പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ പൊലീസ് കസ്റ്റഡിയില്‍. പീതാംബരനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആക്രമിച്ചതിനുള്ള പ്രതികാരമായാണ് പീതാംബരന്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യം നിര്‍വഹിച്ചത് പുറത്തുനിന്നുള്ള വിദഗ്ധ സംഘമാണ്. കസ്റ്റഡിയില്‍ ഉള്ളവരാണ് നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്. കൊല്ലപ്പെട്ടവര്‍ക്കെതിരെ മുന്‍പു സമൂഹമാധ്യമങ്ങള്‍ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ 2 സിപിഐഎം പ്രവര്‍ത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകര്‍ക്കു കൊല്ലപ്പെട്ട യുവാക്കളോടു മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.
വീടുകളില്‍ നിന്നു മാറിനില്‍ക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നു. അതേസമയം, ഇന്ന് പെരിയയിലെത്താനിരുന്ന എല്‍ഡിഎഫ് നേതാക്കളുടെ സന്ദര്‍ശനം റദ്ദാക്കി. പ്രദേശത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം അതേസമയം, കൊലപാതകത്തില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായി സൂചന. സ്ഥലത്ത് എത്തിയ കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ഒരു ജീപ്പിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലത്ത് നിന്ന് കിട്ടിയ മൂന്ന് മൊബൈല്‍ ഫോണുകളില്‍ ഒന്ന് പ്രതികളില്‍ ഒരാളുടേതാണെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും പൊലീസിന് കിട്ടിയിട്ടുണ്ട്. കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള ഈ ജീപ്പാണ് കൃപേഷിനെയും ശരത്‌ലാലിനെയും ഇടിച്ചിട്ടതെന്നാണ് കരുതുന്നത്. കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ഏഴ് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇന്നലെ പൊലീസ് രണ്ട് സിപിഐഎം അനുഭാവികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ എല്ലാവരെയും ഇന്നും ചോദ്യം ചെയ്യും. സിപിഐഎം പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സിപിഐഎം പ്രാദേശിക നേതൃത്വം കണ്ണൂരില്‍ നിന്നുള്ള ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയെന്നാണ് സൂചന. നേരത്തെ സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതില്‍ ഉള്ള പ്രതികാരമാണ് കൊലപാതകമെന്നാണ് സൂചന. ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസില്‍ ശരത്‌ലാല്‍ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
കൊലപാതകം നടന്ന ദിവസം കല്യോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഒരു കളിയാട്ട മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം നടന്നിരുന്നു. ഈ സമയത്ത് കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള ഒരു വാഹനം സ്ഥലത്ത് കണ്ടുവെന്നാണ് പൊലീസിന് മൊഴി കിട്ടിയത്. കണ്ണൂരിലെ ക്വട്ടേഷന്‍ സംഘമാണോ കൊലയ്ക്ക് പിന്നിലെന്നുള്ള സംശയം ശക്തമാകാനുള്ള കാരണമിതാണ്.
കൊലപാതകത്തിന് പിന്നിലുള്ളവര്‍ കര്‍ണാടകത്തിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. അന്വേഷണം അതുകൊണ്ട് തന്നെ കര്‍ണാടകത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിന് കര്‍ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും അവര്‍ എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, കേരളത്തിലെ പൊലീസിനെ വിശ്വാസമില്ലെന്നും, കേസന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. കേരളാ പൊലീസ് അന്വേഷിച്ചാല്‍ നീതി കിട്ടുമെന്ന് വിശ്വാസമില്ലെന്നും കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക സിപിഎം നേതാക്കളുടെ ഗൂഢാലോചനയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
ഇന്നലെ ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. കൊല്ലപ്പെട്ട കൃപേഷിന്റെ പരാതിയില്‍ നേരത്തെ ബേക്കല്‍ പൊലീസ് കേസ് എടുത്തിരുന്നു. തനിക്ക് ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും വധഭീഷണി ഉണ്ടെന്നായിരുന്നു കൃപേഷിന്റെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അരുണേശ്, നിഥിന്‍, നീരജ് എന്നിവര്‍ക്കെതിരെ കേസ് എടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തതെന്നും പൊലീസ് അറിയിച്ചു.
കൃപേഷിന്റെ തലയില്‍ മഴു പോലുള്ള ആയുധത്തിന്റെ വെട്ടേറ്റ് 13 സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവേറ്റു. തലച്ചോര്‍ പിളര്‍ന്നിരുന്നു. ശരീരത്തില്‍ വാള്‍ ഉപയോഗിച്ചുള്ള വെട്ടുമുണ്ട്. ശരത് ലാലിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 20 വെട്ടേറ്റു. പകുതിയിലധികവും കാല്‍മുട്ടിനു താഴെ. മൂര്‍ച്ചയേറിയ വാളുപയോഗിച്ചു നെറ്റിയില്‍ വെട്ടിയതിനാല്‍ 23 സെന്റീമീറ്റര്‍ നീളത്തിലുള്ള പരുക്കും മഴു പോലുള്ള കനമുള്ള ആയുധത്താല്‍ വലതു ചെവി മുതല്‍ കഴുത്തു വരെയുള്ള ആഴത്തിലുള്ള പരുക്കും മരണ കാരണമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു പൊലീസിനു കൈമാറും.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരുംകൊല ചെയ്യപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി നേതാക്കളെ ഫോണില്‍ വിളിച്ച് ദുഃഖം പങ്കുവച്ചു. പിന്നീട് കുടുംബാംഗങ്ങളോട് സംസാരിക്കുമെന്നും രാഹുല്‍ അറിയിച്ചു.