നോട്ട് നിരോധനം എന്താണെന്ന് അറിയില്ല; ഇപ്പോഴും പഴയ നോട്ട് സൂക്ഷിച്ച് വച്ച് ഒരു ജനത…

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷമായി. എന്നാല്‍ ഇപ്പോഴും പഴയ നോട്ടുകള്‍ കൈവശം വയ്ക്കുന്ന ഒരുകൂട്ടം ആളുകള്‍ ഇവിടെയുണ്ട്. പഴയ നോട്ടുകള്‍ കൈവശം വയ്ക്കുന്നത് കുറ്റമാണെന്ന കാര്യമൊന്നും അവര്‍ക്കറിഞ്ഞുകൂടാ. കോളയാട് മലയോരത്തെ ആദിവാസികള്‍ നോട്ട് നിരോധനവും തുടര്‍ന്നുള്ള പൊല്ലാപ്പുകളും അറിഞ്ഞിരുന്നില്ല. പണിക്കൂലിയായും പെന്‍ഷനായും ലഭിച്ചതാണ് പഴയ നോട്ടുകള്‍. ആരുമറിയാതെ സ്വരുക്കൂട്ടി വച്ചു. പക്ഷേ, 2016 നവംബര്‍ എട്ടിന് മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതൊന്നും അവര്‍ അറിഞ്ഞില്ല. പിന്നീട് രാജ്യത്ത് ഉടനീളമുണ്ടായ പ്രതിഷേധങ്ങളും നോട്ട്മാറല്‍ പൊല്ലാപ്പും കേട്ടതുമില്ല. നോട്ട് നിരോധനത്തെ കുറിച്ച് അറിഞ്ഞപ്പോഴേക്കും ഏറെ വൈകി. ഇപ്പോഴും പഴയ നോട്ടുകള്‍ കൈവശം വച്ചിരിക്കുകയാണിവര്‍. മാറിക്കിട്ടുമെന്ന ആശയില്‍. കാടിന് നടുവിലെ കോളനിയില്‍ കഴിയുന്നവരുടെ പക്കലാണ് കൂടുതല്‍ പഴയ നോട്ടുള്ളത്. ഇതില്‍ കൂടുതലും പ്രായമായവരാണ്. രൂപാ മാറിക്കിട്ടിയാല്‍ ചികില്‍സയ്ക്ക് ഉപയോഗിക്കാമെന്നാണ് അവരുടെ പക്ഷം. നോട്ട് റദ്ദാക്കിയത് ഇപ്പോഴും അറിഞ്ഞിട്ടില്ലാത്തവരും ഇവരുടെ കൂട്ടത്തിലുണ്ട്. ചിലര്‍ ഇപ്പോള്‍ അറിഞ്ഞുതുടങ്ങിയിട്ടേ ഉള്ളൂ. പക്ഷേ മാറിക്കിട്ടാന്‍ ഇനിയെന്ത് ചെയ്യുമെന്ന കാര്യം അവര്‍ക്ക് അജ്ഞാതം. 5000ത്തില്‍ താഴെയാണ് പലരുടെയും കൈവശമുള്ള പഴയ നോട്ടുകള്‍. അത് കുറ്റമാണെന്ന് ഇപ്പോള്‍ അറിയുമ്പോള്‍ പലരും കൈവശമുള്ള തുക എത്രയാണെന്ന കാര്യം മറച്ചുവയ്ക്കുന്നു. കോളയാട് നിന്ന് അധികം അകലെയല്ലാത്ത കാട്ടിനുള്ളില്‍ നിരവധി ആദിവാസി കോളനികളുണ്ട്.

Top