ബ്ലാസ്റ്റേഴ്‌സ് പൂനയെ സമനിലയില്‍ തളച്ചു

കൊച്ചി: പുതിയ കോച്ചിന്റെ നേതൃത്വത്തിലെ ആദ്യ പോരാട്ടത്തിൽ ബ്ലാസ് റ്റേഴ്സിന് സമനില.  2018 ലെ   ആദ്യ പോരാട്ടത്തിലും ‘സമനില’യോടുള്ള ഇഷ്ടം വിടാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മുഖ്യ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ പാതിവഴിയില്‍ രാജിവച്ചു പോയശേഷമുള്ള ആദ്യ മല്‍സരത്തില്‍ കരുത്തരായ പുണെ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ നേടിയ ഈ മല്‍സരത്തോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പേരില്‍ കുറിക്കപ്പെട്ടത് സീസണിലെ അഞ്ചാം സമനില. ലീഗിലെ മറ്റേതൊരു ടീമിനേക്കാളും സമനിലകളുടെ എണ്ണത്തില്‍ ബഹുദൂരം മുന്നില്‍. മാര്‍സലീഞ്ഞോ (33) ആദ്യപകുതിയില്‍ നേടിയ ഗോളിലൂടെ മുന്നില്‍ക്കയറിയ പുണെയെ രണ്ടാം പകുതിയില്‍ മാർക്ക് സിഫ്നിയോസ് (73) നേടിയ ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ കുരുക്കിയത്. കെട്ടഴിഞ്ഞ പ്രകടനത്തിലൂടെ ആദ്യപകുതിയിൽ കാണികളെ നിരാശപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയിൽ അവിശ്വസനീയമായി തിരിച്ചുവന്നാണ് മൽസരം സമനിലയിലാക്കിയത്.

മലപ്പുറം സ്വദേശി ആഷിഖ് കരുണിയനാണ് പുണെയുടെ ഗോളിന് അവസരമൊരുക്കിയത്. ടൂര്‍ണമെന്റില്‍ അപാര ഫോമില്‍ കളിക്കുന്ന പുണെ കേരള ഗോള്‍ മുഖത്ത് തുടരെത്തുടരെ ആക്രമണം നടത്തി. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് സ്വന്തം ഗ്രൗണ്ടില്‍ പോലും ഫോം കണ്ടെത്താനായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജയിംസ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ പ്രഖ്യാപിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായിരുന്ന ദിമിറ്റർ ബെർബറ്റോവും വെസ് ബ്രൗണും മഞ്ഞക്കുപ്പായത്തിൽ ആദ്യമായി ഒരുമിച്ചു കളിക്കുന്നതിന്റെ ത്രില്ലിലായിരുന്നു ആരാധകർ. പരുക്കു ഭേദമായി തിരിച്ചെത്തിയ സൂപ്പർതാരം ദിമിറ്റർ ബർബറ്റോവ് ആദ്യ ഇലവനിൽ ഇടംപിടിച്ചതോടെയാണ് ബെർബ-ബ്രൗൺ കൂട്ടുകെട്ട് ഒരുമിച്ച് പന്തുതട്ടുന്നതിന് കളമൊരുങ്ങിയത്. ഇയാൻ ഹ്യൂം, മാർക് സിഫ്നിയോസ് തുടങ്ങിയ പ്രമുഖരെല്ലാം ടീമിൽ ഇടം കണ്ടെത്തിയപ്പോൾ കഴിഞ്ഞ മൽസരത്തിൽ പരുക്കുമൂലം പുറത്തിരുന്ന റിനോ ആന്റോയും ആദ്യ ഇലവനിൽ തിരിച്ചെത്തി. അപ്പോഴും ആരാധകരെ നിരാശപ്പെടുത്തിയത് പരുക്കുമാറാതെ പുറത്തിരുന്ന സി.കെ. വിനീത് മാത്രം. സുഭാശിഷ് റോയി തന്നെ ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാക്കാനെത്തി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി ഡേവിഡ് ജയിംസ് എത്തിയപ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകര്‍. ആ പ്രതീക്ഷ കൈവിടാത്തതായിരുന്നു ഇന്നത്തെ വിജയസമാനമായ ബ്ലസ്റ്റേഴ്‌സിന്റെ സമനില. പുതിയ പരിശീലകന്റെ തന്ത്രങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് കലൂര്‍ സ്റ്റേഡിയത്തില്‍ എഫ്.സി പുണെ സിറ്റിയെ ബ്ലാസ്റ്റേഴ്സ് നേരിടാനൊരുങ്ങവെ പൊടുന്നനെ മ്യൂലന്‍സ്റ്റീന്‍ രാജിവച്ചത് ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്സിന് 11 മല്‍സരം ബാക്കിയുള്ളപ്പോഴാണു മ്യൂലന്‍സ്റ്റീന്റെ പടിയിറക്കവും ഡേവിഡ് ജയിംസിന്റെ തിരിച്ചുവരവും. പുണെ സിറ്റി എഫ്സിക്കെതിരെ നടക്കുന്ന മല്‍സരത്തിന്റെ ചുമതല ടീമിന്റെ സഹപരിശീലകന്‍ താങ്ബോയി സിങ്തോയ്ക്കു നല്‍കിയിരുന്നു

