കോട്ടയം: ജോസ് കെ.മാണിയുടെ റബര്‍ കര്‍ഷക പ്രേമം ബാര്‍ കോഴക്കേസില്‍ നഷ്ടമായ പ്രതിഛായ വീണ്ടെടുക്കുന്നതിനൊപ്പം യുഡിഎഫ് വിടേണ്ടിവന്നാല്‍ ബിജെപി എന്ന തുരുത്തു സജീവമാക്കി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയെന്നു സൂചന. കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിയും കെ.എം മാണിയുടെ പുത്രനുമായ ജോസ് കെ.മാണി ഇപ്പോള്‍ തിരുനക്കര മൈതാനത്ത് നടത്തുന്ന സമരം അവസാനത്തിലേയ്ക്കു എത്തുമ്പോള്‍, രണ്ടു ലക്ഷ്യങ്ങളും കൈവരിച്ചതായാണ് സൂചനകള്‍ ലഭിക്കുന്നത്.
സാധാരണക്കാരായ കര്‍ഷകരുടെ കണ്ണില്‍പൊടിയിട്ട് ജോസ് കെ.മാണി നടത്തിയ സമരം ബാര്‍ കോഴ എന്ന കേരളം കണ്ട വലിയ കോഴക്കേസില്‍ നിന്നു മാധ്യമങ്ങളുടെ ശ്രദ്ധപൂര്‍ണമായി മാറ്റികഴിഞ്ഞിരിക്കുകയാണ്. റബര്‍ കര്‍ഷകര്‍ക്കു വേണ്ടി എന്ന പേരില്‍ കേരള കോണ്‍ഗ്രസ് നടത്തിയ സമരം ബിജെപി കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങളുമായുള്ള മുന്‍കൂര്‍ ധാരണയുടെ അടിസ്ഥാനത്തിലാണെന്നുമുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. ഇന്നലെ സമരപ്പന്തല്‍ സന്ദര്‍ശിക്കാന്‍ സിനിമാ താരവും, ബിജെപിയുടെ വേദികളിലെ സജീവ സാന്നിധ്യവും, കേരളത്തില്‍ മോദിക്കു സജീവ പിന്‍തുണ നല്‍കുന്ന വ്യക്തിയുമായ സുരേഷ് ഗോപിയുടെ സാന്നിധ്യം വാക്കുകള്‍ക്കു അതീതമായ വ്യാഖ്യാനങ്ങളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസ് കെ.മാണി കഴിഞ്ഞ പതിനെട്ടിനാണ് റബര്‍ കര്‍ഷകര്‍ക്കു വേണ്ടി എന്ന പേരില്‍ കോട്ടയം തിരുവനക്കര മൈതാനത്ത് സമരം ആരംഭിച്ചത്. അഞ്ചാം ദിവസമായ ഇന്നലെയാണ് റബര്‍ ഇറക്കു മതി നിരോധിച്ചുകൊണ്ടുള്ള തീരുമാനം വന്നത്. എല്ലാ വര്‍ഷവും ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് രാജ്യത്തേയ്ക്കു സ്വാഭാവിക റബര്‍ ഇറക്കു മതി ചെയ്യുന്നതിനു നിയന്ത്രണം കൊണ്ടു വരുന്നതാണ്. ഒരു വര്‍ഷത്തേയ്ക്കു ആവശ്യമായ റബര്‍ സംഭരിച്ചു കഴിഞ്ഞ റബര്‍ കമ്പനികള്‍, മോറട്ടോറിയം പ്രഖ്യാപിക്കുന്ന സമയാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദം.
ഇത്തവണ പക്ഷേ, ജോസ് കെ.മാണി എംപിയുടെ സമരത്തിനു പിന്‍തുണ എന്ന രീതിയില്‍ റബര്‍ ഇറക്കു മതി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വൈകുകയാണ് ചെയ്ത്. ഇതു കൂടാതെ രണ്ടു തുറമുഖങ്ങള്‍ വഴി മാത്രം റബര്‍ ഇറക്കുമതി നിലനിര്‍ത്തിയതിലൂടെ കേരള കോണ്‍ഗ്രസിനു വന്‍ മൈലേജാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നേടിക്കൊടുത്തിരിക്കുന്നത്.
ഏതുവിധേനയും കേരളത്തില്‍ ഭരണം പിടിക്കാന്‍ തന്ത്രങ്ങളൊരുക്കുന്ന ആര്‍എസ്എസ് – ബിജെപി നേതൃത്വത്തിന്റെ സന്ദേശവുമായാണ് സുരേഷ് ഗോപി ഇന്നലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചതെന്ന സൂചനയാണ് ലഭിക്കുന്നത്. ഏതെങ്കിലും രീതിയില്‍ മോദിയില്‍ നിന്നു കേരള കോണ്‍ഗ്രസിനു സഹായം ലഭിച്ചെന്നു വാദിച്ചു,. മുന്നണി വിടുന്നതിനു തയ്യാറെടുപ്പു നടത്തുകയാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസും ജോസ് കെ.മാണിയും ലക്ഷ്യമിടുന്നതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിലെ നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നത്.