ആഘോഷ പരിപാടികള്‍ മാറ്റിവച്ചതിനെതിരെ മന്ത്രിമാര്‍ രംഗത്ത്; കൂടിയാലോചിച്ചില്ലെന്ന് പരാതി; അതൃപ്തി പ്രകടിപ്പിച്ച് കത്ത് നല്‍കി എ.ക. ബാലന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയും സ്‌കൂള്‍ കലോല്‍സവവും ഒഴിവാക്കിയ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി എ.കെ ബാലന്‍. ഇത്തരമൊരു ഉത്തരവിനോട് മാനസികമായി പൊരുത്തപ്പെടാനാകില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രിതല ചര്‍ച്ച നടത്താതെയാണ് ഇത്തരത്തിലൊരു ഉത്തരവുണ്ടായത്. ഏതോ ഉദ്യോഗസ്ഥന് സംഭവിച്ച നോട്ടപ്പിശകാകുമെന്നും മുഖ്യമന്ത്രിയുടെ വികാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഉത്തരവായി ഇതിനെ കാണാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കലോല്‍സവം ഒഴിവാക്കരുതെന്ന് എസ്എഫ്‌ഐയും ആവശ്യപ്പെട്ടു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ചെലവുകുറച്ച് കലോല്‍സവം നടത്തണമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് തിരുവനന്തപുരത്തു പറഞ്ഞു. അതേസമയം, കലോത്സവം ഒഴിവാക്കിയതു മാനുഷിക പരിഗണന കണക്കിലെടുത്താണെന്നായിരുന്നു മന്ത്രി കെ.ടി.ജലീലിന്റെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാര്‍ നടത്തുന്നതും സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടത്തുന്നതുമായ എല്ലാ ആഘോഷപരിപാടികളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കിക്കൊണ്ടാണ് പൊതുഭരണവകുപ്പ് പിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കിയത്. കലോല്‍സവങ്ങളും യുവജനോല്‍സവങ്ങളും ചലച്ചിത്രമേളയും ടൂറിസംവകുപ്പ് നടത്തുന്ന ആഘോഷങ്ങളും റദ്ദാക്കി. ഈ ആഘോഷങ്ങള്‍ക്ക് നീക്കിവച്ചതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഉത്തരവിന്റെ വിശദാംശങ്ങള്‍ തേടി മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചപ്പോഴാണ് വിദ്യാഭ്യാസ, സാംസ്‌കാരിക, ടൂറിസം മന്ത്രിമാര്‍ ഇക്കാര്യം അറിയുന്നത്. മന്ത്രിസഭ തീരുമാനിക്കാതെയിറക്കിയ ഉത്തരവ് വകുപ്പുകളെ ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു.

അതുപോലെതന്നെ കലോല്‍സവവും ചലച്ചിത്രമേളയും വള്ളംകളിയും ഉപേക്ഷിക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നില്ല. നെഹ്‌റു ട്രോഫി വള്ളംകളി നടത്തണമെന്ന അഭിപ്രായത്തിലായിരുന്നു ബന്ധപ്പെട്ട മന്ത്രിമാര്‍. ഓഖി ദുരന്തത്തിനിടയിലും മുടങ്ങാത്തതിനാല്‍ ഇത്തവണത്തെ ഫിലിംഫെസ്റ്റിവല്‍ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ സാംസ്‌കാരികമന്ത്രി എ.കെ.ബാലന്‍ ഇന്ന് യോഗവും വിളിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിലെ പ്രചാരണം വിശ്വസിക്കരുതെന്നും കലോല്‍സവം മാറ്റിവയ്ക്കില്ലെന്നും വ്യക്തമാക്കി രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പും ഇറക്കി. അതിനു പിന്നാലെയാണ് ആഘോഷങ്ങള്‍ റദ്ദാക്കി പൊതുഭരണവകുപ്പിന്റെ ഉത്തരവിറങ്ങിയത്. അമേരിക്കന്‍ യാത്രയ്ക്കു മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കുറിപ്പുപ്രകാരമായിരുന്നു പൊതുഭരണവകുപ്പിന്റെ ഉത്തരവ്. ഇത്രസുപ്രധാനമായ വിഷയത്തില്‍ മന്ത്രിസഭ തീരുമാനിക്കാതെ ഏകപക്ഷീയമായി ഉത്തരവിറക്കിയതില്‍ ബന്ധപ്പെട്ട വകുപ്പുമന്ത്രിമാര്‍ക്ക് അതൃപ്തിയിലാണ്.

Top