ഒന്നാം റാങ്കുകാരിയെ മറികടന്ന് രണ്ടാം റാങ്കുകാരിക്ക് എങ്ങനെ നിയമനം നല്‍കി?;എ.എന്‍.ഷംസീറിന്റെ ഭാര്യയുടെ നിയമനത്തില്‍ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: തലശേരി എംഎല്‍എ എ.എന്‍.ഷംസീറിന്റെ ഭാര്യക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വഴിവിട്ട് നിയമനം നല്‍കിയതില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഒന്നാം റാങ്കുകാരിയെ മറികടന്ന് രണ്ടാം റാങ്കുകാരിക്ക് എങ്ങനെ നിയമനം നല്‍കിയെന്നും വിജ്ഞാപനവും റാങ്കു പട്ടികയും മറികടന്ന് എന്തടിസ്ഥാനത്തിലാണ് നിയമനമെന്ന് വ്യക്തമാക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. സിപിഐഎമ്മിനും സര്‍ക്കാറിനും സംഭവം വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സ്‌കൂള്‍ ഒഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് നടന്ന താത്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്കാണ് ഷംസീറിന്റെ ഭാര്യ ഷഹലയെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചത്. ഇക്കാര്യത്തിലാണ് സര്‍ക്കാരിനോടും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയോടും വിശദീകരണം ആവശ്യപ്പെട്ടത്. ഈ വിശദീകരണം കേട്ട ശേഷമായിരിക്കും ഇക്കാര്യത്തില്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുക. എ.എന്‍ ഷംസീര്‍.എം.എല്‍.എയുടെ ഭാര്യയുടെ നിയമനത്തിനായി കണ്ണൂര്‍ സര്‍വകലാശാല വിജ്ഞാപനവും റാങ്ക് ലിസ്റ്റും തിരുത്തിയെന്ന് കാണിച്ച് റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ.എം.പി. ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയത്. ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒ.ബി.സി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം നല്‍കിയതെന്നായിരുന്നു ഡോ.എം.പി. ബിന്ദുവിന്റെ പരാതിയില്‍ പറയുന്നത്. രണ്ട് പേര്‍ പങ്കെടുത്ത നിയമനത്തില്‍ ഒന്നാം റാങ്കുകാരിയായ തന്നെ ഒഴിവാക്കിയാണ് വിജ്ഞാപനം തിരുത്തിയതെന്നും ബിന്ദു ആരോപിച്ചു.

കഴിഞ്ഞ ജൂണ്‍ എട്ടിനാണ് ധര്‍മ്മശാലയില്‍ പ്രവര്‍ത്തിക്കുന്ന പെഡഗോയിക്കല്‍ സയന്‍സ് വിഭാഗത്തിലേക്ക് സയന്‍സ്, മാത്മാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ കരാര്‍ അദ്ധ്യാപകരെ നിയമിക്കാനുള്ള വിഞ്ജാപനം ഇറക്കിയത്. പൊതുനിയമനത്തിനു വേണ്ടിയാണു സര്‍വകലാശാല വിജ്ഞാപനമിറക്കിയത്. എംഎല്‍എ.യുടെ ഭാര്യയ്ക്ക് നിയമനം ഉറപ്പിക്കാന്‍ സംവരണ അടിസ്ഥാനത്തിലാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ആക്ഷേപമുയര്‍ന്നത്. ഇവരെ നിയമിച്ചിരിക്കുന്നത് വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് . കരാര്‍ അദ്ധ്യാപക നിയമനം സംബന്ധിച്ച് സര്‍വ്വകലാശാല വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ സംവരണം സംബന്ധിച്ച് എടുത്ത് പറഞ്ഞിട്ടില്ല. പിന്നീടാണ് സംവരണ അടിസ്ഥാനത്തില്‍ ഇവരെ നിയമിച്ചതെന്ന് സര്‍വ്വകലാശാല വിശദീകരണം നല്‍കിയത്.ഒരു വിഷയത്തില്‍ മാത്രം അദ്ധ്യാപകരെ നിയമിക്കാനിറക്കുന്ന വിജ്ഞാപനത്തില്‍ റൊട്ടേഷന്‍ സംവരണം ഉണ്ടാവാറില്ല. അസിസ്റ്റന്റ് പ്രഫസറായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനാണു സര്‍വകലാശാല ജൂണ്‍ എട്ടിനു വിജ്ഞാപനമിറക്കിയത്. 14നായിരുന്നു അഭിമുഖം. അഭിമുഖത്തില്‍ ഷംസീറിന്റെ ഭാര്യയ്ക്കു രണ്ടാം റാങ്കാണു ലഭിച്ചത്. ഇതോടെയാണു കരാര്‍ നിയമനത്തിനു സംവരണം നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഒബിസി സംവരണത്തില്‍ എംഎല്‍എയുടെ ഭാര്യയ്ക്കു നിയമനം നല്‍കുകയായിരുന്നു.

