് ബിരുദധാരികളായ പരമാവധി മൂന്ന് പൂര്‍ണ്ണസമയ അദ്ധ്യാപകര്‍ക്കു മാത്രമേ ഓരോ മദ്രസയിലും കേന്ദ്രസഹായത്തിന് അര്‍ഹതയുണ്ടാവുകയുള്ളൂ എന്ന് 2009 ഫെബ്രുവരിയില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ സ്പഷ്ടമാക്കിയിരുന്നു. മാര്‍ഗ്ഗരേഖയിലെ 8(മ) വ്യവസ്ഥ അനുസരിച്ച് ബിരുദം മാത്രമുള്ള ഓരോ പൂര്‍ണ്ണസമയ അദ്ധ്യാപകനും പന്ത്രണ്ട് മാസത്തേക്ക് പ്രതിമാസം 6000 രൂപ വീതവും ബിരുദാനന്തര ബിരുദമോ ബിഎഡോ ഉള്ളവര്‍ക്ക് ഇതേ കാലയളവില്‍ 12,000 രൂപ വീതവും ആയിരുന്നു നല്‍കേണ്ടിയിരുന്നത്. മദ്രസകള്‍ പാര്‍ട് ടൈം അടിസ്ഥാനത്തില്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത് എങ്കിലും 1453 മദ്രസകളിലെ 4201 അദ്ധ്യാപകര്‍ക്ക് 2010-15 കാലയളവില്‍ പൂര്‍ണ്ണസമയം അദ്ധ്യാപകരെന്ന വ്യാജേന 45.55 കോടി രൂപ മാനദണ്ഡം ലംഘിച്ചു നല്‍കുകയുണ്ടായി.

ക്ലാസുകള്‍ പൂര്‍ണ്ണസമയം പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെട്ടാണ് പണം പറ്റിയത് എന്ന് ഡിസംബര്‍ 2015ന് കേരള സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. പദ്ധതി മാര്‍ഗ്ഗരേഖയുടെ നഗ്‌നമായ ലംഘനം സര്‍ക്കാര്‍ സമ്മതിച്ച സ്ഥിതിക്ക് അധിക പ്രതിഫലം നല്‍കാനായി ചെലവഴിച്ച തുക കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും അവര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും സിഎജി ശുപാര്‍ശ ചെയ്തു. ഈ ശുപാര്‍ശ നടപ്പാക്കാന്‍ യുഡിഎഫ് ഗവണ്‍മെന്റ് മുതിര്‍ന്നില്ല. എന്നാല്‍ നിലവിലിരിക്കുന്ന ഇടതുപക്ഷഗവണ്‍മെന്റ് ഇതിന്മേല്‍ എന്തു നടപടി സ്വീകരിക്കുന്നു എന്നു കാത്തിരുന്നു കാണാം.

നല്‍കുന്ന ശമ്പളത്തിന്റെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്താന്‍ അദ്ധ്യാപകര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ വേണം പ്രതിഫലം നല്‍കാന്‍ എന്നു 2009 ജൂലൈയില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരുന്നു. എങ്കിലും വളരെ താമസിച്ച്, മാര്‍ച്ച് 2014ല്‍ മാത്രമാണ് ഡിപിഐ ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഡിഡിഇമാര്‍ക്കു കൈമാറുന്നത്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദു റബ്ബിന്റെ നിര്‍ദ്ദേശം അനുസരിച്ച് വെറും രണ്ടുമാസത്തിനകം 2014 മേയില്‍ ഡിപിഐ തന്റെ മുന്‍ ഉത്തരവു പിന്‍വലിക്കുകയും ശമ്പളം അദ്ധ്യാപകരുടെ അക്കൗണ്ടില്‍ നേരിട്ടു ഡെപ്പോസിറ്റ് ചെയ്യുന്നതിനു പകരം പദ്ധതി മാര്‍ഗ്ഗരേഖ വ്യക്തമായി ലംഘിച്ചുകൊണ്ട് മദ്രസ അധികൃതര്‍ക്കു റിലീസ് ചെയ്തു നല്‍കുകയുമുണ്ടായി. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവ് കേന്ദ്ര മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായിരുന്നു എന്ന ഗുരുതരമായ ആരോപണവും സി&എജി റിപ്പോര്‍ട്ടിലുണ്ട്.

