ബംഗലൂരു: വോട്ടു നേടാൻ കഴിവുള്ള ഏറ്റവും വലിയ ദേശീയ നേതാവ് നരേന്ദ്ര മോദി തന്നെയെന്ന് വ്യക്തമാക്കുന്നതാണ് കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികൾക്ക് വഴങ്ങാൻ കോൺഗ്രസിനെ ഈ പരാജയം പ്രേരിപ്പിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തണ്ടതുണ്ടോ
എന്ന ആലോചനയും ബിജെപിയിൽ ഇനി ശക്തമാകും. രണ്ടായിരത്തി പതിനാലിൽ ആകെയുള്ള 44 സീറ്റിൽ 9 സീറ്റാണ് കർണ്ണാടകം നല്കിയത്. അതായത് കോൺഗ്രസിന് ഏറ്റവും വലിയ സീറ്റുകൾ നല്കിയ സംസ്ഥാനം.
അവിടെ ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടിയിരിക്കുന്നു. വൻ തരംഗം കർണ്ണാടകത്തിൽ കണ്ടില്ല. എന്നാൽ പല തരം ധ്രുവീകരണം ദൃശ്യമാകുന്ന സംസ്ഥാനത്ത് ഒരു മാസം വരെ പിന്നിൽ നിന്ന ശേഷം ഈ നേട്ടത്തിലേക്ക് വരാൻ ബിജെപിക്കായത് ചെറിയ കാര്യമല്ല. നരേന്ദ്രമോദിയെ ബ്രഹ്മാസ്ത്രം എന്നാണ് ബിജെപി വക്താക്കൾ വിശേഷിപ്പിച്ചത്. മോദിയുടെ 21 റാലികൾ ബിജെപിയെ അവസാനലാപ്പിൽ കോൺഗ്രസിനെ മറികടക്കാൻ സഹായിച്ചു. കോൺഗ്രസിനാണ് മുൻതൂക്കം എന്ന് വിലയിരുത്തിയ സർവ്വെകൾ പോലും നരേന്ദ്രമോദിയാണ് സിദ്ധരാമയ്യയേക്കാൾ സ്വീകാര്യനായ നേതാവെന്ന് വ്യക്തമാക്കിയിരുന്നു.
അതായത് മോദിക്ക് ഏറ്റവും സ്വീകാര്യനായ ദേശീയ നേതാവായി തുടരാൻ കഴിയുന്നു. തെക്കേ ഇന്ത്യയിലും മോദി തൻറെ സ്വാധീനം തെളിയിക്കുമ്പോൾ തമിഴ്നാട്ടിലെയും ആന്ധ്രയിലെയും പ്രാദേശിക് നേതാക്കൾ സൂക്ഷിക്കണം. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാനുള്ള ബിജെപി നീക്കത്തിനും ഇത് കരുത്താകും. ലോക്സഭയ്ക്കു മുമ്പ് നടക്കേണ്ട നാലു സംസ്ഥാനങ്ങളിൽ പ്രാദേശിക ഭരണകൂടത്തിന് എതിരെയുള്ള വികാരം മോദി പ്രഭാവം ഉപയോഗിച്ചുള്ള തന്ത്രത്തിന് ബിജെപി രൂപം നല്കും. ഇനി ഈ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്തുക എന്ന അഭിപ്രായവും ബിജെപിക്കുള്ളിൽ ശക്തമായേക്കും. അതുണ്ടാവും എന്ന സൂചന ഇതുവരെ ബിജെപി നല്കിയിട്ടില്ല.
വോട്ട് നേടാനുള്ള രാഹുൽ ഗാന്ധിയുടെ കഴിവ് ഒരിക്കൽ കൂടി ചോദ്യം ചെയ്യപ്പെടുന്നു. ശശി തരൂരിനും പി ചിദംബരത്തിനും എതിരെയുള്ള കേസുകളിലൂടെ ബിജെപി വരാൻ പോകുന്നത് എന്തെന്ന സൂചന നല്കിക്കഴിഞ്ഞു. പ്രാദേശിക നേതാക്കൾ ഉൾപ്പടെ കൂടുതൽ പ്രതിപക്ഷ നേതാക്കൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രിയാവും. മോദി കഴിഞ്ഞാൽ അമിത് ഷാ എന്ന് ഇനി ബിജെപിയിൽ നിസംശയം പറയാം. മുൻ അദ്ധ്യക്ഷൻമാരെ ഉൾപ്പടെ പിന്നിലാക്കി ബിജെപിയുടെ മുഖ്യസംഘടാകനായി ഈ ജയത്തോടെ അമിത് ഷാ മാറുകയാണ്.
ഗോരഖ്പൂരിൽ എറ്റ പരാജയം ഉണ്ടാക്കിയ നിരാശ മാറ്റാൻ ബിജെപിക്ക് ഈ വിജയത്തോടെ കഴിഞ്ഞു. എന്നാൽ ഏതിർക്കുന്ന കക്ഷികൾ ഒന്നിച്ചു നിന്നാൽ ബിജെപിയെക്കാൾ കൂടുതൽ വോട്ട് നേടാനുള്ള സാധ്യത കർണ്ണാടകയിലെ കണക്കുകളും നല്കുന്നുണ്ട്.