ബെംഗളൂരു: കർണാടകയിൽ മികച്ച വിജയം നേടിയതിന് പിന്നാലെ ആര് മുഖ്യമന്ത്രിയാവുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചൂടേറിയ ചർച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് വൈകിട്ട് ചേരുന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തേക്കും. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും എന്നാണ് സൂചന. വൈകുന്നേരം ആറിന് ബെംഗളൂരുവിലാണ് യോഗം. ഇതിന് പിന്നാലെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണയ്ക്കുന്ന നേതാവിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാന്‍ഡ് ആലോചന. തര്‍ക്കമില്ലാതെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ന്ദീപ് സിങ്ങ് സുര്‍ജേവാല എന്നിവര്‍ ബെംഗളൂരുവില്‍ നേതാക്കളുമായി കൂടിയാലോചന നടത്തി.
സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി സ്ഥാന ലഭിച്ചേക്കുമെന്നായിരുന്നു തുടക്കത്തിലെ സൂചനകളെങ്കിലും ഡികെ ശിവകുമാറിനും പിന്തുണയേറുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പാർട്ടിയുടെ ആദ്യ നിയമസഭ കക്ഷി യോഗം ഇന്ന് നടക്കും. യോഗ ശേഷമാവും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.
സിദ്ധരാമയ്യയും ഡികെ ശിവകുമാറും രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടേക്കുമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. മധ്യപ്രദേശിൽ നിന്നും രാജസ്ഥാനിൽ നിന്നും പാഠം ഉൾക്കൊണ്ട്, കർണാടകയിൽ മുഖ്യമന്ത്രി പദത്തിലെത്താൻ രണ്ട് രാഷ്ട്രീയ പ്രവർത്തകർക്കും അവസരം നൽകാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇരു നേതാക്കളെയും 2.5 വർഷം വീതം മുഖ്യമന്ത്രിമാരാക്കിക്കൊണ്ടുള്ള പോംവഴിയായിരിക്കും കോണ്‍ഗ്രസ് തേടുക.
കഴിഞ്ഞ ദിവസം കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും ഉന്നതനായ വൊക്കലിഗ നേതാവ് കൂടിയായ ശിവകുമാർ ഇത് ഒരു കൂട്ടായ നേതൃത്വത്തിന്റെ വിജയമാണെന്നും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു, മുഖ്യമന്ത്രിയേയും കൂട്ടായി തന്നെ തീരുമാനിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ശിവകുമാർ എട്ട് തവണ എം എൽ എയായ വ്യക്തിയാണ്. മുതിർന്ന ബിജെപി നേതാവും റവന്യൂ മന്ത്രിയുമായ ആർ അശോകനെ പരാജയപ്പെടുത്തി ആറ് തവണ എം എൽ എയായ കനകപുരയിൽ നിന്ന് തന്നെയാണ് ശിവകുമാർ ഇത്തവണ വിജയിച്ചത്.
1962 മെയ് 15 ന് കനകപുരയിൽ ദൊഡ്ഡലഹള്ളി കെംപെ ഗൗഡയുടെയും ഗൗരമ്മയുടെയും മകനായി ജനിച്ച ശിവകുമാർ വിദ്യാർത്ഥി കാലം മുതലേ കടുത്ത കോൺഗ്രസുകാരനാണ്. 1980 കളിൽ വിദ്യാർത്ഥി നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം ക്രമേണ കോൺഗ്രസ് പാർട്ടിയുടെ മുന്‍ നിരയിലേക്ക് ഉയർന്നു. 1989-ൽ 27-ാം വയസ്സിൽ സത്തനൂർ അസംബ്ലി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തന്റെ കന്നി തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്.
മറുവശത്ത്, 75 കാരനായ സിദ്ധരാമയ്യയാണ് കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മറ്റൊരു പ്രധാന എതിരാളി. 2006ൽ മുൻ പ്രധാനമന്ത്രി ദേവഗൗഡ ജെഡി(എസ്)ൽ നിന്ന് പുറത്താക്കിയ ശേഷമായിരുന്നു അദ്ദേഹം കോണ്‍ഗ്രസിലേക്ക് എത്തിയത്. 1983-ൽ നിയമസഭയിൽ അരങ്ങേറ്റം കുറിച്ച സിദ്ധരാമയ്യ ലോക്ദൾ പാർട്ടി ടിക്കറ്റിൽ ചാമുണ്ഡേശ്വരിയിൽ നിന്നായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. ഈ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ വിജയിച്ച അദ്ദേഹം മൂന്ന് തവണ പരാജയം രുചിച്ചു.
2008ൽ കെപിസിസി തിരഞ്ഞെടുപ്പ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാനായിരുന്നു. 2013-18 കാലയളവിൽ കോൺഗ്രസ് സർക്കാരിന്റെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ നിലവില്‍ പ്രതിപക്ഷ നേതാവാണ്. വരുണ മണ്ഡലത്തിൽ ശക്തനായ എതിരാളിയും സ്വാധീനമുള്ള ലിംഗായത്ത് നേതാവുമായ വി സോമണ്ണയെ 46,006 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് സിദ്ധരാമയ്യ ഇത്തവണ വിജയിച്ചത്. അതേസമയം, നേരത്തെ പല സംസ്ഥാനങ്ങളിലുമാണ്ട അധികാര തർക്കം കോൺഗ്രസ് പാർട്ടിയെ സാരമായി ബാധിച്ചിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യയും കമൽനാഥും തമ്മിലുള്ള തർക്കമാണ് 2020ൽ പാർട്ടിയെ മധ്യപ്രദേശില്‍ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. സിന്ധ്യ പിന്നീട് ബി ജെ പിയില്‍ എത്തുകയും ചെയ്തു. സച്ചിൻ പൈലറ്റും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള പോരാട്ടം രാജസ്ഥാനില്‍ ഇന്നും ശക്തമാണ്.
പഞ്ചാബിലും സമാനമായ അധികാര തർക്കം ശക്തമായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇതേ തുടർന്ന് കോൺഗ്രസിന് അവരുടെ ഏറ്റവും സമർത്ഥനായ രാഷ്ട്രീയക്കാരിൽ ഒരാളായ ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ നഷ്ടപ്പെടുകയും അദ്ദേഹം പിന്നീട് ബി ജെ പിയില്‍ ചേരുകയും ചെയ്തു. ഇത്തരം പ്രശ്നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കുള്ള ശ്രമമാണ് കർണാടകയില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്.