ഹോട്ടലില്‍ നാടകീയ രംഗങ്ങള്‍; മുങ്ങിയ എംഎല്‍എമാര്‍ സഭയിലേക്ക്

ബംഗളുരു: ഇന്ന് രാവിലെ സഭയിലെത്താതിരുന്ന രണ്ട് എംഎല്‍എമാരെയും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് സഭയിലേക്ക് കൊണ്ടുപോയി. നേരത്തെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കവെ കാണാതായ രണ്ട് എംഎല്‍എമാരും ഹോട്ടല്‍ മുറിയിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കാനായി നേതാക്കള്‍ മുറിയിലെത്തിയെങ്കിലും ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എംഎല്‍എമാരായ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലും തങ്ങിയ ഹോട്ടലില്‍ നാടകീയ നീക്കങ്ങളാണ് നടന്നത്. ഡി.കെ സുരേഷും ജെ.ഡി.എസ് നേതാവ് രേവണ്ണയും വിപ്പ് നല്‍കാനായി ഹോട്ടിലെത്തിയെങ്കിലും ഇവരോട് സംസാരിക്കാനോ സഭയിലേക്ക് വരാനോ ഇവര്‍ തയ്യാറായില്ല. ഹോട്ടലിലെ സുരക്ഷാ ജീവനക്കാരുമായി കശപിശ ഉണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. വന്‍ പൊലീസ് സന്നാഹം ഹോട്ടലിന്റെ പുറത്ത് നിലയുറപ്പിച്ചിരുന്നു. ഏറെ നേരത്തെ സംസാരത്തിനൊടുവിലാണ് ഇവരെ സഭയിലേക്ക് നേതാക്കള്‍ കൂട്ടിക്കൊണ്ടുപോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആനന്ദ് സിങിനെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം റിസോര്‍ട്ടിലുണ്ടായിരുന്ന പ്രതാപ് ഗൗഡ പാട്ടീല്‍ പിന്നീട് സുഖമില്ലെന്ന് പറഞ്ഞ് പുറത്തുപോവുകയായിരുന്നു. ഇവര്‍ എന്‍ഫോഴ്‍സ്മെന്റ് കസ്റ്റഡിയിലാണെന്നും അതല്ല ബിജെപി നേതാക്കള്‍ ഇവരെ തട്ടിയെടുത്തുവെന്നും ആരോപണങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് ഇവരെ ബംഗളുരുവിലെ ഹോട്ടലില്‍ തന്നെ കണ്ടെത്തിയത്. ബിജെപി സംഘത്തോടൊപ്പമുണ്ടായിരുന്ന അവരെ ആരോപണങ്ങള്‍ ഭയന്ന് ബിജെപി നേതാക്കള്‍ തന്നെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റിയതാണെന്നും പറയപ്പെടുന്നു.

Top