കാലവര്‍ഷം; അടുത്ത 24 മണിക്കൂറില്‍ ബെംഗളൂരുവില്‍ കനത്ത മഴയ്ക്ക് സാധ്യത  

ബെംഗളൂരു: കര്‍ണാടകത്തില്‍ ഇത്തവണ കാലവര്‍ഷം കനക്കും.ബെംഗളൂരുവില്‍ ഇതിനോടകം തന്നെ കനത്ത മഴ ലഭിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ബെംഗളൂരുവില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തമിഴ്നാട്, രാജ്യത്തെ മറ്റ് തീരദേശ മേഖലകള്‍ എന്നിവിടങ്ങളിലും ഇത്തവണ കാലവര്‍ഷം നേരത്തേ എത്തിയിട്ടുണ്ട്. നിലവില്‍ കര്‍ണാടകയുടെ തെക്കന്‍ ഭാഗങ്ങളിലും തമിഴ്നാട്, പുതുച്ചേരി, റായല്‍സീമ, ആന്ധ്രാപ്രദേശിലെ തീരദേശമേഖലകള്‍ എന്നിവിടങ്ങിലേക്കും കാലവര്‍ഷം അടുക്കുകയാണെന്നും വകുപ്പ് വ്യക്തമാക്കി. അതേസമയം കൊങ്കണ്‍ ഗോവ മേഖലകളിലും മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും ചുഴലിക്കാറ്റിന് സാധ്യത ഉണ്ടെന്നും വകുപ്പ് അറിയിച്ചു.

കേരളത്തില്‍ മെയ് 29 ന് തന്നെ കാലവര്‍ഷം ഇത്തവണ എത്തിയിരുന്നു. ജൂണ്‍ ഒന്നോടെ കര്‍ണാടകത്തില്‍ മഴ ലഭിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ചില കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൊണ്ടാണ് മഴ ലഭിക്കാന്‍ വൈകിയതെന്ന് വകുപ്പ് അറിയിച്ചു.തീരദേശ മേഖലകളിലും രാജ്യത്തെ തെക്കന്‍ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൃഷിക്ക് അനുകൂലമായ രീതിയില്‍ ഇത്തവണ സംസ്ഥാനത്ത് വേനല്‍മഴ ആവശ്യത്തിന് ലഭിച്ചിരുന്നെന്നും വകുപ്പ് വ്യക്തമാക്കി.

Top