ട്രാന്‍സ്‌പേരന്‍സിയും അക്കൗണ്ടബിലിറ്റിയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടു നല്‍കിയ നിര്‍ദ്ദേശം സര്‍ക്കാര്‍ അവഗണിച്ചു. ശമ്പളം ലഭിച്ചില്ലെന്ന നിരവധി പരാതികള്‍ മദ്രസാ അദ്ധ്യാപകരില്‍ നിന്നുണ്ടായെങ്കിലും ഡിഡിഇമാര്‍ നടപടി കൈക്കൊണ്ടില്ല. ഇത് ഗൗരവതരമായ ഒത്തുകളിയാണെന്നും ഇതുമൂലം അദ്ധ്യാപകര്‍ക്ക് യഥാര്‍ത്ഥത്തില്‍ ശമ്പളം ലഭിച്ചിരുന്നോ എന്ന് ഉറപ്പാക്കാന്‍ ഓഡിറ്റിനു കഴിഞ്ഞില്ലെന്നും സിഎജി കുറ്റപ്പെടുത്തുന്നു.

പദ്ധതി മാര്‍ഗ്ഗരേഖയിലെ 21(്) വ്യവസ്ഥ പ്രകാരം പദ്ധതി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്തം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ടായിരുന്നു. ദേശീയ ഓപ്പണ്‍ സ്‌കൂള്‍ പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള ഫീഡ് ബാക് ശേഖരിക്കുകയും അവ ഡിപിഐ പരിശോധിച്ച് അവരുടെ നേട്ടത്തില്‍ ഗുണപരമായ മുന്നേറ്റം ഉണ്ടെന്ന് ഉറപ്പുവരുത്തി അക്കാര്യം കേന്ദ്ര ഗ്രാന്‍ഡ് ഇന്‍ എയ്ഡ് കമ്മിറ്റി മുമ്പാകെ വയ്ക്കുകയും ചെയ്യണമായിരുന്നു. ഇതു നടന്നില്ല. ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സംബന്ധിച്ച അക്കൗണ്ടുകള്‍, ധനസഹായം കൈപ്പറ്റുന്ന മദ്രസകളുടെ എണ്ണം, കൈപ്പറ്റിയതും ഉപയോഗിച്ചതുമായ തുക, എന്നിവയടക്കമുള്ള പരിശോധനാ റിപ്പോര്‍ട്ട് പണം കൈമാറി ഒരു വര്‍ഷത്തിനകം ഡിപിഐ, സിജിഐഎസി മുമ്പാകെ ഫയല്‍ ചെയ്യേണ്ടിയിരുന്നു. എന്നാല്‍ 2015 ഡിസംബര്‍ വരെ അങ്ങനെയൊന്ന് കേന്ദ്ര സര്‍ക്കാരിനു ലഭിച്ചിട്ടില്ല.

പദ്ധതിയുടെ പ്രധാന ഭാഗമായിരുന്നു, സംസ്ഥാന മദ്രസാ ബോര്‍ഡിന്റെ രൂപീകരണം. മുസ്ലീം സമുദായത്തിലെ കുട്ടികള്‍ക്കിടയില്‍ പദ്ധതിയുടെ മെച്ചങ്ങള്‍ സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിനും മദ്രസകളുടെ ആധുനികവത്കരണ പരിപാടി നിരീക്ഷിക്കുന്നതിനും ചുമതലയുണ്ടായിരുന്ന ഇങ്ങനെയൊരു സ്ഥാപനം രൂപീകരിച്ചതേയില്ല.

പട്ടികജാതി / പട്ടികവര്‍ഗ്ഗവകുപ്പില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാത്തതാണ് വാര്‍ത്തയെങ്കില്‍ മദ്രസകളുടെ കാര്യത്തില്‍ അര്‍ഹതയില്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചതാണ് ‘വാര്‍ത്ത’. പ്രീ മെട്രിക് ഹോസ്റ്റലുകളുടെ പേരില്‍ ഖജനാവില്‍നിന്ന് ഒഴുകുന്ന പണം പോകുന്ന പോക്കറ്റുകള്‍ ഏതൊക്കെയെന്ന അന്വേഷണം ഉണ്ടാകുമെന്ന് വിശ്വസിക്കാം. എന്നാല്‍ മദ്രസകളിലേക്ക് അനധികൃതമായി ഒഴുക്കിയ പണത്തിന്റെ കാര്യം ആരന്വേഷിക്കും?

Top