കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് നീതി തേടി സമരമുഖത്തുള്ള കന്യാസ്ത്രീകള്‍ക്കെതിരെ കെസിബിസി രംഗത്ത്. കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതെന്ന് കെ.സി.ബി.സി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. സഭയെയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണ്. സമ്മര്‍ദത്തിന് വഴങ്ങാതെ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണം.നിഷ്പക്ഷ അന്വേഷണത്തിലൂടെ കണ്ടെത്തുന്ന കുറ്റവാളിയെ നിയമപ്രകാരം ശിക്ഷിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് കത്തോലിക്ക സഭയുടെ നിലപാടെന്നും അവര്‍ വ്യക്തമാക്കി. നിയമവാഴ്ച നടക്കണം, മാധ്യമങ്ങളുടെ സമാന്തര അന്വേഷണവും വിചാരണയുമല്ല വേണ്ടത്. സഭ ആരെയും വിധിക്കുന്നില്ല, നീതീകരിക്കുന്നുമില്ലെന്നും ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു.
ഇതിനിടെ ബിഷപ്പിനെതിരെ മുംബൈ അതിരൂപത രംഗത്തെത്തി. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടു. നിഷ്പക്ഷ അന്വേഷണത്തിന് ബിഷപ് മാറി നില്‍ക്കുന്നതാണ് നല്ലത്. ഇപ്പോഴത്തെ സംഭവങ്ങള്‍ സഭയുടെ പ്രതിച്ഛായയെ മോശമായി ബാധിച്ചുവെന്നും അവര്‍ വ്യക്തമാക്കി.
അതേ സമയം കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ തള്ളി ലത്തീന്‍ സഭ. ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെതന്നെ രാജിവെക്കേണ്ടതായിരുന്നുവെന്ന് കേരള റീജിയണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
വ്യക്തിപരമായി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും സഭയ്‌ക്കെതിരായ നിലപാടാണ് എന്ന ഫ്രാങ്കോയുടെ വ്യാഖ്യാനം ശരിയല്ല. ഇക്കാര്യത്തില്‍ ഞാനാണ് സഭ എന്ന നിലപാടും ശരിയല്ല. സഭാവിശ്വാസികള്‍ക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ലത്തീന്‍ സഭാ വാക്താവ് ഷാജി ജോര്‍ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സഭാ പിതാവെന്ന നിലയില്‍ ഫ്രാങ്കോ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മിക ബോധവും നീതിബോധവും വിശ്വാസസ്ഥൈര്യവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. തികച്ചും വ്യക്തിപരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അത്തരം ആരോപണങ്ങളുണ്ടാകുമ്പോള്‍ ഉന്നതസ്ഥാനീയര്‍ പുലര്‍ത്തേണ്ട ധാര്‍മിക നടപടികളാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്.
രാജിവെക്കാന്‍ ആഗ്രിഹിച്ചിരുന്നുവെന്ന ഫ്രാങ്കോയുടെ പ്രസ്താവന നേരത്തെ തന്നെ ഉണ്ടാകേണ്ടതായിരുന്നു. സഭാ വിശ്വാസികള്‍ക്ക് അപമാനവും ഇടര്‍ച്ചയുമുണ്ടാകുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതില്‍ സഭയെ എതിര്‍ക്കുന്നവരുടെ ഗൂഢാലോചനയുമുണ്ടാകാം എന്നാല്‍ അതൊന്നും സംഭവിക്കാതിരിക്കാന്‍ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിച്ചിരുന്നെങ്കില്‍ പൊതുസമൂഹത്തില്‍ ഫ്രാങ്കോ അംഗീകരിക്കപ്പെടുമായിരുന്നുവെന്നും ഷാജി ജോര്‍ജ് പ്രസ്താനയില്‍ കൂട്ടിച്ചേര്‍ത്തു.