ഒന്നാം റാങ്ക് വാങ്ങിയ കാര്‍ത്ത്യായനിയമ്മയുടെ പേപ്പര്‍ കോപ്പിയടിക്കാന്‍ ശ്രമിച്ച അപ്പൂപ്പനാരെന്ന് ഒടുവില്‍ അമ്മൂമ്മ തന്നെ പറഞ്ഞു…

ആലപ്പുഴ: അക്ഷരലക്ഷം പരീക്ഷയില്‍ നീറില്‍ തൊണ്ണൂറ്റിയെട്ട് മാര്‍ക്ക് വാങ്ങി ഒന്നാം റാങ്ക് വാങ്ങിയ 96 വയസുകാരി കാര്‍ത്ത്യായനിയമ്മ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. ഇതിന് മുമ്പ് കാര്‍ത്ത്യായനി അമ്മയുടെ ഫോട്ടോ വൈറലായിരുന്നു. പരീക്ഷ എഴുതുമ്പോള്‍ തൊട്ടപ്പുറത്തിരുന്ന അപ്പൂപ്പന്‍ അമ്മൂമ്മയുടെ പേപ്പര്‍ നോക്കി എഴുതുന്നതായിരുന്നു ആ ചിത്രം. ആര്‍ക്കും ആ അപ്പൂപ്പന്‍ ആരെന്ന് അറിയില്ല താനും. ഇപ്പോള്‍ അമ്മൂമ്മ ഒന്നാം റാങ്ക് വാങ്ങിയ നേട്ടം എല്ലാവരും ആഘോഷിക്കുമ്പോള്‍ അപ്പൂപ്പന്റെ കാര്യം മറന്നു..എന്നാല്‍ ആ അപ്പൂപ്പന്‍ മറ്റാരുമല്ല തന്റെ മരുമകനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാര്‍ത്ത്യായനിയമ്മ.
അപ്പൂപ്പനോ, അവന്‍ അപ്പൂപ്പനൊന്നുമല്ല. എന്റെ മരുമകനാ.. പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് കാര്‍ത്യായനിയമ്മ പറഞ്ഞപ്പോള്‍’ -ചുറ്റും കൂടിയിരുന്നവര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല. കാര്‍ത്ത്യായനിയമ്മയുടെ സഹോദരിപുത്രിയുടെ ഭര്‍ത്താവ് രാമചന്ദ്രനാണ് നമ്മുടെ നായകന്‍. നൂറില്‍ 88 മാര്‍ക്കാണ് ഹരിപ്പാട് സ്വദേശിയായ രാമചന്ദ്രന് ലഭിച്ചത്. പഠനത്തോടുള്ള ഇഷ്ടമാണ് ഇവരുവരെയും ക്‌ളാസ്മേറ്റ്സാക്കിയത്.

നാലാം ക്ലാസ് തത്തുല്യ പരീക്ഷയാണ് അമ്മൂമ്മ ഇപ്പോള്‍ പാസായത്. എന്നാല്‍ ഇവിടെവെച്ച് പഠനം നിര്‍ത്താന്‍ അമ്മൂമ്മ ഒരുക്കമല്ല..പത്താം ക്ലാസ് വരെ പഠിക്കണം…കംപ്യൂട്ടര്‍ പഠിക്കണം..ഒഴിവുസമയങ്ങളില്‍ കംപ്യൂട്ടറില്‍ കളിക്കണമെന്നൊക്കെയാണ് അമ്മൂമ്മ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top