തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ തുടരുകയാണ്. ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിനെ മഴ സാരമായി ബാധിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിൽ തിങ്കളാഴ്ച രാവിലെ മുതല്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. നീന്തിവന്ന് വോട്ട് ചെയ്യേണ്ട അവസ്ഥയിലാണ് പലയിടത്തെയും വോട്ടർമാർ
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്,കോന്നി,അരൂര്‍,എറണാകുളം നിയമസഭ മണ്ഡലങ്ങളിലും മഴ തുടരുന്നത് പോളിങ്ങിനെയും ബാധിച്ചു. അരൂരിലെയും കോന്നിയിലെയും പല ബൂത്തുകളിലും വൈദ്യുതി ബന്ധം തകരാറിലായി. കോന്നിയില്‍ 25 ബൂത്തുകളില്‍ വൈദ്യുതി മുടങ്ങി. മഴ തുടരുന്നതിനാല്‍ പോളിങ് ബൂത്തുകളിലേക്ക് പോകാന്‍ വോട്ടര്‍മാരും മടിക്കുകയാണ്. വോട്ടെടുപ്പ് മാറ്റിവെയ്‌ക്കേണ്ട സാഹചര്യം നിലവില്ലെന്നും ബന്ധപ്പെട്ടവരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വേറൊരു വഴിയുമില്ലെങ്കില്‍ റീപോളിങ് പരിഗണിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ വ്യാപകനാശനഷ്ടമുണ്ടായി. മണ്‍റോ തുരത്തിലെ രണ്ടുവീടുകള്‍ തകര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചി എം.ജി. റോഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍,നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡുകള്‍,കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. കലൂര്‍ സബ് സ്റ്റേഷനില്‍ വെള്ളം കയറി വൈദ്യുതി വിതരണം തടസപ്പെട്ടു. എറണാകുളം സൗത്തിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ പല ട്രെയിനുകളും വിവിധ സ്റ്റേഷനിലുകളായി പിടിച്ചിട്ടിരിക്കുകയാണ്. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി.