ഇരിക്കൂര്‍: കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിഷേധം ഭയന്ന് ഇരിക്കൂര്‍ മണ്ഡലത്തിലെത്തിയില്ല. ജില്ലയിലെ പേരാവൂര്‍ ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളില്‍ ഉമ്മന്‍ ചാണ്ടി പ്രചാരണത്തിനായി എത്തിയെങ്കിലും വിശ്വസ്തന്റെ മണ്ഡലമായ ഇരിക്കൂറില്‍ പ്രവേശിക്കാതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പ്രധാനിയായി അറിയപ്പെടുന്ന കെസി ജോസഫിനും ഇത് കനത്ത തിരിച്ചടിയായി. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പോലും നിശ്ചലമായ അവസ്ഥയില്‍ ഉമ്മന്‍ ചാണ്ടിയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി എത്താതിരുന്നത് യുഡിഎഫ് കേന്ദ്രങ്ങളെയും ഞെട്ടിച്ചു.
ഇരിക്കൂറില്‍ മുഖ്യമന്ത്രി എത്തുമ്പോഴുണ്ടാകുന്ന ജനങ്ങളുടെ വികാരമറിയാന്‍ മണ്ഡലത്തിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉമ്മന്‍ ചാണ്ടി മണ്ഡലത്തില്‍ ഉണ്ടാവില്ലെന്ന അറിയിപ്പാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കുകയും മരണ വീട്ടിലേയ്ക്ക് പോകാന്‍ പോലും കഴിയാത്ത സാഹചര്യവും ഉണ്ടായതോടെ മണ്ഡലത്തില്‍ മുഖ്യന്ത്രിക്കെതിരെയും പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഉമ്മന്‍ ചാണ്ടിയെ ഇരിക്കൂര്‍ തൊടാതെ മുങ്ങാന്‍ പ്രേരിപ്പിച്ചത്.
കെസി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് ഉമ്മന്‍ ചാണ്ടി മാറിനിന്നത് ജില്ലയിലെ യുഡിഎഫ് കേന്ദ്രങ്ങളിലും അമ്പരപ്പുണ്ടാക്കിയട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മണ്ഡലത്തിലെത്തുന്നതോടെ പ്രവര്‍ത്തകരുടെ പ്രതിഷേധം അയയുമെന്ന് കരുതിയിരുന്ന കെസി ജോസഫിനും ഈ നിലപാട് ഇരുട്ടടിയായി. മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രതിഷേധമുയര്‍ന്നാല്‍ അത് വന്‍ വാര്‍ത്തയാകുമെന്നും മുഖ്യമന്ത്രിക്ക് തിരിച്ചടിയാകുമെന്നുമുളള ഭയത്തിലാണ് കെസിയെയും കൈവിടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇരിക്കൂരില്‍ നിന്ന് മുഖ്യമന്ത്രി മുങ്ങിയത് അണികള്‍ക്കിടയില്‍ പ്രതിഷേധമായതോടെ ഫേയ്‌സ് ബുക്കില്‍ കെസി ജോസഫിന്റെ ചിത്രവുമായി ഉമ്മന്‍ ചാണ്ടിയെത്തിയതും അണികളെ ഞെട്ടിച്ചു. മുഖ്യമന്ത്രിയുടെ ഫേയ്‌സ് ബുക്കില്‍ കെസിയുടെ ഫോട്ടോയെത്തിയതോടെ ഇരിക്കൂരിലെയും കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെയും കോണ്‍ഗ്രസുകാര്‍ പൊങ്കാലയാണ് നടത്തിയത്.
ഇരിക്കൂര്‍ മണ്ഡലത്തില്‍ മുമ്പെങ്ങും ഇല്ലാത്ത വിധം യുഡിഎഫ് ക്യാമ്പില്‍ പ്രതിഷേധമുയര്‍ന്നത് വിജയ പ്രതീക്ഷകളെ തന്നെ ബാധിച്ചിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ ബഹിഷ്‌ക്കരണവും. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധത്തിനാണ് ഇരിക്കൂരും കെസി ജോസഫും സാക്ഷ്യം വഹിയ്ക്കുക എന്നതിന് തെളിവാണ് ഇന്നത്തെ സംഭവവികാസങ്ങള്‍