പാലക്കാട്: പ്രളയസമയത്ത് സൈന്യത്തിനൊപ്പം നിന്ന് കേരളത്തെ കൈ പിടിച്ചുയര്‍ത്തിയ കേരളത്തിന്റെ സ്വന്തം സൈന്യം ഇന്ന് പട്ടിണിയില്‍. അവരെ അന്ന് വാഴ്ത്തിയവരൊന്നും ഇന്ന് ഇത് അറിയുന്നുമില്ല. അവര്‍ക്ക് വേണ്ടത് ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നുമില്ല. ദുരിതത്തിലാണ് കേരളത്തിന്റെ സൈന്യം. പാലക്കാടുള്ള മിക്ക മത്സ്യ ബന്ധന ബോട്ടുകളും തകര്‍ന്ന നിലയിലാണ് തിരിച്ചെത്തിയത്. ഇപ്പോഴും ഇവയൊന്നും നന്നാക്കിയിട്ടില്ല. നന്നാക്കാനുള്ള തുക വാഗ്ദാനം ചെയ്‌തെങ്കിലും അതും കിട്ടിയില്ല.
വാളയാര്‍, പോത്തുണ്ടി എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെ വള്ളങ്ങളാണ് വകുപ്പിന്റെ നിര്‍ദേശപ്രകാരം രക്ഷാപ്രവര്‍ത്തനത്തിനെത്തിച്ചത്. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞിട്ടും ഒരാഴ്ചയ്ക്കുശേഷമാണ് വള്ളം തിരികെയെത്തിച്ചതെന്നും പരാതിയുണ്ട്. വാളയാറിലെ നാല് ബോട്ടുകള്‍ തിരികെയെത്തിയതാകട്ടെ മുക്കാലും തകര്‍ന്ന നിലയിലും.
മിക്ക ബോട്ടുകളിലും തുള വീണ അവസ്ഥയിലാണ്. അടി ഭാഗം ഇളകിയതും ഇരിപ്പിടം തകര്‍ന്നും നിരവധി ബോട്ടുകള്‍. ഇത്തരത്തിലുള്ള ബോട്ടുകളുമായി നേരത്തെ മത്സ്യബന്ധനത്തിന് പോയാല്‍ മാത്രമേ രക്ഷയുള്ളൂ എന്നാണ് തൊഴിലാളികള്‍ പറയുന്നത്. വള്ളങ്ങളില്‍ ഇരിക്കാനുള്ള മരപ്പലകകള്‍ പൊട്ടിയതിനാല്‍ മത്സ്യബന്ധനവല കുരുങ്ങും. ഇതൊഴിവാക്കാന്‍ തുണികൊണ്ട് കെട്ടിയാണ് യാത്ര. നിലത്ത് വിള്ളല്‍ വീണ ഭാഗം താത്കാലികമായി ഷീറ്റുറപ്പിച്ചിട്ടുണ്ട്. എങ്കിലും അല്പദൂരം പോയാല്‍ വെള്ളം കയറും. പിന്നെ കോരിക്കളഞ്ഞശേഷമേ പണി തുടരാനാവൂ. പഴയതുപോലെ അധികസമയം ജോലിചെയ്യാനും ഇക്കാരണത്താല്‍ സാധിക്കുന്നില്ല. ഒരു ബോട്ട് നന്നാക്കാന്‍ കുറഞ്ഞത് 30,000 രൂപയെങ്കിലും ചെലവ് വരുമെന്നാണ് കരാറുകാര്‍ പറയുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.
ബില്ലുമാറുന്നതിനുള്ള താമസം നേരിട്ടതിനാലാണ് തുക വിതരണം ചെയ്യാത്തതെന്നും ഇതിനുള്ള പേപ്പറുകള്‍ ശരിയായിട്ടുണ്ടെന്നും ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റിലെ ചില ഉദ്യോഗസ്ഥര്‍തന്നെ പറയുമ്പോള്‍ തുക വിതരണം ചെയ്തുകഴിഞ്ഞെന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചത്.