കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങളെ ശക്തമായി നേരിടാന്‍ കസാഖിസ്ഥാന്‍. കുട്ടികളോട് അതിക്രമം കാണിച്ചെന്ന് തെളിയുന്ന കേസുകളില്‍ പ്രതികളെ വന്ധ്യംകരിക്കുന്ന ശിക്ഷ നല്‍കാനാണ് രാജ്യം ഒരുങ്ങുന്നത്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു.
പ്രതികളെ ഷണ്ഡീകരിക്കാനുള്ള 2000 കുത്തിവെയ്പ്പിന് ആവശ്യമായ ഫണ്ടിന് സര്‍ക്കാര്‍ അനുമതിനല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 37,200 ഓസ്‌ട്രേലിയന്‍ ഡോളറിന്റെ (ഏകദേശം 19 ലക്ഷം രൂപ) ഫണ്ടിനാണ് കസാഖ്‌സ്താന്‍ പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവ് അംഗീകാരം നല്‍കിയത്.
ബാലലൈംഗികക്കേസുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ മരുന്നുപയോഗിച്ച് ഷണ്ഡീകരിക്കാനുള്ള നിയമം കസാഖ്‌സ്താന്‍ ഈ വര്‍ഷമാദ്യം പാസാക്കിയിരുന്നു. നിലവിലെ കോടതിയുത്തരവ് പ്രകാരം നിര്‍ബന്ധിത ഷണ്ഡീകരണം നടപ്പാക്കാനുള്ള ഒരു കേസാണുള്ളത്. 2016 ഏപ്രിലില്‍ ബാലലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ തുര്‍കിസ്താന്‍ മേഖലയില്‍നിന്നുള്ളയാളെയാണ് ആദ്യം ഇതിന് വിധേയനാക്കുക. കസാഖ്‌സ്താന്‍ ആരോഗ്യമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഇയാള്‍ക്ക് കുത്തിവെപ്പ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ബാലലൈംഗിക പീഡനക്കേസുകളില്‍ 20 വര്‍ഷംവരെ തടവുശിക്ഷയാണ് കസാഖ്‌സ്താന്‍ നല്‍കുന്നത്. 2010 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ രാജ്യത്ത് കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസുകള്‍ ഇരട്ടിയായതായി കസാഖ്‌സ്താന്‍ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ കണ്ടെത്തിയിരുന്നു.