കണ്ണൂര്‍: നിയമബിരുദ പരീക്ഷയില്‍ തോറ്റ രണ്ട് എസ്എഫ്‌ഐ നേതാക്കള്‍ പിജി കോഴ്‌സില്‍ പഠനം തുടരുന്നു. കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ക്യാംപസിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലാണ് പഞ്ചവല്‍സര നിയമബിരുദ പരീക്ഷയ്ക്ക് തോറ്റിട്ടും എസ്എഫ്‌ഐ നേതാക്കള്‍ എല്‍എല്‍എം കോഴ്‌സില്‍ പഠനം തുടരുന്നത്. 31 നു നടക്കുന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇരുവരും മല്‍സരിക്കുന്നുമുണ്ട്. സര്‍വകലാശാല പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിന് ഇക്കുറി നടപ്പാക്കിയ പുതിയ പരിഷ്‌ക്കാരത്തിന്റെ മറവിലാണു ഡിഗ്രി തോറ്റ നേതാക്കള്‍ക്ക് പിജി കോഴ്‌സില്‍ പ്രവേശനം ലഭിച്ചത്. ബിരുദപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്ക് പിജിക്ക് പ്രവേശനം നല്‍കാമെന്ന ഇളവുപയോഗിച്ചാണ് ഇവര്‍ പ്രവേശനം നേടിയത്.
എന്നാല്‍ പ്രവേശനം നേടിയശേഷം ബിഎഎല്‍എല്‍ബി കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ രണ്ടുപേരും പരാജയപ്പെട്ടു. എന്നിട്ടും കോഴ്‌സ് തുടരാന്‍ സര്‍വകലാശാലാധികൃതര്‍ സമ്മതിച്ചു. ജൂണ്‍ 25 നു ഒന്നാം സെമസ്റ്റര്‍ ക്ലാസ് ആരംഭിച്ചു. ക്ലാസു തുടങ്ങിയ ശേഷമാണു സര്‍വകലാശാലയുടെ ബിഎ എല്‍എല്‍ബി ഫലം പ്രസിദ്ധീകരിച്ചത്. ഇതില്‍ രണ്ടു നേതാക്കളും പരാജയപ്പെട്ടു. എന്നാല്‍ പരാജയപ്പെട്ട വിവരമറിഞ്ഞിട്ടും ഇരുവര്‍ക്കും കോഴ്‌സ് തുടരാന്‍ സര്‍വകലാശാല അനുവാദം നല്‍കുകയായിരുന്നു.
31 നു നടക്കുന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഇരുവരുടെയും പത്രിക സ്വീകരിക്കുകയും ചെയ്തു. ഇതില്‍ ഒരു വിദ്യാര്‍ഥിയുടെ ഇന്റേണല്‍ മാര്‍ക്ക് കൂട്ടി വിജയിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. സിന്‍ഡിക്കറ്റ് പ്രത്യേക തീരുമാനമെടുത്ത് ഇന്റേണല്‍ മാര്‍ക്കിന് ഇംപ്രൂവ്‌മെന്റ് അനുവദിക്കാനാണു നീക്കം. ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കു സര്‍വകലാശാല പഠനവകുപ്പുകളില്‍ പിജിക്കു പ്രവേശനം നല്‍കാമെന്നും ആദ്യസെമസ്റ്റര്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പ് യോഗ്യത നേടിയ രേഖ ഹാജരാക്കിയാല്‍ മതിയെന്നുമായിരുന്നു സര്‍വകലാശാലയുടെ തീരുമാനം. ഇങ്ങനെ പ്രവേശനം നേടുന്നവര്‍ ബിരുദ പരീക്ഷയില്‍ തോല്‍ക്കുകയാണെങ്കില്‍ കോഴ്‌സില്‍ നിന്നു പുറത്താക്കുമെന്ന കരാര്‍ ഒപ്പിട്ടശഷമാണു പ്രവേശനം നല്‍കിയത്.