ഇരട്ടക്കൊലപാതകത്തിന്റെ ആസൂത്രകന്‍ സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗമെന്ന് സൂചന; കൃത്യം നടത്തിയത് പുറത്ത് നിന്നുള്ള പ്രൊഫഷണല്‍ സംഘം; നിര്‍ണായക വിവരങ്ങള്‍ നല്‍കി കസ്റ്റഡിയിലുള്ള പ്രതികള്‍

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഇരട്ടക്കൊലപാതകത്തിന്റെ ആസൂത്രകന്‍ സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗമെന്ന് സൂചന. ആക്രമിച്ചതിനുള്ള പ്രതികാരമായി ലോക്കല്‍കമ്മിറ്റി അംഗം കൊലപാതകം ആസൂത്രണം ചെയ്തു. കൃത്യം നിര്‍വഹിച്ചത് പുറത്ത് നിന്നുള്ള പ്രൊഫഷണല്‍ സംഘമാണ്. അക്രമികള്‍ സ്ഥലം വിട്ടിട്ടില്ലെന്നാണ് സൂചന. കസ്റ്റഡിയിലുള്ള രണ്ട് പ്രതികളാണ് നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്. അതേസമയം, കൊല നടന്ന സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത രണ്ട് ബൈക്ക് സംബന്ധിച്ചും സ്ഥലത്ത് നിന്നും കണ്ടെടുത്ത മൊബൈലിലേക്കും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇവരെ വെട്ടാന്‍ ഉപയോഗിച്ചത് എന്ന് കരുതുന്ന വടിവാളിന്റെ പിടിയും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ജീപ്പിലെത്തിയ സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കാളിയാട്ടത്തിനുള്ള സംഘാടക സമിതി യോഗത്തില്‍ ശരത്‌ലാലും കൃപേഷും പങ്കെടുക്കുവാന്‍ എത്തിയപ്പോള്‍ ജീപ്പില്‍ അജ്ഞാത സംഘം ഇവിടേക്ക് എത്തിയതായാണ് പറയപ്പെടുന്നത്. കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ജീപ്പായിരുന്നു അതെന്നും, സിപിഎം പ്രാദേശിക നേതാവ് ശരത്‌ലാലിനേയും കൃപേഷിനേയും ജീപ്പില്‍ വന്ന സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതുകൂടാതെ, ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം സംഘം കാഞ്ഞിരടുക്കത്തെ ഒരു വീട്ടിലെത്തി വസ്ത്രം മാറിയാണ് പോയതെന്നും പൊലീസിന് വിവരവം ലഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാല് മൊബൈല്‍ ഫോണുകളാണ് കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ലഭിച്ചത്. രണ്ടെണ്ണം ശരത്‌ലാലിന്റേയും ഒരെണ്ണം കൃപേഷിന്റേയുമാണെന്ന് കണ്ടെത്തി. പിന്നെയുള്ള ഒരു ഫോണ്‍ പ്രതികളുടേത് ആവുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തുകയാണ്. ഞായറാഴ്ച രാത്രി എട്ടോടെയാണ് പെരിയ കല്യോട്ട്, യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ എന്ന ജോഷി (25) എന്നിവര്‍ കൊല്ലപ്പെട്ടത്.

Top