സംസ്ഥാനത്ത് കനത്ത മഴ; വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും ഉരുള്‍പൊട്ടി; ഒരു മരണം ആറുപേരെ കാണാതായി

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും ഉരുള്‍പൊട്ടി. ഇടുക്കി അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെഭാര്യ ഫാത്തിമയാണ് മരിച്ചത്. ഹസന്‍കുട്ടിയെയും മകന്‍ മുജീബിനെയും പരുക്കുകളോടെ കണ്ടെത്തി. മുജീബിന്റെ ഭാര്യ ഷെമീന, മക്കളായ ദിയ, നിയ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

വൈത്തിരിയില്‍ ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു. ഇടുക്കിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ആറുപേര്‍ കുടുങ്ങി. കനത്ത മഴയില്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷി കഴിഞ്ഞതോടെ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ഉയരുന്നതിനാല്‍ പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുകയണ്. അതേസമയം ആശങ്ക വേണ്ടെന്നും ജാഗ്ര പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

കനത്ത മഴയില്‍ വയനാട് ഒറ്റപ്പെട്ടു. വൈത്തിരിയില്‍ ഉരുള്‍പൊട്ടി ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു. രണ്ട് വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈത്തിരി പൊലീസ് സ്റ്റേഷന്റെ മെസ് ഹൗസും തകര്‍ന്നു. പാല്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും കുറ്റ്യാടി ചുരത്തിലൂടെ ഭാഗികമായും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ്

34 ദുരിതാശ്വാസ ക്യാംപുകളിലായി 2259 പേര്‍ കഴിയുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അതീവ ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്. വയനാട്ടില്‍ പലയിടങ്ങളിലായി മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുമായി ആളുകളെ കാണാതായതായി സംശയമുള്ളതിനാല്‍ ഫയര്‍ഫോഴ്‌സും റവന്യു ഉദ്യോഗസ്ഥരും തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. അറുപതിലേറെ പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മലമുകളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഫയര്‍ ഫോഴ്‌സും പൊലീസും ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്.

വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയ റിജിത്തിനെയാണ് പുഴയില്‍ കാണാതായത്. കാറില്‍ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടെങ്കിലും റിജിത്തും കാറുമടക്കം പുഴയിലേക്ക് ഒഴുകി പോവുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനായി കൂടുതല്‍ ദുരന്തനിവാരണ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.ഇടുക്കി അടിമാലിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ആറുപേരെ കാണാതായതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആറ് മണ്ണ് മന്ത്രി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഫയര്‍ഫോഴ്‌സും പൊലീസുമടക്കമുള്ളവര്‍ വ്യാപകമായി പരിശോധന തുടരുകയാണ്.

പരമാവധി ജലസംഭണ ശേഷി കവിഞ്ഞതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാം തുറന്നു. നാല് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇവിടെ നിന്നുള്ള വെള്ളം ഒഴുകി എത്തുന്ന ഭൂതത്താന്‍കെട്ട് ഡാമിന്റെ 14 ഷട്ടറുകളും തുറന്നിട്ടുണ്ട്. അതേസമയം ഇടുക്കിയില്‍ ജലനിരപ്പ് 2398.20 അടിയായി ഉയര്‍ന്നിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ട്രെയല്‍ നടത്തേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. ജലനിരപ്പ് വര്‍ധിക്കുകയും മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഡാ തുറക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍.

Top