കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് സുഖ ജീവിതം; ഭര്‍ത്താവ് നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് കൊലക്കേസ് പ്രതിയുടെ ഭാര്യ

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതികളും തടവുകാരും സുഖജീവിതം നയിക്കുന്നതായി റിപ്പോര്‍ട്ട്. ജയിലില്‍ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തും ഫോണ്‍വിളിച്ചുമാണ് കുറ്റവാളികളുടെ സുഖജീവിതം. അഞ്ഞൂറിലധികം മൊബൈല്‍ ഫോണുകളാണ് ജയിലില്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ഇതിന് തെളിവായി കൊലക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന ഭര്‍ത്താവ് തുടര്‍ച്ചയായി വിളിക്കാറുണ്ടെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. ഭര്‍ത്താവ് നിരന്തരം വിളിച്ച് ലഹരിമരുന്നെത്തിക്കാന്‍ നിര്‍ബന്ധിച്ചതോടെ ഭാര്യ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. 2004ല്‍ ഇടുക്കി അടിമാലിയിലെ വാളറവെള്ളച്ചാട്ടത്തില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലാണ് ഇവരുടെ ഭര്‍ത്താവ് മുഹമ്മദ് ഫൈസല്‍ ശിക്ഷിക്കപ്പെട്ടത്.ജയിലില്‍ കഴിയുന്ന മറ്റൊരു കൊലക്കേസ് പ്രതി സബിന്റെ ഫോണ്‍ ഉപയോഗിച്ചാണ് വിളിക്കുന്നതെന്നാണ് ഭാര്യ പറയുന്നത്. ഇതുകൂടാതെ ഫേസ്ബുക്കിലും മെസഞ്ചറിലും ചാറ്റ് ചെയ്യാറുണ്ടെന്നും ഒരു സ്വകാര്യ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നു.

Top