മ്യൂലന്‍സ്റ്റീന്റെ രാജിക്ക് പിന്നാലെ ഡേവിഡ് ജെയിംസ് കേരളത്തിലെത്തിയിരുന്നു. ഐഎസ്എല്‍ ഒന്നാം സീസണില്‍ ബ്‌ളാസ്റ്റേഴ്‌സിന്റെ പരിശീലകനും ഗോള്‍കീപ്പറുമായിരുന്നു ഡേവിഡ് ജെയിംസ്. അന്ന് ബ്‌ളാസ്റ്റേഴ്‌സ് ഫൈനലിലെത്തുകയും ചെയ്തു.

പുണെ ആദ്യ ഗോൾ: ആദ്യ മിനിറ്റു മുതൽ ഓങ്ങിയോങ്ങി വച്ച ഗോൾ പുണെ സ്വന്തമാക്കുമ്പോള്‍ മൽസരത്തിന് പ്രായം 33 മിനിറ്റ്. മാർസലീഞ്ഞോയുടെ ഗോളിന് വഴിയൊരുക്കി കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം തകർത്തത് മലപ്പുറം സ്വദേശി ആഷിഖ് കരുണിയൻ. തുടർച്ചയായി ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ പുണെ താരങ്ങൾ ചെലുത്തിയ സമ്മർദ്ദത്തിൽനിന്നായിരുന്നു ഗോളിന്റെ പിറവി. ആഖിഷ് കരുണിയനുമൊത്ത് പന്ത് കൊടുത്തും മേടിച്ചും മാർസലീഞ്ഞോ ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിലേക്ക് കടക്കുമ്പോൾ വെസ് ബ്രൗണും ജിങ്കാനും ഉൾപ്പെടെയുള്ള താരങ്ങൾ അവിടെയുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സ് പ്രതിരോധം പിളർത്തി ബോക്സിനു വലതുവശത്തേക്ക് കയറിയെത്തിയ മാർസലീഞ്ഞോയെ ലക്ഷ്യമിട്ട് ആഷിഖ് പന്തു നീട്ടുമ്പോൾ മുന്നിൽ ഗോളി മാത്രം. മികച്ചൊരു പ്ലേസിങ്ങിലൂടെ ആ വെല്ലുവിളിയും മറികടന്ന മാർസലീഞ്ഞോ അനായാസം പുണെയ്ക്ക് ലീഡ് സമ്മാനിച്ചു. പ്രതിരോധത്തിൽ മികച്ച ഫോമിൽ കളിച്ച ജിങ്കാനെ അൽഫാരോ സ്റ്റെഫാനോ ബുദ്ധിപൂർവം തടയുക കൂടി ചെയ്തതോടെ സ്റ്റേഡിയം കണ്ടത് മികച്ച ടീം വർക്കും അതിലും മികച്ച ഗോളും. പുണെ മുന്നിൽ. 1-0.

ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ: ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന ഗോൾ കലൂർ സ്റ്റേഡിയത്തിൽ യാഥാർഥ്യമാകുമ്പോൾ മൽസരത്തിന് പ്രായം 73 മിനിറ്റ്. രണ്ടാം പകുതിയിൽ മികച്ച കളി കെട്ടഴിച്ച ബ്ലാസ്റ്റേഴ്സിന് അർഹിക്കുന്ന ഗോള്‍ നേടിയത് ഡച്ച് താരം മാർക്കസ് സിഫ്നിയോസ്. കന്നി ഐഎസ്എൽ മൽസരം കളിക്കുന്ന കെസിറോൺ കിസീറ്റോ മധ്യവരയ്ക്കു സമീപത്തുനിന്നും നീട്ടിനൽകിയ നെടുനീളൻ പാസുമായി ഇടതുവിങ്ങിലൂടെ ഘാന താരം കറേജ് പെകൂസന്റെ മുന്നേറ്റം. അതിവേഗത്തിൽ ബോക്സിനുള്ളിലേക്ക് കടന്ന പെകൂസനിൽനിന്നും ഷോട്ട് പ്രതീക്ഷിച്ചുനിന്ന താരങ്ങളെ കബളിപ്പിച്ച് താരം പന്ത് ബോക്സിനു മധ്യത്തിൽ സിഫ്നിയോസിനു നീട്ടുന്നു. എതിരാളികൾക്ക് യാതൊരു അവസരവും നൽകാതെ സിഫ്നിയോസിന്റെ ഷോട്ട് വലയിൽ. സ്റ്റേഡിയം അക്ഷരാർഥത്തിൽ പൊട്ടിത്തെറിച്ചു. സിഫ്നിയോസിന്റെ മിടുക്കിനൊപ്പം പെകൂസന്റെ പാസിനും നൂറു മാർക്ക്. ബ്ലാസ്റ്റേഴ്സ് ഒപ്പം. സ്കോർ 1-1

പരുക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയ ദിമിറ്റർ ബെർബറ്റോവിനു പകരം പുതിയതായി ടീമിലെത്തിയ ഉഗാണ്ട താരം കെസിറോൺ കിസീറ്റോയെ കളത്തിലിറക്കിയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി ആരംഭിച്ചത്. ആദ്യപകുതിയെ അപേക്ഷിച്ച് വളരെയേറെ മെച്ചപ്പെട്ട പ്രകടനമായിരുന്നു രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റേത്. യുവതാരം കിസീറ്റോയുടെ ഊർജവും ചുറുചുറുക്കും ടീമിലേക്കും വ്യാപിച്ചതോടെ മിക്കപ്പോഴും കളിയിൽ മേധാവിത്തം പുലർത്താനും ബ്ലാസ്റ്റേഴ്സിനായി. മൈതാനം നിറഞ്ഞുകളിച്ച കിസീറ്റോ കാണികളുടെയും കയ്യടി നേടി. രണ്ടാം പകുതിയിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിന് ഗോളിന്റെ രൂപത്തിൽ പ്രതിഫലമെത്തുമ്പോൾ മൽസരത്തിന് പ്രായം 73 മിനിറ്റ്. ഗോളോളം അഴകുള്ള പെകൂസന്റെ പാസിൽനിന്നും സിഫ്നിയോസ് ഗോള്‍ നേടുമ്പോൾ സ്റ്റേഡിയം മഞ്ഞക്കടലായി ഇളകി മറിഞ്ഞു.

Top