
കേരളത്തില്‍ രാഖിമഹോത്സവം മുതല്‍ ഗണേശോത്സവം വരെ വന്‍ ആഘോഷമാക്കി മാറ്റിയത് സംഘപരിവാര സംഘടനകളായിരുന്നു. ഇത്തരം ആഘോഷങ്ങള്‍ക്കെതിരെ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ സംഘടനകള്‍ ശക്തമായ വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു, ഇപ്പോഴിതാ സിപിഎം നേതൃത്വത്തില്‍ കണ്ണൂര്‍ അമ്പാടി മുക്കില്‍ ഗണേശോത്സവം സംഘടിപ്പിച്ചതാണ് വിവാദമായിരിക്കുന്നത്.
കാളി ദേവിയുടെ ചിത്രത്തിനൊപ്പം ചെഗുവേരയുടെ ചിത്രം കൂടി വച്ചാണ് ഗണോശോത്സവത്തിനായി സിപിഎം പ്രവര്‍ത്തകര്‍ എത്തിയത്. ഗണേശോത്സവം ആരുടേയും കുത്തകയല്ലെന്നായിരുന്നു സി.പി.എം പ്രവര്‍ത്തകകരുടെ പ്രതികരണം.
ജില്ലയില്‍ സി.പി.എമ്മില്‍ നിന്നും പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്നതായി പാര്‍ട്ടി വിലയിരുത്തിയിരുന്നു. അമ്പാടി മുക്കില്‍ ബി.ജെ.പിയില്‍ നിന്നും സി.പി.എമ്മിലെത്തിയവരില്‍ പലരും തിരികെ പോയതും പാര്‍ട്ടി ഗൌരവമായി എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗണേശോത്സവം സംഘടിപ്പിച്ചത്. കണ്ണൂരിലെ പ്രത്യേക സാഹചര്യങ്ങളെ കുറിച്ച് പറഞ്ഞ് വിവാദത്തില്‍ നിന്ന് പാര്‍ട്ടിക്ക് തലയൂരാമെങ്കിലും വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ പാര്‍ട്ടി നേതൃത്വം വിയര്‍ക്കേണ്ടിവരും.