തിരുവനന്തപുരം: ബിജെപി മന്ത്രിമാര്‍ കള്ളം പറയുന്നത് ആദ്യമായൊന്നമല്ല. പല കള്ളങ്ങളും ആവര്‍ത്തിച്ചു പൊളിഞ്ഞിട്ടും അവര്‍ ആ പരിപാടി നിര്‍ത്തിയിട്ടുമില്ല. എന്നാല്‍ ഒരു സംസ്ഥാനത്തിലെ മുഖ്യമന്ത്രി ഒരു കാര്യം ആവശ്യപ്പെട്ടു എന്ന വളരെ കുഴപ്പം പിടിച്ച കള്ളമാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. സംഗതി വേറൊന്നുമല്ല പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടു എന്ന കിരണ്‍ റിജിജുവിന്റെ കള്ളമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടുവെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധിക്കുകയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍.എസ്.എസിനെയാണെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍ മധ്യപ്രദേശിലെ തേകന്‍പൂരില്‍ നടന്ന ഡി.ജി.പിമാരുടെ യോഗത്തില്‍ കേരള ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നെന്നാണ് കിരണ്‍ റിജിജു പറഞ്ഞത്. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ യോഗത്തില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നെന്നും കിരണ്‍ റിജിജു പറഞ്ഞിരുന്നു.
ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോ വിളിച്ചുചേര്‍ത്ത ഡി.ജി.പി മാരുടെ യോഗത്തില്‍ ബെഹ്റ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
കഴിഞ്ഞവര്‍ഷം നാലു കേസുകള്‍ പരാമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ഒമ്പതു കേസുകള്‍ പരിശോധിച്ചതില്‍ നാലു കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പങ്ക് സ്ഥാപിക്കപ്പെട്ടതാണെന്നും എന്‍.ഐ.എ പറയുന്നു.