സിപിഐഎം എംഎല്‍എയുടെ ഭാര്യക്ക് റാങ്ക്പട്ടിക മറികടന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി കരാര്‍ നിയമനം

കണ്ണൂര്‍: സിപിഐഎം എംഎല്‍എയുടെ ഭാര്യക്ക് റാങ്ക്പട്ടിക മറികടന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി കരാര്‍ നിയമനം ലഭിച്ചതായി ആരോപണം. അഭിമുഖത്തില്‍ ആദ്യറാങ്കുകാരിയെ ഒഴിവാക്കിയാണ് സിപിഐഎം എംഎല്‍എയുടെ ഭാര്യയെ നിയമിച്ചത്. ക്രമവിരുദ്ധമായി നിയമനം നടത്തിയതിനെതിരെ ഒന്നാം റാങ്കുകാരി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

അതേസമയം സംവരണാടിസ്ഥാനത്തിലാണ് നിയമനം എന്നാണ് ഇക്കാര്യത്തില്‍ സര്‍വകലാശാല വിശദീകരിക്കുന്നത്. എന്നാല്‍ പൊതുനിയമനത്തിന് വേണ്ടിയാണു സര്‍വകലാശാല വിജ്ഞാപനമിറക്കിയത്. കണ്ണൂര്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ എംഎഡ് വിഭാഗത്തിലാണ് എംഎല്‍എയുടെ ഭാര്യക്കു നിയമനം ലഭിച്ചത്. 14നു നടന്ന അഭിമുഖത്തില്‍ ഇവര്‍ക്കു രണ്ടാം റാങ്കാണു ലഭിച്ചത്. ഇതോടെ കരാര്‍ നിയമനത്തിനു സംവരണം നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. തുടര്‍ന്നു ഒഇസി സംവരണത്തില്‍പെടുത്തി നിയമനവും നല്‍കി. ഈ തസ്തികയിലേക്കു സര്‍വകലാശാല ജൂണ്‍ എട്ടിന് ഇറക്കിയ വിജ്ഞാപനത്തില്‍ സംവരണക്കാര്യം സൂചിപ്പിച്ചിരുന്നില്ല. സര്‍വകലാശാല പഠനവകുപ്പിലെ ഓരോ വിഷയത്തിനും പ്രത്യേക സംവരണം ഏര്‍പ്പെടുത്തുന്ന പതിവില്ലെന്നു സര്‍വകലാശാലയുമായി ബന്ധപ്പെട്ടവര്‍ തന്നെ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top