സര്‍വകലാശാല പറയുന്ന സംവരണതത്വം അനുസരിച്ചാണെങ്കില്‍ പോലും എംഎല്‍എയുടെ ഭാര്യയുടെ നിയമനം ക്രമവിരുദ്ധമാണെന്നും പരാതിയിലുണ്ട്. ഈ പഠനവകുപ്പില്‍ അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിലായതിനാല്‍ തൊട്ടടുത്ത നിയമനം സംവരണവിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നായിരുന്നു സര്‍വകലാശാല ഇന്നലെ പുറത്തിറക്കിയ വിശദീകരണം. എന്നാല്‍, സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എട്ടിനുതന്നെ നടന്ന മറ്റൊരു അഭിമുഖത്തില്‍ സംവരണ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥിക്ക് നിയമനം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ എംഎല്‍എയുടെ ഭാര്യയെ നിയമിച്ച തസ്തിക ജനറല്‍ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ട്. 14 ാം തീയ്യതി അഭിമുഖം നടത്തുകയും ചെയ്തു. അദ്ധ്യാപന പരിചയം, ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള സെമിനാര്‍ പ്രസന്റേഷന്‍, പബ്ലിക്കേഷന്‍ എന്നിവ അടിസ്ഥാനമാക്കിയുമാണ് നിയമനമെന്ന് വിജ്ഞാപനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്ന് എം.എല്‍.എയുടെ ഭാര്യക്കു വേണ്ടി അഞ്ച് മാര്‍ക്ക് കൂടുതല്‍ വാങ്ങിയ ഉദ്യോഗാര്‍ത്ഥിയെ തഴഞ്ഞ് എംഎല്‍എ.യുടെ ഭാര്യക്കു വേണ്ടി നിയമനം സംവരണ അടിസ്ഥാനത്തില്‍ ആക്കിയെന്നാണ് ആരോപണം. അതിനായി പ്രത്യേക വിജ്ഞാപനവും അഭിമുഖവും ഉണ്ടായിട്ടുമില്ല. എംഎല്‍എ.യുടെ ഭാര്യയുടെ അഭിമുഖത്തിന് വിഷയ വിദഗ്ധനും വകുപ്പ് മേധാവിയും ഉണ്ടായിട്ടുമില്ല. എന്നാല്‍ അതേ ദിവസം നടന്ന മാത്തമാത്തിക്‌സ് വിഷയത്തില്‍ പ്രൊ.വൈസ് ചാന്‍സിലറും മറ്റ് രണ്ട് പ്രൊഫസര്‍മാരും അഭിമുഖത്തിലുണ്ടായിരുന്നു. നേരത്തെ ധര്‍മ്മശാല ക്യാമ്പസില്‍ ഗസ്റ്റ് ലക്ച്ചറായിരിക്കേ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്ന ആരോപണവും എംഎല്‍എ.യുടെ ഭാര്യക്കെതിരെയുണ്ടായിരുന്നു. പിന്നീടത് പറഞ്ഞു തീര്‍ക്കുകയായിരുന്നു.

ഇതിന് മുമ്പ് മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ നിയമനവും വിവാദത്തിലായിരുന്നു. കേരള സര്‍വ്വകലാശാലയില്‍ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടറായാണ് സുധാകരന്റെ ഭാര്യക്ക് നിയമനം നല്‍കിയത്. ഓരോ കോഴ്‌സിനും ഒരു ഡയറക്ടര്‍ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടര്‍ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് നിയമനം. ഈ നിയമനവും വിവാദത്തിന് വഴിവെച്ചിരുന്നു. മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോക്ടര്‍ ജൂബിലി നവപ്രഭയെ ഡയറക്ടേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നളജിആന്‍ഡ് ടീച്ചേഴ്‌സ്എജുക്കേഷന്‍ ഡയറക്ടറായി നിയമിച്ചത്കഴിഞ്ഞ ദിവസം. പ്രതിമാസം 35000 രൂപശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സര്‍വ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്ററുകളുടേയും 29 യുഐടികളുടയും 7 സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതലയാണ് നല്‍കിയത്. നിലവില്‍ഓരോ കോഴ്‌സിനും സര്‍വ്വകലാശാലക്ക് കീഴിലെ ഓരോ പ്രൊഫസര്‍മാരായിരുന്നു ഡയറക്ടര്‍. ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക ഉണ്ടാക്കിയപ്പോള്‍ യോഗ്യത സര്‍വ്വീസിലുള്ള പ്രൊഫസറില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ വൈസ്പ്രിന്‍സിപ്പല്‍ എന്നാക്കി മാറ്റി. ആലപ്പുഴ എസ്ഡി കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായാണ് ജൂബിലി നവപ്രഭ വിരമിച്ചത്.

പുതിയ തസ്തികയും യോഗ്യതയുമെല്ലാം മന്ത്രിയുടെ ഭാര്യക്ക് വേണ്ടി മാറ്റിമറിച്ചപോലെ. അതേ സമയം അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് ജൂബിലി നവപ്രഭയെ നിയമിച്ചതെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. ഡയറക്ടര്‍ തസ്തികയുടെ യോഗ്യത വിരമിച്ചവര്‍ക്ക് മാത്രം പരിമിതപ്പെടുത്തിയത് എന്തുകൊണ്ടെന്ന് സര്‍വ്വകലാശാല വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഈ നിയമന വിവാദത്തിന് പിന്നാലെയാണ് എ എന്‍ ഷംസീറിന്റെ ഭാര്യയുമായി ബന്ധപ്പെട്ടും ആരോപണം ഉയര്‍ന്നത്. അതേസമയം ഷംസീറിന്റെ ഭാര്യയുടെ നിയമന വിവാദം പാര്‍ട്ടിക്ക് നാണക്കേടായെന്ന വിലയിരുത്തലാണ് കണ്ണൂരിലെ അണികള്‍ക്കിടയില്‍ ഉയരുന്നത്.

Latest
Widgets Magazine