കതിരൂര്‍ മനോജ്‌ വധം:പി.ജയരാജന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു,സി.പി.എം വാദത്തെ പ്രതിരോധിച്ചുകൊണ്ട് സി.ബി.ഐ. പി.ജയരാജന്‍ പ്രതിയല്ലെന്നല്ല. പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് പറഞ്ഞതെന്ന് സിബിഐ

കണ്ണൂര്‍ : കതിരൂര്‍ മനോജ്‌ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശ്ശേരി ജില്ലാ സെഷന്‍സ്‌ കോടതിയിലാണ്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്‌. കതിരൂര്‍ മനോജ്‌ വധക്കേസിലെ പ്രതി വിക്രമന്‍ വിക്രമന്‍ തന്റെ ഡ്രൈവര്‍ അല്ലായിരുന്നുവെന്നും വിക്രമന്‌ ഡ്രൈവിങ്‌ ലൈസന്‍സ്‌ ഇല്ലായിരുന്നുവെന്നും ജയരാന്റെ ജാമ്യഹര്‍ജിയില്‍ പറയുന്നു. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

 

അതേസമയം കതിരൂര്‍ മനോജ് വധവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പ്രതിയല്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് സിബിഐ. ആദ്യകുറ്റപത്രത്തിലും ജയരാജന്റെ പങ്ക് പരാമര്‍ശിച്ചിരുന്നു. ജയരാജനെ പ്രതിചേര്‍ത്തിട്ടില്ല എന്നുമാത്രമാണ് പറഞ്ഞത്. അതിനര്‍ഥം പ്രതിയല്ല എന്നല്ല, ജയരാജനും പങ്കുണ്ട്. ഇതിനുള്ള തെളിവുകള്‍ ശേഖരിച്ച് പരിശോധിക്കുന്നുവെന്നാണ് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍പ് രണ്ടു തവണയും ജയരാജന്‍ പ്രതിയല്ല എന്നാണ് സിബിഐ കോടതിയെ അറിയിച്ചിരുന്നത്. പിന്നെ എങ്ങനെയാണ് പെട്ടെന്ന് അദ്ദേഹം പ്രതിയാവുകയെന്നായിരുന്നു സംഭവത്തോട് സിപിഎം പ്രതികരിച്ചത്. ആര്‍എസ്എസ്സിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ജയരാജനെതിരെയുള്ള പുതിയ നടപടിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് സിബിഐ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

മനോജ് വധത്തിന്റെ മുഖ്യസൂത്രധാരന്‍ ജയരാജനാണെന്നാണ് സിബിഐ വ്യാഴാഴ്ച കോടതിയില്‍ അറിയിച്ചത്. കൊലപാതകക്കേസില്‍ പി. ജയരാജനെ 25–ാം പ്രതിയാക്കി സിബിഐ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കി. ഭീകരപ്രവര്‍ത്തനം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയതിനു യുഎപിഎ 18–ാം വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്താണു ജയരാജനെതിരെ സിബിഐ കേസ് എടുത്തിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചനയും വധശ്രമവും കൊലപാതകവും അടക്കമുള്ള വകുപ്പുകളും സ്ഫോടകവസ്തു നിരോധന നിയമപ്രകാരവും കേസുണ്ട്. പി. ജയരാജനു മനോജിനോടു വ്യക്തിപരമായും രാഷ്ട്രീയപരമായും ഉള്ള വൈരാഗ്യമാണു കൊല ആസൂത്രണം ചെയ്യാന്‍ ജയരാജനെ പ്രേരിപ്പിച്ചതെന്നു സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎപിഎ പ്രകാരമുള്ള കേസാണ്‌ എന്നതുകൊണ്ടുതന്നെ വിശദമായ നിയമോപദേശങ്ങള്‍ക്ക്‌ ശേഷമാണ്‌ പി.ജയരാജന്റെ അഭിഭാഷകന്‍ കെ.വിശ്വന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയ്യാറാക്കിയിരിക്കുന്നത്‌. നേരത്തെ രണ്ടു തവണ ഇതേകേസില്‍ ജയരാജന്‍ മുന്‍കൂര്‍ ജാമ്യത്തിന്‌ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

Top