കോഴിക്കോട്: എംഎൽഎമാരുടെ അലവൻസ് വർധനവില്ലാതെ ഒരിക്കലും യോജിക്കാത്ത സമ്പൂർണ്ണ ഐക്യത്തോടെയായിരുന്ന കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിന്റെയും, പാലക്കാട് കരുണ മെഡിക്കൽ കോളജിന്റെയും ക്രമവിരുദ്ധ പ്രവശേനങ്ങൾ കേരള നിയമസഭ സാധുവാക്കിയത്. യു.ഡി.എഫും എൽ.ഡി.എഫും ബിജെപിയും ഒരുപോലെ ഒന്നിച്ച ഈ തീരുമാനത്തിനുപിന്നിലും ജാതിമത സംഘടനകളുടെ കടുത്ത സമ്മർദം തന്നെയാണെന്ന് വ്യക്തമാവുകയാണ്. കണ്ണുർ അഞ്ചരക്കണ്ടിയിലെ മെഡിക്കൽകോളജിനുപിന്നിൽ കാന്തപുരം എ.പി അബൂബക്കർ മുസലിയാർ അടങ്ങുന്ന സുന്നി വിഭാഗമാണെന്നത് പരസ്യമായ രഹസ്യമാണ്. നേരത്തെ കാന്തപുരത്തിന്റെ കൈയിൽനിന്നാണ് ഈ ഭൂമി അഞ്ചരക്കണ്ടി മെഡിക്കൽ കോളജിന്റെ ട്രസ്റ്റ് വാങ്ങുന്നത്. അതിനാൽ രേഖകളിൽ കാന്തപുരത്തിന് മെഡിക്കൽകോളജുമായി യാതൊരു ബന്ധമില്ലെങ്കിലും ഈ ഗ്രൂപ്പിന്റെ സാമ്പത്തിക സഹായം തന്നെയാണ് കോളജിനെ വളർത്തി വലുതാക്കിയതെന്ന് പകൽപോലെ വ്യക്തമാണ്. ഡോ.എം.എ ഹാഷിമാണ് നിലവിൽ കോളജിന്റെ എം.ഡിയെങ്കിലും കാര്യങ്ങൾ നിയന്ത്രിക്കുന്നത് എ.പി വിഭാഗത്തിലെ പ്രമുഖർ തന്നെയാണ്. ഏതാണ്ട് സമാനമായ അവസ്ഥയാണ് കരുണ മെഡിക്കൽകോളജിലും. രാഷ്ട്രീയമായി മുസ്‌ലീലീഗിനോട് ചേർന്ന് നിൽക്കുന്ന കേരള നദ്‌വത്തുൽ മുജാഹിദ്ദീന്റെ നേതാവ് കൂടിയായ ഉണ്ണീൻകുട്ടി മൗലവിയാണ് കരുണ കോളജിന്റെ ട്രസ്റ്റ് സെക്രട്ടറി. കണ്ണൂർ മെഡിക്കൽ കോളജിനുള്ള എല്ലാ ഒത്താശകളും ചെയ്തുകൊടുത്തത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറും മന്ത്രി പി.കെ ശ്രീമതിയുമാണെങ്കിൽ, കരുണക്ക് എല്ലാ സഹായാവും ഒരുക്കിയത് യു.ഡി.എഫ് സർക്കാറാണ്. കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയുമാണ് ഇവരുടെ ബലം.മുസ്‌ലീലീഗിന്റെ അതി ശക്തമായ പിന്തുണയാണ് ഇവർക്കുള്ളത്.
എന്നാൽ രണ്ടു സംഘടനകളും ഇത് തങ്ങളുടെ സ്ഥാപനമല്ല എന്നാണ് പറയുന്നത്. വോട്ട്ബാങ്കും ന്യൂനപക്ഷ പ്രീണനവും മാത്രമല്ല ഒന്നാന്തരം സാമ്പത്തിക ഇടപാടുകളും ഈ സമ്പൂർണ ഐക്യത്തിനുപിന്നിലുണ്ട്. പല ഘട്ടങ്ങളിലായി ഇവർ ലക്ഷങ്ങളാണ് ഇരു മുന്നണികൾക്കും സംഭാവന നൽകുന്നത്.തെരഞ്ഞെടുപ്പുകളിലെ സാമുദായിക പിന്തുണ വേറെയും.അതേസമയം ബിജെപിയുടെ പിന്തുണ നേടിയെടുത്തതിന് പിന്നിലും കാന്തപുരത്തിന്റെ ഇടപെടലാണെന്ന് വ്യക്തമാണ്. കുട്ടികളുടെ ഭാവിയുടെപേരിൽ വിലപിക്കുന്ന ഈ സംഘടനകൾ കുട്ടികൾക്ക് കോളജിൽ യാതൊരു സൗകര്യവും ചെയ്തുകൊടുത്തിട്ടില്ല. ഒത്തുതീർപ്പ് രാഷ്ട്രീയമാണ് ഇവിടെ നടന്നത്. ഒത്തുതീർപ്പ് രാഷ്ട്രീയത്തിനെതിരെ നിലയുറപ്പിച്ചവരാണ് ബിജെപി. അതുകൊണ്ട് തന്നെ അവരെയാണ് സോഷ്യൽ മീഡിയ കടന്നാക്രമിക്കുന്നത്. മുജാഹിദുകളും സുന്നികളും ബിജെപിയുടെ വോട്ട് ബാങ്ക് അല്ല. എന്നിട്ടും