കോട്ടയം: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ജോസഫ് ജോസ് കെ മാണി വിഭാഗങ്ങള്‍ ശ്രമം തുടങ്ങി. കെ എം മാണിയുടെ വിയോഗത്തോടെ പാര്‍ട്ടിയിലെ ചില പ്രധാന സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ സ്ഥാനങ്ങള്‍ കയ്യടക്കാനുള്ള മത്സരമാണ് അണിയറയില്‍ നടക്കുന്നത്. പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്നീ പദവികള്‍ക്കൊപ്പം പാലായിലെ എംഎല്‍എ സ്ഥാനവും അവകാശിയെ കാത്തിരിക്കുകയാണ്. കഴിഞ്ഞ ഏഴിനു പാര്‍ട്ടി യോഗം ചേരാന്‍ തീരുമാനിച്ചെങ്കിലും അതു മാറ്റി. മാണിയുടെ 41-ാം ദിന പ്രാര്‍ഥന കഴിഞ്ഞു മതി ചര്‍ച്ചകള്‍ എന്നു തീരുമാനിച്ചു.
സംസ്ഥാന കമ്മിറ്റിയാണ് പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കേണ്ടതു പാര്‍ലമെന്ററി പാര്‍ട്ടി യോഗവും. ഉന്നതാധികാര സമിതിയോ സ്റ്റിയറിങ് കമ്മിറ്റിയോ ചേര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടത്. ഈ സമിതികളില്‍ എല്ലാം മാണി വിഭാഗത്തിനു മുന്‍തൂക്കമുണ്ട്. പരമാവധി പേരെ തങ്ങളുടെ ഭാഗത്തു നിര്‍ത്താന്‍ മാണി, ജോസഫ് വിഭാഗങ്ങളിലെ നേതാക്കള്‍ ശ്രമം തുടങ്ങി. ഇതിനിടെ ഒത്തുതീര്‍പ്പു സമവാക്യങ്ങളുമായും ചില നേതാക്കള്‍ രംഗത്തുണ്ട്.
കെ.എം. മാണിയുടെ പിന്‍ഗാമി എന്ന നിലയില്‍ ജോസ് കെ. മാണി പാര്‍ട്ടി ചെയര്‍മാനാകണം എന്നതാണു മാണി വിഭാഗം നേതാക്കളുടെ നിലപാട്. 2011 ല്‍ ലയന സമയത്തു ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനവും മാണി വിഭാഗത്തിന് ആയിരിക്കുമെന്ന് ജോസഫ് വിഭാഗം അംഗീകരിച്ചതാണെന്നും ഇവര്‍ പറയുന്നു. ഇതിന്റെ ഭാഗമായാണ് വര്‍ക്കിങ് ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ സ്ഥാനങ്ങള്‍ ജോസഫ് വിഭാഗത്തിനു നല്‍കിയത്. ഇങ്ങനെയാണെങ്കിലും ഒത്തുതീര്‍പ്പിന്റെ പേരില്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം ജോസഫിനു നല്‍കാന്‍ മാണി വിഭാഗം തയാറായേക്കും.
അതേ സമയം ചെയര്‍മാന്‍ സ്ഥാനവും 54 വര്‍ഷം കെ.എം. മാണി കൈവശം വച്ച പാലാ സീറ്റും വിട്ടുകൊടുക്കില്ല. അടുത്ത ദിവസം ജോസ് കെ. മാണി പി.ജെ. ജോസഫിനെയും സി.എഫ്. തോമസിനെയും നേരില്‍ കണ്ടു ചര്‍ച്ച നടത്തുമെന്നാണ് അറിവ്. എന്നാല്‍ തസ്തിക വിഭജനം സംബന്ധിച്ച് ഇത്തരം ധാരണകള്‍ ഇല്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തു ഒഴിവുകള്‍ നികത്തണമെന്ന് നിര്‍ദേശിക്കും.
മുതിര്‍ന്ന നേതാവും വര്‍ക്കിങ് ചെയര്‍മാനുമായ പി.ജെ. ജോസഫിനെ ചെയര്‍മാന്‍ സ്ഥാനത്തേക്കു പരിഗണിക്കണമെന്ന ആവശ്യവും ഉന്നയിക്കും. ഇതു നടന്നില്ലെങ്കില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസിനെ പാര്‍ട്ടി ചെയര്‍മാനാക്കി പി.ജെ. ജോസഫിനെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറാക്കണമെന്ന് ആവശ്യപ്പെട്ടേക്കാം.