കരീന മാത്രമല്ല, മകന്‍ തൈമുറും ജിമ്മില്‍ പോകുന്നുണ്ട്; കൂടെ കരണ്‍ ജോഹറിന്‍റെ മക്കളും

ശരീരത്തിന്റെ ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്നതില്‍ ഒട്ടും പിന്നിലല്ല കരീന കപൂറും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും. ഇപ്പോള്‍ ഇവരുടെ വഴിയെ ഒരു വയസ്സ് മാത്രം പിന്നിട്ടപ്പോഴെ മകന്‍ തൈമൂറും എത്തിക്കഴിഞ്ഞു. കേട്ട് തെറ്റിദ്ധരിക്കേണ്ട, അച്ഛനെ പോലെ മസില് പെരുപ്പിക്കാനും അമ്മയെ പോലെ യോഗ ചെയ്യാനും ഒന്നുമല്ല തൈമൂറിന്റെ ജിമ്മില്‍ പോക്ക്. തൈമൂറിന്റെ ജിം ഏതാണ്ട് പ്ലേ സ്‌കൂളിന് തുല്യമായ സ്ഥലമാണ്. കുട്ടികളുടെ ശരീരം ആക്ടീവ് ആയി ഇരിക്കാന്‍ അനുവദിക്കുക എന്നതാണ് ഈ കുട്ടികള്‍ക്ക് വേണ്ടി മാത്രമുള്ള ജിമ്മില്‍ ചെയ്യുന്ന കാര്യം. ഡാന്‍സ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ രസകരമായി ചെയ്യാന്‍ ശീലിപ്പിച്ച് കൊണ്ടാണ് ഈ ചൈല്‍ഡ് ഫിറ്റ്‌നസ്സ് സെന്ററില്‍ കുട്ടികളെ സജീവമാക്കി നിര്‍ത്തുന്നത്. ഡാന്‍സിന് പുറമെ പാട്ടും, റൈഡുകളും, വിവിധ ഗെയിമുകളും ഒപ്പം അല്‍പ്പം ജിംനാസ്റ്റിക്‌സും ഇവിടെ കുട്ടികള്‍ക്കായി ഉണ്ട്. ആറാഴ്ച മുതല്‍ പത്ത് വയസ്സ് വരെയുള്ള പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ ഫിറ്റ്‌നസ്സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ പ്രായത്തിലുള്ള കുട്ടികള്‍ക്കും അവര്‍ക്ക് ഇണങ്ങുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഉള്ളത്.കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉണര്‍വിന് ഈ പ്രവര്‍ത്തനങ്ങള്‍ സഹായിക്കും. പ്രത്യകിച്ചും പുറത്ത് പോയി കളിക്കാനും ശാരീരികമായി സജീവമാകാനുമുള്ള സാഹചര്യം ഇല്ലാത്ത നഗരപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഈ ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ സഹായകരമാണ്. അവര്‍ക്ക് കമ്പ്യൂട്ടറിന്റെയും മൊബൈലുകളുടെയും ലോകത്ത് നിന്ന് മാറി ശാരീരിക അദ്ധ്വാനമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ വഴിയൊരുക്കും. തൈമൂര്‍ അലി ഖാന്‍ മാത്രമല്ല മറ്റ് ചില സെലിബ്രിറ്റി കുട്ടികള്‍ കൂടി ഈ ജിമ്മിലെ അംഗങ്ങളാണ്. കരണ്‍ ജോഹറിന്റെ ഇരട്ടകുട്ടികളായ യാഷും, ജൂഹിയും ആണ് മറ്റ് രണ്ട് പ്രധാനപ്പെട്ട അംഗങ്ങള്‍. എങ്കിലും മറ്റാരേക്കാളും തൈമൂറിന്റെ ജിമ്മില്‍ പോക്കാണ് സോഷ്യല്‍ മീഡിയയും ആഘോഷിക്കുന്നത്. ഫിറ്റ്‌നസ് പ്രേമിയായ അമ്മ കരീന തന്നെയാകും ഇതിന് കാരണം.

Top