അവർ കാന്തപുരത്തെ പിന്തുണച്ചു. ഇതിനെ കളിയാക്കുകയാണ് സോഷ്യൽ മീഡിയ. ഇതിനൊപ്പം കുമ്മനം പക്ഷത്തിനെതിരെ ആഞ്ഞടിച്ച് വി മുരളീധരനും രംഗത്ത് വന്നു. ഇതോടെ ബിജെപിയിൽ കലാപ സാധ്യത ഉയരുകയാണ്. സുപ്രീം കോടതി പുറത്താക്കാൻ ഉത്തരവിട്ടതോടെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും ഇന്നലെ തന്നെ കോളജ് വിട്ടു. കഴിഞ്ഞ രണ്ടു വർഷമായി കോടതിയിലും സർക്കാറിലും പ്രതീക്ഷയർപ്പിച്ച് പഠനം തുടരുകയായിരുന്നു അവർ. ഒന്നാം വർഷ പരീക്ഷ പോലും എഴുതാനായിട്ടില്ല ഇവർക്ക്. ഇനിയും വർഷങ്ങൾ പാഴാക്കുന്നതിന് പകരം മറ്റെന്തെങ്കിലും കോഴ്‌സിന് ചേരാനൊരുങ്ങുകയാണ് കുട്ടികളിൽ ചിലർ. ഡോക്ടർ മോഹം അവസാനിപ്പിച്ചിട്ടില്ലാത്തവർ അടുത്ത തവണ പ്രവേശന പരീക്ഷയെഴുതി ഒരിക്കൽ കൂടി ഭാഗ്യം പരീക്ഷിക്കാനുള്ള തീരുമാനവുമായാണ് കോളജ് വിട്ടത്. 2016-17 വർഷത്തിൽ 151 കുട്ടികൾക്കാണ് കണ്ണുർ കോളജ് മാനേജ്‌മെന്റ് ചട്ടം ലംഘിച്ച് സീറ്റ് നൽകിയത്. ദശലക്ഷങ്ങളാണ് വിദ്യാർത്ഥികളിൽ നിന്ന് ഫീസായി മാനേജ്‌മെന്റ് ഈടാക്കിയത്. അനധികൃത പ്രവേശനം വിവാദമായതോടെ 13 കുട്ടികൾ ടി.സി വാങ്ങിപ്പോയി. പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിൽ 138 പേരാണ് പഠനം തുടർന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ രക്ഷിതാക്കളും വിദ്യാർത്ഥികളും കോളജ്് ഓഫിസിന് മുന്നിൽ സമരത്തിലാണ്. പ്രവേശനത്തിന് അംഗീകാരം നൽകി ബുധനാഴ്ച നിയമസഭ പ്രത്യേക നിയമം പാസാക്കിയത് വിദ്യാർത്ഥികൾക്ക് പ്രതീക്ഷ നൽകി. എന്നാൽ, അടുത്ത ദിവസം സുപ്രീം കോടതി പ്രവേശനം റദ്ദാക്കി ഉത്തരവിട്ടതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വിദ്യാർത്ഥികളും രക്ഷിതാക്കളും സമരം അവസാനിപ്പിച്ചു. പ്രശ്‌നങ്ങൾ പരിഹരിച്ച് കുട്ടികൾക്ക് കോഴ്‌സ് പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷ ഇനിയില്ലെന്ന് പുറത്താക്കപ്പെട്ട വിദ്യാർത്ഥികളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന മോഹനൻ കോട്ടൂർ, ഹംസക്കോയ എന്നിവർ പറഞ്ഞു. കുട്ടികളുടെ സർട്ടിഫിക്കറ്റും കൊടുത്ത പണവും തിരിച്ചുവാങ്ങി പോകാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. വാങ്ങിയ ഫീസിന് രസീത് പോലും നൽകിയിട്ടില്ല. വിദ്യാർത്ഥികളുടെ പേരിൽ ഹൈക്കോടതിയിൽ ഹരജി നൽകിയതിനപ്പുറം മാനേജ്‌മെന്റ് ഒരു സഹായവും ചെയ്തിട്ടില്ല. വിഷയം സർക്കാറിന്റെയും കോടതിയുടെയും മുന്നിലെത്തിച്ചത് രക്ഷിതാക്കളാണ്. മാനേജ്‌മെന്റിന് നൽകിയ ഫീസിന് പുറമെ, സുപ്രീം കോടതി വരെയുള്ള കേസിനുമായി തങ്ങൾ വലിയ തുക ചെലവഴിച്ചിട്ടുണ്ട്. മാനേജ്‌മെന്റിൽ നിന്ന് പണം തിരിച്ചുകിട്ടാൻ നിയമപരവും അല്ലാതെയുമുള്ള വഴികൾ ആലോചിക്കുകയാണെന്നും ഇരുവരും പറഞ്ഞു.