കൊച്ചി:കാവ്യാമാധവനും മീനാക്ഷിയും ജയിലില്‍ എത്തി ദിലീപിനെ കണ്ടു. 20 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. നേരത്തെ നടന്‍ ദിലീപിനെ കാണാന്‍ നാദിര്‍ഷ ആലുവ ജയിലിലെത്തിയിരുന്നു.. പത്തുമിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. സംസാരത്തിനൊടുവില്‍ നാദിര്‍ഷയും ദിലീപും പൊട്ടിക്കരഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.
അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാദിര്‍ഷ, ദിലീപിനെ കാണാന്‍ ജയിലിലെത്തിയത്.
ഈ മാസം ആറിനാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍. വീട്ടിലും ആലുവ മണപ്പുറത്തുമായി നടക്കുന്ന ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടു മണിക്കൂറിനകം ജയിലില്‍ തിരിച്ചെത്തണമെന്ന് കോടതി ദിലീപിനോട് നിര്‍ദേശിച്ചു.പൊലീസ് സംരക്ഷണയോടെ വേണം പുറത്തു പോകാനെന്നും കോടതി ആവശ്യപ്പെട്ടു.
ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും ദിലീപ് അപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിനെ ജയിലില്‍നിന്ന് പുറത്തുവിടുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായ എതിര്‍ത്തിരുന്നു.
കഴിഞ്ഞ വര്‍ഷവും ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുത്തില്ലായിരുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ അപേക്ഷയെ എതിര്‍ത്തത്. കഴിഞ്ഞ വര്‍ഷം ശ്രാദ്ധ ദിവസത്തില്‍ ദിലീപ് തൃശൂരിലായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ദിലീപിന്റെ മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ സമര്‍പ്പിച്ചാണ് പ്രോസിക്യൂഷന്‍ അപേക്ഷ എതിര്‍ത്തത്. എന്നാല്‍ ഈ വാദങ്ങളെ കോടതി തള്ളുകയായിരുന്നു.
അതേസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ കോടതി മുമ്ബാകെ ഹാജരാക്കിയത്. എന്തെങ്കിലും പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.