ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാരപരിധിയില്‍നിന്ന്‌ കര്‍ണാടക ഹൈക്കോടതിയിലേക്കു മാറ്റാന്‍ നീക്കം

കൊച്ചി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റുന്നതിനെച്ചൊല്ലി ബി.ജെ.പിയില്‍ തർക്കം മൂത്തിരിക്കുകയാണ് . അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേലിനെ മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിം പ്രധാനമന്ത്രിക്ക് കത്തയച്ചു. എന്നാൽ ഈ ആവശ്യം ലക്ഷദ്വീപിന്റെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടി തള്ളി.

അതേസമയം കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാരപരിധിയില്‍നിന്ന്‌ കര്‍ണാടക ഹൈക്കോടതിയിലേക്കു മാറ്റാന്‍ നീക്കം. ഇതിനായുള്ള ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ ശിപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. ഹൈക്കോടതിയുടെ അധികാരപരിധി മാറ്റാന്‍ നിയമനിര്‍മാണം നടത്താനാണ്‌ കേന്ദ്രനീക്കം.

കോഴിക്കോടുള്ള ലക്ഷദ്വീപ്‌ അതോറിട്ടിയുടെ വിവിധ സ്‌ഥാപനങ്ങള്‍ ബി.ജെ.പി. സര്‍ക്കാര്‍ ഭരിക്കുന്ന കര്‍ണാടകത്തിലെ മംഗലാപുരത്തേക്കു മാറ്റിസ്‌ഥാപിക്കാനുള്ള ഒരുക്കം നടക്കുകയാണ്‌. ആദ്യഘട്ടമായി വൈദ്യുതി, പൊതുമരാമത്ത്‌ വകുപ്പ്‌ സ്‌ഥാപനങ്ങള്‍ കോഴിക്കോടുനിന്നു മാറ്റാനാണു നിര്‍ദേശിച്ചിട്ടുള്ളത്‌. ലക്ഷദ്വീപിലേക്കുള്ള ചരക്കു ഗതാഗതം ബേപ്പൂര്‍ തുറമുഖത്തുനിന്നു മംഗലാപുരത്തേക്കു മാറ്റാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്‌.


മാറ്റത്തിന്‌ പ്രത്യേക കാരണങ്ങള്‍ പറയുന്നില്ലെങ്കിലും കൂടുതല്‍ സൗകര്യപ്രദം എന്നതാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയില്‍നിന്ന്‌ ലക്ഷദ്വീപിനെ നീക്കുന്നതോടെ കേരളത്തിന്റെ ബന്ധവും സഹകരണവും ഒരുപരിധിവരെ തടയാന്‍ സഹായിക്കുമെന്നതും നീക്കത്തിനു പിന്നിലുള്ളതായി ചൂണ്ടിക്കാട്ടുന്നു. കേരള ഹൈക്കോടതിയുടെ കര്‍ശന ഇടപെടലും ലക്ഷദ്വീപ്‌ ഭരണകൂടത്തിന്‌ തലവേദനയാണ്‌. സര്‍ക്കാര്‍ ഓഫീസുകളും ഹൈക്കോടതിയും മാറുന്നതോടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കേരളത്തെ ആശ്രയിക്കേണ്ട ആവശ്യം ദ്വീപുകാര്‍ക്ക്‌ ഇല്ലാതാകും. കര്‍ണാടകയില്‍ ലക്ഷദ്വീപുകാര്‍ക്കു ചികിത്സയ്‌ക്കും വിദ്യാഭ്യാസത്തിനും ഇളവുകള്‍ നല്‍കാനും പദ്ധതിയുണ്ട്‌.

 

ലക്ഷദ്വീപില്‍ ആകെയുള്ള മൂന്നു കോടതികളില്‍ ജില്ലാ കോടതി കവരത്തിയിലാണ്‌. അമിനി ദ്വീപില്‍ സബ്‌കോടതിയും ആന്ത്രോത്തില്‍ മുന്‍സിഫ്‌ മജിസ്‌ട്രേട്ട്‌ കോടതിയും പ്രവര്‍ത്തിക്കുന്നു. കേസുകള്‍ വിരളമായതിനാല്‍ കോടതിയും പോലീസും ആവശ്യം വരുന്നതും വളരെക്കുറിച്ചു സംഭവങ്ങളില്‍. കേരളാ ഹൈക്കോടതിയിലെത്തുന്ന ലക്ഷദ്വീപിലെ കേസുകളും വളരെ കുറവാണ്‌. എന്നിട്ടും കര്‍ണ്ണാടകയിലേക്കു മാറ്റാനുള്ള നീക്കത്തിനു പിന്നില്‍ മറ്റുലക്ഷ്യങ്ങളാണെന്നാണു ചൂണ്ടിക്കാട്ടപ്പെടുന്നത്‌.

ലക്ഷദ്വീപ് തീവ്രവാദ കേന്ദ്രമാണെന്ന കെ സുരേന്ദ്രന്റെ ആരോപണം ബി.ജെ.പിയുടെ ദ്വീപ് ഘടകവും തള്ളി കോവിഡ് കാലത്ത് ജനക്ഷേമ നടപടികള്‍ നിർത്തിവെക്കുകയും കൂട്ടപിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന അഡ്മിനിസ്ട്രേറ്ററെ കേന്ദ്രം പിന്‍വലിക്കണമെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിം ആവശ്യപ്പെട്ടത്. എന്നാല്‍ അഡ്മിനിസ്ട്രേറ്റെ മാറ്റേണ്ട കാര്യമില്ലെന്നാണ് ലക്ഷദ്വീപിന്റെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷന്‍ അബ്ദുല്ലക്കുട്ടിയുടെ പ്രതികരണം.

Top