സംസ്ഥാനത്ത് കനത്ത മഴ; കോഴിക്കോട് രണ്ടിടത്ത് ഉരുള്‍പ്പൊട്ടി

ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴ.തോരാതെ പെയ്യുന്ന മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പല പുഴകളും കര കവിഞ്ഞ് ഒഴുകുകയാണ്. ആലപ്പുഴ പുറക്കാട്ട് കരിനിലപ്പാടത്ത് മട തകര്‍ന്ന് വ്യാപകമായ കൃഷിനാശം ഉണ്ടായി. 438ഏക്കര്‍ പാടമാണ് വെള്ളം കയറി നശിച്ചത്. രണ്ടാം വിളയ്ക്കുള്ള നെല്ല് മുഴുവന്‍ വെള്ളത്തിന് അടിയിലായി. രണ്ടിടത്ത് പുറം ബണ്ടുകളും തകര്‍ന്നു.
കോതമംഗലം ഭൂതത്താൻക്കെട്ടിൽ കനത്ത മഴയിൽ കലുങ്ക് ഇടിഞ്ഞുവീണു. ഭൂതത്താൻക്കെട്ട് ഇടമലയാർ റോഡിലാണ് സംഭവം. ഇതോടെ ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

രണ്ട് ആദിവാസി ഊരുകളും വടാട്ടുപാറയിലെ പതിനായിരത്തോളം പ്രദേശവാസികളും ഒറ്റപ്പെട്ടു. ഇരുവഴിഞ്ഞിപ്പുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. ഭവാനിപ്പുഴയും നിറഞ്ഞൊഴുകുകയാണ്. കോഴിക്കോട്ട് ഇന്നലെ മുതല്‍ മഴ നിറുത്താതെ പെയ്യുകയാണ്. മലയോര പ്രദേശങ്ങളില്‍ രണ്ടിടത്ത് ഉരുള്‍പ്പൊട്ടി. മലവെള്ളപ്പാച്ചിലും ഭീഷണിയാകുന്നുണ്ട്.  കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വയനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.  അട്ടപ്പാടിയില്‍ റോഡ് തകര്‍ന്നു, പട്ടിമാളം ഊര് ഒറ്റപ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Top